News

പ്രതിസന്ധികള്‍ക്ക് ഇടയില്‍ നിലനില്‍പ്പിനായുള്ള പോരാട്ടവുമായി മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍

പ്രവാചകശബ്ദം 02-01-2026 - Friday

ബാഗ്ദാദ്: മധ്യപൂര്‍വ്വേഷ്യയില്‍ ഉടനീളം സമാനതകളില്ലാതെ പ്രതിസന്ധികളും വെല്ലുവിളികളും നേരിടുമ്പോഴും പുതുവര്‍ഷം സമാധാനപൂര്‍ണ്ണമാകുന്ന പ്രതീക്ഷയോടെ ക്രൈസ്തവര്‍. ആഭ്യന്തര കലഹങ്ങള്‍, സാമൂഹിക വിവേചനം, വിദ്വേഷ പ്രസംഗം, ദീർഘകാല സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ മധ്യപൂര്‍വ്വേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ തല ഉയര്‍ത്തുമ്പോള്‍ ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നടന്നുവരുന്ന പുനരുദ്ധാരണം, തീർത്ഥാടന ടൂറിസം, പൊതു ഇടങ്ങളിലെ ക്രിസ്ത്യൻ ആഘോഷങ്ങൾ എന്നിവയ്ക്കുള്ള സർക്കാർ പിന്തുണ വർദ്ധിച്ചത് പ്രതീക്ഷ പകരുകയാണ്.

ലെബനോനിലും സിറിയയിലും സ്ഥിതി ഇപ്പോഴും ദുർബലമാണ്. രാജ്യങ്ങളിലെ ക്രിസ്ത്യൻ സമൂഹം ദീർഘകാല രാഷ്ട്രീയ വിവേചനവും സാമ്പത്തിക തകർച്ചയും മൂലം ഭാരപ്പെടുന്നുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയയിൽ ക്രൈസ്തവര്‍ നേരിടുന്ന അരക്ഷിതാവസ്ഥ, ദേവാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം, ന്യൂനപക്ഷ വിരോധം, അക്രമം എന്നിവ വെല്ലുവിളിയാകുമ്പോള്‍ ചില മേഖലകളിൽ ഭരണകൂടം നടത്തുന്ന ക്രിയാത്മക നടപടികള്‍ ക്രൈസ്തവര്‍ക്ക് പ്രതീക്ഷ പകരുകയാണ്. ലെബനോനില്‍ ലെയോ പാപ്പ നടത്തിയ സന്ദര്‍ശനം ക്രൈസ്തവര്‍ക്ക് പുതിയ ഊര്‍ജ്ജം പ്രദാനം ചെയ്തിരിന്നു.

കൂട്ടപലായനത്തെ തുടര്‍ന്നു ക്രൈസ്തവ ജനസംഖ്യ സമാനതകളില്ലാത്ത വിധത്തില്‍ കുറഞ്ഞ ഇറാഖിലും സ്ഥിതിഗതികൾ ആശങ്കാജനകമാണ്. ഇന്നു ജനസംഖ്യയുടെ ഏകദേശം 1% മാത്രമാണ് ക്രൈസ്തവര്‍. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളും ആഭ്യന്തര യുദ്ധങ്ങളും ഏല്പിച്ച കനത്ത മുറിവുകളില്‍ നിന്നു കരകയറുവാന്‍ ശ്രമിക്കുന്ന ഇറാഖി ക്രൈസ്തവര്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പലായനം ചെയ്യുന്നതാണ് യാഥാര്‍ത്ഥ്യം. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘർഷങ്ങൾ രാജ്യത്തെ ക്രിസ്ത്യൻ സാന്നിധ്യത്തെ തകർക്കുകയായിരിന്നു.

ദേവാലയങ്ങളും ആശ്രമങ്ങളും പുനർനിർമ്മിക്കപ്പെടുന്നുണ്ടെങ്കിലും, ദീർഘകാല നിലനില്‍പ്പ് അനിശ്ചിതത്വത്തിലാക്കുകയാണ്. എങ്കിലും പ്രതീക്ഷയോടെ ജീവിതത്തെ കരുപിടിപ്പിക്കാന്‍ ഇറാഖി ക്രൈസ്തവരില്‍ ഒരു ഭാഗം ശ്രമിക്കുന്നുണ്ടെന്നതും പ്രതീക്ഷ പകരുന്നുണ്ട്. കൊടിയ പീഡനം അരങ്ങേറിയ മധ്യപൂര്‍വ്വേഷ്യയില്‍ ക്രൈസ്തവര്‍ക്ക് ഇടയില്‍ സഹായവുമായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് ഉള്‍പ്പെടെയുള്ള സംഘടനകളും സജീവമാണ്. പുതുവര്‍ഷത്തില്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍




Related Articles »