News - 2025
സിറിയയിലെ ക്രൈസ്തവ സമൂഹങ്ങൾ നേരിടുന്ന പ്രതിസന്ധികളില്‍ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യൻ മെത്രാൻ സമിതി
പ്രവാചകശബ്ദം 20-02-2025 - Thursday
ഡമാസ്ക്കസ്/ സെന്‍റ് ഗാല്ലന്‍: സിറിയയിലെ ക്രൈസ്തവ സമൂഹങ്ങൾ നേരിടുന്ന കടുത്ത ബുദ്ധിമുട്ടുകളിൽ ആശങ്കയറിയിച്ച് യൂറോപ്യൻ മെത്രാൻ സമിതികളുടെ സംയുക്ത സംഘടനയുടെ പ്രസിഡന്റ് ബിഷപ്പ് മരിയാനോ ക്രൊച്ചാത്ത. സിറിയയിലെ ഹോംസ് അതിരൂപതാദ്ധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് യൂലിയാൻ ഷാക്ക് മുറാദ് അയച്ച കത്തിന് മറുപടിയായി ഫെബ്രുവരി 19 ബുധനാഴ്ച പുറത്തുവിട്ട പ്രസ്‌താവനയിലാണ് വിഷയത്തിലുള്ള ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചത്. രാജ്യത്ത് മെച്ചപ്പെട്ട ഭാവി സംജാതമാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളില്‍ പ്രാർത്ഥനയും പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. സിറിയയിലെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഒഴിച്ചുകൂടാനാകാത്ത ഭാഗമായ ക്രൈസ്തവ സമൂഹങ്ങൾ, തങ്ങളുടെ ജന്മനാട്ടിൽ ചരിത്രപരമായ പിന്‍തുടർച്ചയ്‌ക്കെതിരെയുള്ള നിരവധി പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നതെന്ന് ബിഷപ്പ് ക്രൊച്ചാത്ത ചൂണ്ടിക്കാട്ടി.
സിറിയയിലെ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നത്, രാജ്യത്തിന് മാത്രമല്ല, സമീപപ്രദേശങ്ങളിലെയും ലോകത്തിന്റെ തന്നെയും സുസ്ഥിരതയ്ക്ക് ഭീഷണി ഉയർത്തുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യൂറോപ്യൻ യൂണിയനും, അന്താരാഷ്ട്ര സമൂഹവും, സിറിയയിലെ ക്രൈസ്തവ സമൂഹങ്ങളുൾപ്പെടെയുള്ളവർ നേരിടുന്ന പ്രതിസന്ധികൾ തിരിച്ചറിഞ്ഞ്, ദുർബലരായ സ്ത്രീകളുടെയും കുട്ടികളുടെയും, വയോധികരുടെയും, അംഗപരിമിതികൾ ഉള്ളവരുടെയും മതന്യൂനപക്ഷങ്ങളുടെയും സംരക്ഷണവും അഭിവൃദ്ധിയും ഉറപ്പാക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിലവിലുള്ള മാനവിക പ്രതിസന്ധിക്കുള്ള താത്കാലിക പരിഹാരം ലഭ്യമാക്കി മാത്രമല്ല, സമാധാനസ്ഥാപനത്തിനും, പുനരുദ്ധാരണത്തിനുമായുള്ള നീണ്ടുനിൽക്കുന്ന പദ്ധതികൾ ഉൾപ്പെടുത്തിക്കൊണ്ടു വേണം മുന്നോട്ട് പോകാനെന്നും അദ്ദേഹം വിശദീകരിച്ചു.
യൂറോപ്പിലെ മെത്രാന്മാർ എന്ന നിലയിൽ ഏവരോടും, പ്രത്യേകിച്ച് സിറിയയിലെ ക്രൈസ്തവ സമൂഹങ്ങളോടുള്ള തങ്ങളുടെ ഐക്യദാർഢ്യവും ആര്‍ച്ച് ബിഷപ്പ് ക്രൊച്ചാത്ത തന്റെ പ്രസ്താവനയിലൂടെ ഉറപ്പുനൽകി. സിറിയയില്‍ തീവ്ര ഇസ്ലാമിക നേതൃത്വത്തിലുള്ള വിമതര്‍ അധികാരം പിടിച്ചെടുത്തതോടെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ ഭാവിയെ സംബന്ധിച്ച ആശങ്കകള്‍ക്ക് ആക്കംകൂട്ടിയിരിക്കുകയാണ്. ഒരു ദശകത്തിനു മുന്‍പ് ആഭ്യന്തരയുദ്ധം ആരംഭിക്കുമ്പോള്‍ സിറിയന്‍ ക്രൈസ്തവരുടെ എണ്ണം ജനസംഖ്യയുടെ ഏതാണ്ട് 10% ത്തോളം (15 ലക്ഷം) വരുമായിരുന്നു. ഇപ്പോള്‍ അത് ഏതാണ്ട് 3 ലക്ഷമായി ചുരുങ്ങിയിരിക്കുകയാണ്. വിമതപക്ഷം രാജ്യം പിടിമുറുക്കിയതിന് ശേഷം ഭക്ഷണത്തിനും ശുദ്ധജലത്തിനും ഉള്‍പ്പെടെ കടുത്ത ക്ഷാമമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
