Social Media - 2025
പ്രതിസന്ധി ഘട്ടത്തിൽ പ്രവാചകശബ്ദമായി പത്തനംതിട്ട മെത്രാന്‍ മാർ ഐറേനിയസ്
ഫാ. മാത്യു നെരിയാട്ടില്‍ 11-03-2020 - Wednesday
തന്റെ ഭവനത്തിലുള്ളവർക്കു കൃത്യസമയത്ത് ഭക്ഷണം കൊടുക്കുന്ന വിശ്വസ്തനും വിവേകിയുമായ ഭൃത്യന്മാർ അന്യം നിന്ന് പോയിട്ടില്ല എന്നതിന് ഒരു നേർസാക്ഷ്യം കൂടി. ലോകത്തെ നൂറ്റിഇരുപതോളം രാജ്യങ്ങളിൽ കൊടിയ ഭയം വിതച്ചു കൊലവിളി നടത്തുന്ന കോവിട് 19 എന്ന മഹാമാരിക്ക് മുൻപിൽ പകച്ചു നിൽക്കുന്ന കേരള സമൂഹത്തിനു മുൻപിൽ ലോകത്തിനു പ്രകാശമായി മാറേണ്ടവരാണ് നമ്മളെന്ന് തന്റെ അജഗണത്തെ ഉദ്ബോധിപ്പിക്കുന്ന പത്തനംതിട്ട രൂപതാ മെത്രാൻ മാർ ഐറേനിയസ് പിതാവിന്റെ സർക്കുലർ പൊതുസമൂഹത്തിൽ ചർച്ചയാകുന്നു.
കൊറോണ വൈറസ് ഒന്നറിഞ്ഞു വിളയാടിയാൽ തീരുന്നതേ ഉള്ളൂ ക്രിസ്തീയതയും വിശ്വാസപ്രമാണങ്ങളും എന്ന് വ്യർത്ഥആത്മസംതൃപ്തിക്ക് വേണ്ടി സോഷ്യൽ മീഡിയകളിൽ വിഷം വമിക്കുന്ന പോസ്റ്റുകൾ ഇട്ട നാരകീയസന്താനങ്ങളുടെ മുഖത്തേറ്റ അടിയാണ് ഈ ആപത്ഘട്ടത്തിന്റെ പശ്ചാത്തലത്തിൽ മാർ ഐറേനിയസ് പത്തനംതിട്ടയിലെ മലങ്കര മക്കൾക്ക് നൽകിയ അജപാലന നിർദ്ദേശങ്ങൾ. കൊറോണ ബാധയുമായി ബന്ധപ്പെട്ട് ലോകത്തിലെ വിവിധ ഭാഗങ്ങളിൽ അതാതു സ്ഥലത്തെ പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങളെ മാനിച്ചു അവിടങ്ങളിലെ പ്രതിസന്ധിയുടെ ഗൗരവമനുസരിച്ചു കത്തോലിക്കാ മെത്രാൻ സമിതികൾ വ്യക്തമായ മുൻകരുതലുകൾ സ്വീകരിക്കാൻ തങ്ങളുടെ അജഗണങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതനുസരിച്ചു ചിലയിടങ്ങളിൽ വി. കുർബാന അല്പകാലത്തേക്കു പൊതുവായി അഘിഷിക്കേണ്ടതില്ലന്നു തീരുമാനിച്ചിട്ടുണ്ട്. വളരെയേറെ വിമർശിക്കപ്പെട്ടതും അപമാനിക്കപ്പെതുമായ ഒരു നടപടി ആയിരുന്നു ദിവ്യകാരുണ്യസ്വീകരണം കൈകളിൽ മാത്രം മതിയെന്നും തിരുരക്തം കാസയിൽ പൊതുസ്വീകരണത്തിനു നൽകേണ്ടതില്ലെന്നുമുള്ള തീരുമാനം. അതുപോലെ തന്നെ വി. ജലം ദൈവാലയങ്ങളിൽ തത്കാലത്തേക്ക് പൊതുവായ ഉപയോഗത്തിന് സൂക്ഷിക്കേണ്ടതില്ല എന്ന നിർദ്ദേശവും വളരെയേറെ പരിഹസിക്കപ്പെടുകയുണ്ടായി. വ്യത്യസ്തമായ സാഹചര്യങ്ങൾ നിർബന്ധപൂർവം സ്വീകരിക്കേണ്ടി വന്ന ഈ നിർദ്ദേശങ്ങളുടെ ശരിതെറ്റുകളെ കുറിച്ച് ഭിന്നാഭിപ്രായം നിലനിൽക്കുന്നുമുണ്ട്.
