Faith And Reason - 2024

പള്ളിമണികള്‍ ഒരുമിച്ച് മുഴങ്ങും: ഹോമോണ്‍ഹോണ്‍ ക്രൈസ്തവ വിശ്വാസത്തെ പുല്‍കിയിട്ട് അഞ്ച് നൂറ്റാണ്ട്

സ്വന്തം ലേഖകന്‍ 13-03-2020 - Friday

ഫിലിപ്പീന്‍സിലെ കിഴക്കന്‍ സാമര്‍സ് പ്രവിശ്യയിലെ ഹോമോണ്‍ഹോണ്‍ ദ്വീപിലേക്കുള്ള ക്രൈസ്തവ വിശ്വാസത്തിന്റെ വരവിന്റെ 499-മത് വാര്‍ഷികത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ബോറോങ്ങന്‍ രൂപതയിലെ ദേവാലയ മണികള്‍ ഒരുമിച്ച് മുഴങ്ങും. ഈ വരുന്ന മാര്‍ച്ച് 17ന് രൂപതയിലെ മുഴുവന്‍ പള്ളിമണികള്‍ ഒരുമിച്ച് മുഴക്കുന്നതിന് പുറമേ, വിശുദ്ധ കുര്‍ബാന അടക്കം വിവിധ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ബൊറോങ്ങന്‍ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് ക്രിസ്പിന്‍ വാര്‍ക്യുസാണ് രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അടുത്ത വര്‍ഷം 2021-ലെ ജൂബിലി ആഘോഷങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരിക്കും ഈ ദ്വിദിന പരിപാടികള്‍.

പരിപാടികളുടെ ആദ്യദിനമായ മാര്‍ച്ച് 16ന് ബിഷപ്പിന്റെ നേതൃത്വത്തില്‍ ഗുയിയാന പട്ടണത്തിലെ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ഇടവക ദേവാലയത്തില്‍വെച്ച് സമൂഹബലി അര്‍പ്പിക്കും. അന്നേദിവസം തന്നെ ദ്വീപിലെ ക്രൈസ്തവ വിശ്വാസത്തിന്റെ വരവിനെ കുറിക്കുന്ന പ്രഭാഷണങ്ങളും പ്രദര്‍ശനവും നടത്തുന്നതിനോടൊപ്പം പ്രാദേശിക ആഘോഷങ്ങളുടെ ലോഗോയും തീം സോങ്ങും പുറത്തുവിടുന്നതായിരിക്കും. തൊട്ടടുത്ത ദിവസം ഹോമോണ്‍ഹോണ്‍ ദ്വീപ്‌ നിവാസികള്‍ക്കൊപ്പം ബിഷപ്പ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

1521 മാര്‍ച്ച് 17-25 തീയതികളില്‍ ഹോമോണ്‍ഹോണ്‍ ദ്വീപിന്റെ ചരിത്രത്തില്‍ പരിവര്‍ത്തനം വരുത്തിയ സംഭവങ്ങളെക്കുറിച്ചും ഇന്നത്തെ കത്തോലിക്ക വിശ്വാസത്തില്‍ അവക്കുള്ള പ്രാധാന്യത്തെക്കുറിച്ചുമുള്ള പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കണമെന്ന്‍ രൂപത ഇടവകകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോര്‍ച്ചുഗീസ് നാവികനായ ഫെര്‍ഡിനാന്‍ഡ് മഗെല്ലനും സംഘവും ആര്‍ച്ചിപെലാഗോയില്‍ എത്തിയപ്പോള്‍ ആദ്യമായി കാലു കുത്തിയത് ഹോമോണ്‍ഹോണിലായിരുന്നു. ഇതോടെയാണ് ക്രൈസ്തവ വിശ്വസം ഹോമോണ്‍ഹോണില്‍ വ്യാപിച്ചത്.


Related Articles »