Faith And Reason - 2024
തെരുവിലെങ്ങും ദിവ്യകാരുണ്യ പ്രദക്ഷിണം: കൊറോണക്കെതിരെ സഭയുടെ ആത്മീയ പോരാട്ടം
സ്വന്തം ലേഖകന്‍ 20-03-2020 - Friday
ക്രെമ: കൊറോണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെ പകര്‍ച്ചവ്യാധിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തോലിക്ക വൈദികര്‍ തെരുവുകളിലൂടെ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തുന്നത് പതിവ് കാഴ്ചയായി മാറുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച അടച്ചിട്ട കത്തീഡ്രലിനുള്ളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം ഇറ്റലിയിലെ ക്രെമ രൂപതയിലെ ബിഷപ്പ് ഡാനിയലെ ജിയാനോട്ടി അരുളിക്കയുമായി കത്തീഡ്രലിന് ചുറ്റുമുള്ള ഒഴിഞ്ഞ തെരുവിലൂടെ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തിയത്. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മഹാദുരിതത്തിനിടയിലും കര്‍ത്താവ് കൂടെയുണ്ടെന്ന് വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുവാനും നഗരത്തേയും രൂപതയേയും ആശീര്‍വദിക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
ഇത്തരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം തുടരുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 13ന് അമേരിക്കയിലെ ടെക്സാസിലെ ടൈലര്‍ രൂപത അധ്യക്ഷനായ ബിഷപ്പ് ജോസഫ് സ്ട്രിക്ക്ലാന്‍ഡ് ദിവ്യകാരുണ്യവുമായി ഒന്നര കിലോമീറ്റര്‍ ദൂരത്തോളം പ്രദക്ഷിണം നടത്തിയതും, തന്റെ പുരോഹിതരോട് ഇതനുകരിക്കുവാന്‍ ആവശ്യപ്പെട്ടതും വാര്‍ത്തയായിരുന്നു. ഓസ്ട്രിയയിലും, ജര്‍മ്മനിയിലും സമാനമായ ദിവ്യകാരുണ്യ പ്രദക്ഷിണങ്ങള്‍ നടന്നു. ജര്‍മ്മനിയിലെ ബാവരിയായിലെ ബാഡ് റെയിച്ചെന്‍ പട്ടണത്തിലെ തെരുവില്‍ മലയാളി വൈദികനും പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജെയിംസ് മഞ്ഞക്കലിന്റെ നേതൃത്വത്തിലാണ് ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നത്.
തന്റെ ജന്മദേശത്തെ കൊറോണയില്‍ നിന്നും രക്ഷിക്കുന്നതിനായി ലെബനോന്‍ സ്വദേശിയും ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും ചെയ്ത മാരോണൈറ്റ് പുരോഹിതനായ ഫാ. മജ്ദി അലവി സ്വകാര്യ വിമാനത്തില്‍ ദിവ്യകാരുണ്യ ആശീര്‍വ്വാദം നല്കി നഗരത്തെ അനുഗ്രഹിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സമീപകാലത്ത് ഏറ്റവും കൂടുതല്‍ ദിവ്യകാരുണ്യ പ്രദക്ഷിണങ്ങള്‍ നടന്ന കാലയളവായാണ് ഈ കൊറോണ കാലഘട്ടത്തെ പൊതുവേ വിലയിരുത്തുന്നത്. അതേസമയം മിക്ക ദേശീയ മെത്രാന്‍ സമിതികളും ദിവ്യകാരുണ്യ ഭക്തിയില്‍ ആഴപ്പെടുവാന്‍ രൂപതകള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക