News
ഫ്രാന്‍സിസ് പാപ്പയുടെ പ്രിയപ്പെട്ട ഇടയന് ആദരാഞ്ജലി അര്‍പ്പിച്ച് ലെയോ പാപ്പ
പ്രവാചകശബ്ദം 04-07-2025 - Friday
ബ്യൂണസ് അയേഴ്സ്: ഫ്രാൻസിസ് പാപ്പ ഏറ്റവും അടുപ്പം സൂക്ഷിച്ചിരിന്ന കർദ്ദിനാൾ ലൂയിസ് പാസ്ക്വാലിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് ലെയോ പതിനാലാമന്‍ പാപ്പ. ബ്യൂണസ് അയേഴ്‌സിലെ ആർച്ച് ബിഷപ്പായി സേവനം ചെയ്ത കാലയളവ് മുതല്‍ ഫ്രാന്‍സിസ് പാപ്പ ലൂയിസ് പാസ്ക്വലുമായി സൌഹാര്‍ദ്ദം പുലര്‍ത്തിയിരിന്നു. കർദ്ദിനാൾ പാസ്ക്വാൽ ദ്രിയുടെ വേർപാടിൽ ദുഃഖിക്കുന്ന, അദ്ദേഹം അംഗമായിരുന്ന കപ്പൂച്ചിൻ സമൂഹത്തിനും, കർദ്ദിനാളിന്റെ കുടുംബാംഗങ്ങൾക്കും, അതിരൂപതയിലെ വൈദികർക്കും, സന്ന്യസ്ത സമൂഹങ്ങൾക്കും അതിരൂപതയിലെ വിശ്വാസികൾക്കും ലെയോ പാപ്പ അനുശോചനം അറിയിക്കുന്നതായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു.
മണിക്കൂറുകളോളം ദേവാലയത്തിലെ കുമ്പസാരക്കൂട്ടില്‍ ചെലവഴിക്കുന്നതിന് യാതൊരു മടിയും കാണിക്കാത്ത വ്യക്തി കൂടിയായിരിന്നു അദ്ദേഹം. ബ്യൂണസ് അയേഴ്സ് ആര്‍ച്ച് ബിഷപ്പ് ഹോർഹെ ഇഞ്ഞാസിയോ ഗർസീയയ്ക്കു അയച്ച ടെലെഗ്രാം സന്ദേശത്തിലൂടെയാണ് ലെയോ പാപ്പ അനുശോചനം അറിയിച്ചത്. ഫ്രാൻസിസ് പാപ്പ ഏറെ വിലമതിച്ചിരുന്ന ഒരു വ്യക്തിത്വമായിരുന്നു കർദ്ദിനാൾ ലൂയിസ് പാസ്ക്വാൽ ദ്രിയുടേതെന്ന് അനുസ്മരിച്ച ലെയോ പാപ്പ, ദീർഘനാളുകൾ കുമ്പസാരക്കാരനായും അദ്ധ്യാത്മികപിതാവുമായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹത്തിന് നിത്യശാന്തി ലഭിക്കട്ടെയെന്നും, കർത്താവായ യേശു അദ്ദേഹത്തിന് മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം നല്കട്ടെയെന്നും പ്രാര്‍ത്ഥിച്ചു.
2023 ജൂലൈ 9-ന്, ഫ്രാന്‍സിസ് പാപ്പയാണ് അന്നു 96 വയസ്സുണ്ടായിരിന്ന ലൂയിസ് പാസ്ക്വാലിനെ കർദ്ദിനാളായി നിയമിച്ചത്. ആരോഗ്യ പ്രശ്നങ്ങളും പ്രായത്തിന്റെ ബുദ്ധിമുട്ടുകളെയും തുടര്‍ന്നു സെപ്റ്റംബർ 30-ന് നടന്ന കൺസിസ്റ്ററിയിൽ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിന്നില്ല. ഒക്ടോബർ 11-ന് ബ്യൂണസ് അയേഴ്‌സിലെ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ അർജന്റീനയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് മിറോസ്ലാവ് ആദംസിക്കിൽ നിന്ന് അദ്ദേഹം കർദ്ദിനാള്‍ പദവി സ്വീകരിച്ചു. കുമ്പസാര കൂദാശയ്ക്ക് വേണ്ടി അദ്ദേഹം നടത്തിയ സമര്‍പ്പണത്തെയും ത്യാഗത്തെയും ഫ്രാന്‍സിസ് പാപ്പ വിവിധ വേദികളില്‍ അനുസ്മരിച്ചിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