ദൈവാലയങ്ങൾ അടച്ചിടാനും പൊതു ആരാധനകളും ശുശ്രൂഷകളും ധ്യാനങ്ങളുമൊക്കെ സർക്കാർ മാർഗരേഖ അനുസരിച്ച് നിർത്തി വയ്ക്കാനുമുള്ള നിർദ്ദേശങ്ങൾ പല ഇടങ്ങളിലും നല്കപ്പെടുമ്പോഴാണ് പത്തനംതിട്ട ഇടയന്റെ വേറിട്ട സന്ദേശം പ്രാധാന്യമർഹിക്കുന്നത്. സെഫാനിയ പ്രവാചകന്റെ പുസ്തകത്തിലെ വചനം ഉദ്ധരിച്ചു തന്റെ ജനത്തെ ശക്തിപ്പെടുത്തികൊണ്ടാണ് പിതാവിന്റെ സർക്കുലർ ആരംഭിക്കുന്നത്. "നിന്‍െറ ദൈവമായ കര്‍ത്താവ്, വിജയം നല്‍കുന്ന യോദ്‌ധാവ്, നിന്‍െറ മധ്യേ ഉണ്ട്."(സെഫാ 3 : 17).
ഇടയസന്ദേശത്തിലെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ് :
1. ലോകം മുഴുവൻ ദൈവാലയങ്ങൾ അടച്ചിടുന്ന പശ്ചാത്തലത്തിൽ രൂപതയിലെ എല്ലാ പള്ളികളും പകൽ സമയം മുഴുവൻ ദിവ്യകാരുണ്യ ആരാധനക്കായി തുറന്നിടുകയും ചെറു സംഘങ്ങളായി ദൈവജനം അതിൽ പങ്കെടുത്തു ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണം. കരുണക്കൊന്ത, ജപമാല, കുരിശിന്റെ വഴി തുടങ്ങിയവ ദൈവകരുണക്കായി നിരന്തരം അർപ്പിക്കപ്പെടണം.
2. മാർച്ച് 13 വെള്ളിയാഴ്ച രൂപതയുടെ പൊതു ഉപവാസദിനമായി പ്രഖ്യാപിക്കുന്നു.
3. മാർച്ച് 13 മുതൽ അരമന ചാപ്പലിൽ 24 മണിക്കൂറും നടക്കുന്ന ദിവ്യകാരുണ്യ ആരാധന ഏപ്രിൽ 9, പെസഹാ വ്യാഴാഴ്ച നടത്തപ്പെടുന്ന ദിവ്യകാരുണ്യപ്രദക്ഷിണത്തോടെ സമാപിക്കും.
4. വി. കുർബാനയുടെ എല്ലാ അനുഷ്ഠാനരീതികളും (വി. കുർബാന സ്വീകരണമുൾപ്പെടെ) നിലവിലുള്ളത് പോലെ തുടരേണ്ടതാണ്.
5. ബഹു. വൈദികർ ഇടവകകളിൽ തന്നെ ഉണ്ടായിരിക്കുകയും ദൈവജനത്തിന് കൃത്യമായ യാമപ്രാർത്ഥനകളിലൂടെയും തപശ്ചര്യയിലൂടെയും ക്രൈസ്തവസാക്ഷ്യം നൽകുകയും അവർക്ക് ആത്മവിശ്വാസം പകരുകയും ചെയ്യണം.
6. രോഗം പകരാതിരിക്കാൻ അതീവ ശ്രദ്ധയും വിവേകവും പുലർത്തണം. വൈറസ് ബാധയെ പറ്റി ജനങ്ങളെ ബോധവത്കരിക്കണം.
ഇപ്രകാരമുള്ള അചഞ്ചലമായ ദൈവവിശ്വാസവും അപരിമേയമായ ദൈവസ്നേഹവും ക്രൈസ്തവോചിതമായ സഹാനുഭൂതിയും നിറഞ്ഞു നിൽക്കുന്ന പതിനൊന്നു നിർദ്ദേശങ്ങളാണ് വന്ദ്യ പിതാവിന്റെ സർക്കുലറിൽ ഉള്ളത്. ദൈവത്തേക്കാളും ദൈവീക നിയമങ്ങളെക്കാളും വളർന്നുവന്നു അഹങ്കരിക്കുന്ന മനുഷ്യന്റെ ശാസ്ത്രവും കഴിവുകളും സംവിധാനങ്ങളും പകച്ചു നിൽക്കുമ്പോൾ ഉത്തമമായ ക്രിസ്തീയ സാക്ഷ്യം നൽകുന്ന അഭിവന്ദ്യനായ മാർ ഐറേനിയസിനെ പോലെയുള്ള ഇടയന്മാർ കത്തോലിക്കാ സഭയുടെ കരുത്തും പ്രകാശവുമാണ്.
"കര്‍ത്താവിന്‍െറ ശുശ്രൂഷകരായ പുരോഹിതന്‍മാര്‍ പൂമുഖത്തിനും ബലിപീഠത്തിനും മധ്യേനിന്നു കരഞ്ഞുകൊണ്ടു പ്രാര്‍ഥിക്കട്ടെ: കര്‍ത്താവേ, അങ്ങയുടെ ജനത്തെ ശിക്‌ഷിക്കരുതേ! ജനതകളുടെ ഇടയില്‍ പഴമൊഴിയും പരിഹാസപാത്രവുമാകാതെ, അങ്ങയുടെ അവകാശത്തെ സംരക്‌ഷിക്കണമേ! എവിടെയാണ് അവരുടെ ദൈവം എന്ന് ജനതകള്‍ ചോദിക്കാന്‍ ഇടവരുന്നതെന്തിന്?" (ജോയേല്‍ 2 : 17).
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക