Arts
ലോക്ക്ഡൗൺ കാലത്ത് അനേകരുടെ ഹൃദയം കവര്‍ന്ന് ബ്രിട്ടീഷ് ഗായകരുടെ സങ്കീർത്തന ആലാപനം
പ്രവാചക ശബ്ദം 31-03-2020 - Tuesday
ലണ്ടന്‍: കൊറോണ കാലത്തെ ഏകാന്ത നാളുകളെ ദൈവ മഹത്വത്തിനായി സമര്‍പ്പിച്ചുകൊണ്ട് ബ്രിട്ടീഷ് ഗായകര്‍ ഒരുക്കിയ സംഗീത വിസ്മയം അനേകരുടെ ഹൃദയം കവരുന്നു. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ മൂലം ഇംഗ്ലീഷ് നഗരമായ ലെസ്റ്ററിലെ വീട്ടിൽ ഒരുമിച്ച് കഴിയുന്ന ജോൺ ഗുൽ, റോക്ക്സാനി ഗുൽ, ഫ്രാൻസിസ്ക ബുർബേല, ക്രിസ് ഹേയിം എന്നീ നാല് സുഹൃത്തുക്കളാണ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്ന ബൈബിളിലെ സങ്കീർത്തന ഭാഗം ഗാനരൂപത്തിലാക്കി പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ ജോൺ ഗുൽ-റോക്ക്സാനി ഗുൽ എന്നിവർ ദമ്പതികളും പ്രൊഫഷണൽ ഗായകരുമാണ്.
ആയിരക്കണക്കിന് ആളുകളിലേക്ക് തങ്ങളുടെ ഗാനം എത്തിപ്പെടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഫേസ്ബുക്ക് സുഹൃത്തുക്കളുടെ ആസ്വാദനത്തിനു വേണ്ടി മാത്രമാണ് സങ്കീർത്തനത്തിലെ നൂറ്റിഅന്‍പത്തിയൊന്നാമത്തെ അധ്യായം ചിട്ടപ്പെടുത്താൻ ആരംഭിച്ചതെന്നും റോക്ക്സാനി ഗുൽ പറഞ്ഞു. ലോക്ക്ഡൗൺ കാലത്ത് എല്ലാ ആഴ്ചയും ഓരോ ഗാനങ്ങൾ ചിട്ടപ്പെടുത്തി പ്രദേശത്തെ ദേവാലയങ്ങൾക്ക് അയച്ചുകൊടുക്കാനാണ് ഇവരുടെ പദ്ധതി. ദേവാലയങ്ങൾ അടഞ്ഞുകിടക്കുന്ന ഈ അവസരത്തിൽ വിശ്വാസികൾക്ക് ചിട്ടപ്പെടുത്തുന്ന ഭക്തിഗാനങ്ങൾ ആശ്വാസം പകരുമെന്നാണ് ഇവരുടെ പ്രതീക്ഷ. കേംബ്രിഡ്ജിലെ കിങ്സ് കോളേജിന്റെ ഗായക സംഘത്തിലെ അംഗമായിരുന്നു ജോൺ ഗുൽ.
ലിങ്കൺ കത്തീഡ്രലിൽ ഗായകനായി ജോലി ചെയ്തിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം തന്റെ ഭാവി ജീവിത സഖിയെ പരിചയപ്പെടുന്നത്. 2009ൽ അവർ ലെസ്റ്ററിലേക്ക് താമസം മാറ്റി. അവിടെ അവർ ചില പ്രാദേശിക ദേവാലയങ്ങളിലും, സ്കൂളുകളിലും മറ്റും പ്രവർത്തിച്ചു. ഇതിനിടയിൽ ചില ആളുകൾക്ക് അവർ സംഗീതത്തിൽ പരിശീലനവും നൽകി. ഇവരോടൊപ്പം താമസിക്കുന്ന ഫ്രാൻസിസ്ക ബുർബേല ബർമിങ്ഹാം യൂണിവേഴ്സിറ്റിയിലെ ഒരു സംഗീത വിദ്യാർത്ഥിനിയാണ്. ഇംഗ്ലീഷ് അധ്യാപകനായ ക്രിസ് ഹേയിമും സങ്കീര്‍ത്തന ഗാന വിസ്മയത്തില്‍ പങ്കാളിയാകുകയായിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക