Social Media - 2024
ഉത്ഥിതൻ തന്നെയാണെന്റെ ഹീറോ
ഡോ.ഡെയ്സൻ പാണേങ്ങാടൻ 12-04-2020 - Sunday
യോവൽ നോഹ ഹെരാരിയുടെ 'സാപിയൻസ്' എന്ന പുസ്തകത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്. ആദ്യമായി ചന്ദ്രനിൽ പോകാനൊരുങ്ങുകയാണ്, നീൽ ആംസ്ട്രോംഗ് ഉർപ്പടെയുള്ള അമേരിക്കയിലെ ബഹിരാകാശ യാത്രികർ. മുന്നൊരുക്കമായി അമേരിക്കയുടെ ഉൾപ്രദേശത്തുള്ള ഒരു മരുഭൂമിയിൽ അവർ കുറച്ചു ദിവസങ്ങളിലായി പരിശീലനത്തിലാണ്. ജനസാന്ദ്രത കുറഞ്ഞ ആ ഭൂപ്രദേശത്ത് താമസിക്കുന്നത്, അപരിഷ്കൃത ആദിവാസി സമൂഹങ്ങളാണ്. യന്ത്രങ്ങളുടെ ഇരമ്പൽ തീർത്ത ആശ്ചര്യത്തിൽ, അവരുടെ ബഹിരാകാശ പരിശീലനം കാണാനെത്തിയ ആദിവാസി വിഭാഗത്തിലെ ഒരു വയോധികൻ, ദിവസങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന അവരുടെ പരിശീലനത്തിന്റെ കാര്യമന്വേഷിച്ചു.
അങ്ങു ദൂരെ മാനത്തു കാണുന്ന ചന്ദ്രനിലേക്കു പോകാനുള്ള പരിപാടിയാണെന്ന്, ബഹിരാകാശ യാത്രികർ സ്വാഭാവിക മറുപടി നൽകി. തങ്ങൾ ആരാധനയോടെ നോക്കി കാണുന്ന ചന്ദ്രനിലേയ്ക്കോയെന്ന് ആശ്ചര്യത്തോടെ കേട്ടു നിന്ന ആ വയോധികൻ, കുറച്ചു നേരം ആലോചിച്ചിട്ടു, "ഞങ്ങളുടെ ഗോത്രത്തിന്റെ പരമ്പരാഗത വിശ്വാസ പ്രകാരം, അവിടെ ചന്ദ്രനിൽ താമസിക്കുന്നത് ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയ പൂർവികരായ വിശുദ്ധാത്മാക്കളാണ്. നിങ്ങൾ ചന്ദ്രനിൽ ചെന്ന്, അവരെ കണ്ടുമുട്ടുകയാണെങ്കിൽ, ഞങ്ങളുടെ ഒരു സന്ദേശം കൈമാറാമോ?"യെന്ന് അഭ്യർത്ഥിച്ചത്രേ.
ഛേദമില്ലാത്ത ഒരു കാര്യമല്ലേയെന്നു കരുതി, ആംസ്ട്രോംഗും കൂട്ടരും സമ്മതം മൂളിയെന്നു മാത്രമല്ല, യാത്രികർ വളരെ കഷ്ടപ്പെട്ട്, ഗോത്രഭാഷയിലെ ആ സന്ദേശം പഠിച്ചെടുത്തു. പറയുന്നതിന്റെ അർത്ഥമെന്താണെന്ന്, നിരവധി തവണ ചോദിച്ചിട്ടും, "അതൊരു ഗോത്ര രഹസ്യമാണെന്നും വെളിപ്പെടുത്താൻ പാടില്ല "എന്നുമുള്ള ഒരൊറ്റ മറുപടിയിലൊതുക്കി, ആ വയോധികൻ പിൻമാറി. അതത്ര രസിക്കാതിരുന്ന ബഹിരാകാശ യാത്രികർ, ആ ഗോത്രത്തിലെ തന്നെ മറ്റൊരു ആദിവാസി യുവാവിനെ കണ്ട്, പഠിപ്പിച്ച മന്ത്ര തന്ത്രങ്ങളുടെ അർത്ഥം, തങ്ങളുടെ ഭാഷയിലേയ്ക്കു തർജ്ജമ ചെയ്യാൻ ആവശ്യപ്പെട്ടു.
