News - 2024

മദര്‍ മേരി ആഞ്ചലിക്കയ്ക്കു ‘അലബാമ വിമന്‍സ് ഹാള്‍ ഓഫ് ഫെയിം’ ആദരവ്

സ്വന്തം ലേഖകന്‍ 21-02-2020 - Friday

അലബാമ: ലോകത്തെ ആദ്യത്തെ കത്തോലിക്ക ടെലിവിഷന്‍ ശൃംഖലയായ ‘ദി എറ്റേര്‍ണല്‍ വേള്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക്’ (EWTN) സ്ഥാപകയായ മദര്‍ മേരി ആഞ്ചലിക്കയ്ക്കു പ്രശസ്തമായ ‘അലബാമ വിമന്‍സ് ഹാള്‍ ഓഫ് ഫെയിം’ (എ.ഡബ്ലിയു.എച്ച്.എഫ്) ആദരവ്. ഹെലന്‍ ആഡംസ് കെല്ലര്‍, റോസ പാര്‍ക്സ്, റ്റു കില്‍ എ മോക്കിംഗ് ബേര്‍ഡ് രചയിതാവായ ഹാര്‍പര്‍ ലീ തുടങ്ങി തൊണ്ണൂറിലധികം പ്രശസ്തരായ വനിതാരത്നങ്ങള്‍ക്കൊപ്പമാണ് ഇനി മദര്‍ മേരി ആഞ്ചലിക്കയുടെ സ്ഥാനം. വരുന്ന മാര്‍ച്ച് 5ന് ഔര്‍ ലേഡി ഓഫ് ഏഞ്ചല്‍സ് ആശ്രമത്തിന്റെ ആര്‍ക്കിടെക്റ്റായ വാള്‍ട്ടര്‍ ആന്‍ഡേര്‍ട്ടനാണ് മദറിനെ എ.ഡബ്ലിയു.എച്ച്.എഫ് മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തുന്ന ചടങ്ങ് നിര്‍വഹിക്കുന്നത്. ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സഭാംഗമായ സിസ്റ്റര്‍ സിസ്റ്റര്‍ ക്രിസോസ്റ്റോം മൊയ്നാഹാന്‍ മാത്രമാണ് മദര്‍ ആഞ്ചലിക്കക്ക് പുറമേ ഈ മ്യൂസിയത്തില്‍ ഇടംപിടിച്ചിട്ടുള്ള ഏക കന്യാസ്ത്രീ.

1970-ല്‍ അലബാമയിലെ ജൂഡ്സണ്‍ കോളേജ് കാമ്പസ്സില്‍ സ്ഥാപിതമായ അലബാമ വിമന്‍സ് ഹാള്‍ ഓഫ് ഫെയിം മ്യൂസിയം സംസ്ഥാനത്തിനും രാജ്യത്തിനും സുപ്രധാനമായ സംഭാവനകള്‍ നല്‍കിയ സ്ത്രീകളെ ആദരിക്കുവാനുള്ള ഒരു സ്ഥിരം വേദിയാണ്. പോര്‍ട്രെയിറ്റുകള്‍, ഫോട്ടോകള്‍, കത്തുകള്‍, ലോഹഫലകങ്ങള്‍ തുടങ്ങിയവയിലൂടെ സന്ദര്‍ശകര്‍ക്ക് പ്രശസ്ത വനിതകളെ അടുത്തറിയുന്നതിനുള്ള സൗകര്യമാണ് ഈ മ്യൂസിയം നല്‍കുന്നത്. അലബാമ സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജിയായ ജാനി ഷോര്‍സും അന്നേ ദിവസം തന്നെ മദര്‍ ആഞ്ചലിക്കക്കൊപ്പം മ്യൂസിയത്തില്‍ ഇടംപിടിക്കും.

1923-ലാണ് റീത്ത റിസോ എന്ന മദര്‍ മേരി ആഞ്ചലിക്ക ജനിച്ചത്. 1953-ല്‍ പുവര്‍ ക്ലെയേഴ്സ് ഓഫ് പെര്‍പ്പെച്ച്വല്‍ അഡോറേഷന്‍ സഭയില്‍ ചേര്‍ന്ന റീത്ത, സിസ്റ്റര്‍ മേരി ആഞ്ചലിക്ക എന്ന പേര് സ്വീകരിച്ചു. 1962-ല്‍ മറ്റ് സന്യസ്ഥരുടെ സഹായത്തോടെ മദര്‍ ‘ഔര്‍ ലേഡി ഓഫ് ആഞ്ചലസ് മൊണാസ്ട്രി’ സ്ഥാപിച്ചു. 1970-ന്റെ മധ്യത്തില്‍ മദര്‍ തന്റെ ആത്മീയ പ്രഭാഷണങ്ങള്‍ സി.ബി.എസ് മായി ബന്ധപ്പെട്ട ഒരു ടെലിവിഷന്‍ ശൃംഖലയിലൂടെ സംപ്രേഷണം ചെയ്യുവാന്‍ ആരംഭിച്ചിരിന്നു. 1981-ലാണ് മദര്‍ തന്റെ ആശ്രമത്തിന്റെ ഗ്യാരേജില്‍ വെറും 200 ഡോളര്‍ മൂലധനവുമായാണ് ‘എറ്റേര്‍ണല്‍ വേര്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക്’ ആരംഭിക്കുന്നത്. ഇന്ന് 145 രാജ്യങ്ങളിലായി 30 കോടിയിലധികം ഉപഭോക്താക്കളും, 24 മണിക്കൂര്‍ പരിപാടിയും ഉള്ള ലോകത്തെ ഏറ്റവും വലിയ മാധ്യമ ശ്രംഖലയാണ് ഇ‌ഡബ്ല്യു‌ടി‌എന്‍.


Related Articles »