Faith And Reason - 2025

ഒരേസമയം പ്രാര്‍ത്ഥിക്കുവാന്‍ ചിക്കാഗോ അതിരൂപത അഞ്ചുനേരം പള്ളി മണികൾ മുഴക്കും

സ്വന്തം ലേഖകന്‍ 30-03-2020 - Monday

ചിക്കാഗോ: സർക്കാർ ഉത്തരവ് മൂലം ഒറ്റപ്പെട്ട കഴിയുന്ന വിശ്വാസികളിൽ ആത്മീയ ഐക്യം രൂപപ്പെടുത്തിയെടുക്കാനായി അമേരിക്കയിലെ ചിക്കാഗോ അതിരൂപത ഒത്തൊരുമിച്ചുള്ള പ്രാർത്ഥനയ്ക്ക് ആഹ്വാനമെന്നോണം ദേവാലയ മണികൾ ഒരുമിച്ച് മുഴക്കും. ചിക്കാഗോ അതിരൂപതയുടെ ആർച്ച് ബിഷപ്പായ ബ്ലെയ്സ് ജെ. കപ്പിച്ചിന്റെ ആഹ്വാന പ്രകാരമാണ് രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയുള്ള സമയങ്ങളിൽ അഞ്ചുനേരം അതിരൂപതയിലുള്ള ദേവാലയങ്ങളിലെ മണിമുഴക്കുന്നത്. ഈ സമയങ്ങളില്‍ കൊറോണ വൈറസ് രോഗികൾക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നതായിരിക്കും വിശ്വാസികളുടെയും വൈദികരുടെയും നിയോഗം. പ്രാർത്ഥനയിൽ തങ്ങൾ ഒന്നാണെന്ന ബോധ്യം ഒറ്റപ്പെട്ടുകിടക്കുന്ന അവസ്ഥയിൽ ഒന്ന് ചേർന്ന് പ്രാർത്ഥിക്കുന്നതിലൂടെ വിശ്വാസികൾക്ക് ലഭിക്കുമെന്ന് ആർച്ച് ബിഷപ്പ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

കൊറോണ ബാധിതർക്ക് വേണ്ടി പ്രാർത്ഥിക്കാൻ, അതിരൂപതയിലെ മറ്റു സഹോദരങ്ങളെയും തങ്ങൾ ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ദേവാലയങ്ങൾക്ക് പള്ളിമണികൾ ഇല്ലെങ്കിൽ വിശ്വാസികൾ തങ്ങളുടെ ഫോൺ അലാറത്തിന്റെ സഹായത്തോടെ കൃത്യമായ സമയങ്ങളിൽ മറ്റുള്ളവരോടൊപ്പം പ്രാർത്ഥനയിൽ പങ്കു ചേരണം. ഓരോ ദിവസത്തെയും പ്രാർത്ഥനാ നിയോഗങ്ങൾ അതിരൂപതയുടെ വെബ്സൈറ്റില്‍ ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ് തുടങ്ങിയ മൂന്ന് ഭാഷകളിൽ ലഭ്യമാക്കുന്നുണ്ട്. എല്ലാ ദിവസങ്ങളിലും ഓൺലൈനിലൂടെ അർപ്പിക്കുന്ന വിശുദ്ധ കുർബാനയുടെ മധ്യേയാണ് പ്രസ്തുത ദിവസത്തെ പ്രാർത്ഥന നിയോഗങ്ങൾ പ്രഖ്യാപിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »