India - 2024
കൊറോണയുടെ ഭയത്തിനും മുകളിൽ യേശുവിന്റെ ഉയിര്‍പ്പ് നൽകുന്ന പ്രത്യാശ നിറയട്ടെ: കർദ്ദിനാൾ ക്ലീമിസ് ബാവയുടെ ഈസ്റ്റർ സന്ദേശം
12-04-2020 - Sunday
കർത്താവായ യേശുക്രിസ്തുവിൻ്റെ ഉയിർപ്പിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഏവർക്കും നേരുന്നു. ഒരു മരത്തടിക്ക് പൂക്കാലം ഭവി ക്കുന്ന അനുഭവമാണ് യേശു വിൻ്റെ ഉയിർപ്പ്. യേശുവിനെ ഏറ്റവും നിന്ദ്യമായ രീതിയിൽ വധിക്കുന്നതിന് യഹൂദർ ഉപയോഗിച്ച രണ്ട് മരക്കഷണങ്ങൾ ലോക ജനതക്ക് രക്ഷയുടെ അടയാളമായി മാറുന്നുവെന്നുള്ളത് യേശുവിൻ്റെ ഉയിർപ്പ് മനുഷ്യന് എന്ത് മാറ്റമാണ് വരുത്തുന്നത് എന്നതിൻ്റെ സൂചനയാണ്. നിങ്ങൾ കല്ലെറിയുന്നതിന് എന്നിൽ എന്ത് കുറ്റമാണ് കണ്ടത് എന്ന യേശുവിൻ്റെ ചോദ്യം സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യ പുത്രനെ നിങ്ങൾ കുരിശിൽ ഉയർത്തി കഴിയുമ്പോൾ നിങ്ങൾ തിരിച്ചറിയും ഞാൻ ദൈവത്തിൽ നിന്നാണെന്ന്.
ഒരു പൈതലായി യേശു ഈ ലോകത്തിൽ ആരംഭിച്ചതും തുടർന്നതും ഉത്ഥാനം വഴി നിത്യജീവനിലേക്ക് പ്രവേശിച്ചതും വഴിയായി യേശുവിലൂടെ ദൈവിക പദ്ധതി നിറവേറുകയാണ്. യേശു വിൽ സംഭവിക്കുന്ന ഉയിർപ്പ് എല്ലാ മനുഷ്യരിലും സംഭവിക്കും. സംശയരഹിതമായി വി. പൗലോസ് പഠിപ്പിക്കുന്നു. "ക്രിസ്തു മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപെട്ടില്ലങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം , നിങ്ങളുടെ വിശ്വാസവും വ്യർത്ഥം" അപ്പസ്തോലന് അത്രയേറെ വിശ്വാസമാണ് ആ വിഷയത്തെ കുറിച്ച്.
കൊറോണയുടെ ഭയത്തിലും ആകുലതയിലുമാണ് ലോക ജനത മുഴുവൻ. വികസിതമെന്നു വിളിക്കുന്ന രാജ്യങ്ങൾ പോലും വലിയ ഭയത്തിലാണ്. ആരിൽ അഭയം പ്രാപിക്കും. രോഗത്തിൻ്റെ മേലും മരണത്തിൻ്റെ മേലും അധികാരമുള്ള ദൈവത്തിലല്ലാതെ ആരിൽ നാം അഭയപ്പെടും. മനുഷ്യ സ്നേഹമുള്ള ആ ദൈവ െത്ത നാം പരിചയപ്പെടുന്നത് മനുഷ്യൻ്റെ വേദനകളിലൂടെ കടന്നു പോയ യേശുവിലൂടെയാണ്. ഈ വേദനയുടെ നടുവിൽ നാം ഒറ്റക്കല്ല. നമുക്കു വേണ്ടി വേദനിച്ച യേശു കൂടെയുണ്ട്. കൊറോണയുടെ ഭയത്തിനും മുകളിൽ യേശുവിൻ്റെ ഉയിര്‍പ്പ് നൽകുന്ന ജീവൻ്റെ പ്രത്യാശ നിറയട്ടെയെന്നു പ്രാർത്ഥിക്കുന്നു. ഉത്ഥിതനായ യേശു നമ്മുടെ രാജ്യത്തെ അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു. എല്ലാ ജനങ്ങൾക്കും ഹൃദയപൂർവ്വം നല്ല ഒരു ഈസ്റ്റര്‍ ആശംസിക്കുന്നു.