Faith And Reason
കൊറോണ: നഗര വീഥികളില്‍ ആത്മീയ പ്രതിരോധം തീര്‍ത്ത് യുക്രേനിയൻ വൈദികർ
സ്വന്തം ലേഖകന്‍ 18-03-2020 - Wednesday
കൊറോണ പടരുന്നതിനിടെ നഗര വീഥികളില്‍ ആത്മീയ പ്രതിരോധം തീര്‍ത്തുക്കൊണ്ട് യുക്രേനിയൻ ഓർത്തഡോക്സ് സഭയിലെ വൈദികരുടെ ജൈത്രയാത്ര. ട്ബിലിസിയിലും, സിതോമിറിലുമുളള വൈദികരാണ് ഹന്നാൻ വെള്ളം തളിച്ച് പ്രാര്‍ത്ഥനയുമായി നഗരത്തില്‍ ഇറങ്ങിയിരിക്കുന്നത്. വിശ്വാസികളോട് കൊറോണ ബാധയ്ക്കെതിരെ പ്രത്യേക പ്രാർത്ഥന ചൊല്ലാനും, ദേവാലയങ്ങളില്‍ എല്ലാദിവസവും ഉച്ചയ്ക്ക് മണിമുഴക്കാനും വൈദികർ റോഡും, ദേവാലയത്തിന്റെ പരിസരങ്ങളും വിശുദ്ധ കുർബാനയ്ക്ക് ശേഷം വെഞ്ചിരിക്കാനും കഴിഞ്ഞ ദിവസം ജോർജിയൻ പാത്രിയാർക്കീസ് ആഹ്വാനം ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഹന്നാൻ വെള്ളവുമായി വൈദികർ നഗരത്തിലിറങ്ങിയത്. ജോർജ്ജിയൻ സഭയുടെ പ്രധാന ദേവാലയമായ ഹോളി ട്രിനിറ്റി സമേബ കത്തീഡ്രലിൽ നിന്നും പബ്ലിക് സ്ക്വയറിലേക്കും, പിന്നീട് പല സ്ഥലങ്ങളിലേക്കും വൈദികര്‍ പ്രാര്‍ത്ഥന യാത്ര നടത്തി. ലോകമെമ്പാടും പടരുന്ന വൈറസിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ വൈദികര്‍ ദൈവത്തോട് സഹായം അഭ്യർത്ഥിക്കുകയാണെന്ന് ആർച്ച് പ്രീസ്റ്റായ ഫാ. ഷൽവാ കെകിലിഡ്സേ പറഞ്ഞു. തങ്ങൾ മൂന്ന് ഗ്രൂപ്പുകളായാണ് വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതെന്നും, വിശുദ്ധ ശുദ്ധജലം തളിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷ സര്‍വ്വതിന്റെയും ഉടയവനായ ദൈവത്തിന്റെ കൈകളിലാണ് സമർപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സഭയുടെ പേരിൽ ഫാ. ഷൽവാ കെകിലിഡ്സേ നന്ദി രേഖപ്പെടുത്തി.
നേരത്തെ നിക്കോദീം മെത്രാപ്പോലീത്തായുടെ അനുഗ്രഹത്തോടു കൂടി സിതോമിർ രൂപത വൈദികർ യേശുവിന്റെയും മാതാവിന്റെയും, മറ്റ് വിശുദ്ധരുടെയും ചിത്രങ്ങളുമായി തെരുവീഥികളിലൂടെ ദിനംപ്രതി കടന്ന് പോകുന്നുണ്ടെന്ന് സഭാനേതൃത്വം നേരത്തെ വ്യക്തമാക്കിയിരിന്നു. 1872-ല്‍ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടപ്പോൾ മാതാവിന്റെ ചിത്രവുമായി പ്രദക്ഷിണം നടത്തിയതാണ് നഗരത്തെ രക്ഷിക്കാൻ ഇടയാക്കിയതെന്ന് രൂപത വിശദീകരിച്ചു. കൊറോണ രോഗത്തെ ചെറുക്കാനായി പ്രാർത്ഥനയിലും, ഉപവാസത്തിലും വിശ്വാസികളെല്ലാം ഒരുമിക്കാനും രൂപത ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തിട്ടുണ്ട്.