ആദിവാസി യുവാവിന്റെ പരിഭാഷ കേട്ട്, യാത്രികർ ഞെട്ടി തരിച്ചത്രേ. ആ വാക്കുകളുടെ അർത്ഥമിതായിരുന്നു, "ഇവർ നിങ്ങളെ പറ്റിയ്ക്കാൻ വന്നവരാണ്. ഈ മനുഷ്യർ പറയുന്ന ഒരു വാക്കു പോലും വിശ്വസിക്കരുത്. ഇവർ, നിങ്ങളുടെ പ്രദേശം, നിങ്ങളിൽ നിന്നും തട്ടിയെടുക്കാൻ വന്നവരാണ്.'' ചന്ദ്രനിൽ വരെ കൃഷ്ണേട്ടന്റെ ചായക്കടയുണ്ടെന്ന് അഹങ്കരിക്കുന്ന, നാം മലയാളികൾക്കൊരു കുടിയിറക്കത്തിന്റെ നേർക്കഥ ചാലിച്ചു തരികയാണ്, സാപ്പിയനിലൂടെ ഹെരാരി.
അതിജീവനം, മാനവസമൂഹത്തിനു മുൻപിൽ വലിയൊരു വെല്ലുവിളിയായി അവശേഷിക്കുന്ന ഈ കാലഘട്ടത്തിൽ, സാപ്പിയൻ ഒരു മുന്നറിയിപ്പാണ്.അർഹതപ്പെട്ടവരിൽ നിന്നും, അവരർഹിക്കുന്നവ കൂടി തട്ടിയെടുക്കുന്ന ആർത്തിക്കെതിരെയുള്ള മുന്നറിയിപ്പ്, ആവശ്യം നിർവ്വഹിക്കാനുള്ള മുഴുവൻ വിഭവങ്ങളും ഈ ഭൂമിയിൽ ഉണ്ടെന്നിരിക്കെ, ദുഷ്ടലാക്കോടെ മനുജൻ നടത്തുന്ന ചൂഷണത്തിനെതിരെയുള്ള മുന്നറിയിപ്പ്, വിശപ്പിനു ഭക്ഷണമെന്ന അടിസ്ഥാന ചിന്തയ്ക്കു വിഭിന്നമായി മനുഷ്യനിൽ കുടികൊള്ളുന്ന ഉപഭോഗ സംസ്കാരത്തിനെതിരെയുള്ള മുന്നറിയിപ്പ്.
അങ്ങിനെയെങ്കിൽ മാനവ സംസ്കൃതിയ്ക്ക് മറ്റൊരു തരത്തിലുള്ള മുന്നറിയിപ്പ് തന്നെയാണ്, ക്രിസ്തുവിന്റെ പുനരുത്ഥാനവും. ലോകം ഇന്നേ വരെ കണ്ട ഏറ്റവും വലിയ വിപ്ലവകാരിയും സോഷ്യലിസ്റ്റുമായിരുന്ന യേശുക്രിസ്തുവും തന്റെ പരസ്യ ജിവിതത്തിലൂടെയും പീഢാനുഭവത്തിലൂടെയും ഉത്ഥാനത്തിലൂടെയും നൽകിയത് മാനവകുലത്തിനുള്ള വലിയ കരുതൽ തന്നെയായിരുന്നു. മനുഷ്യ പാപങ്ങൾക്കു വേണ്ടി സ്വയം കുരിശുമരണത്തെ പുൽകി, വരും തലമുറയെ പാപത്തിൽ നിന്നും പാപ സാഹചര്യത്തിൽ നിന്നുമകറ്റാനുള്ള മനഃസാക്ഷിയുടെ കരുതൽ.
തനിയ്ക്കൊപ്പം, മറ്റുള്ളവർ കൂടി ഊട്ടപ്പെടണമെന്ന സാമൂഹ്യ പ്രതിബദ്ധതയുടെ കരുതൽ. ആവശ്യക്കാരനെ, അവന്റെ ആവശ്യങ്ങളിൽ സഹായിക്കുന്ന സഹായകന്റെ കരുതൽ. എല്ലാവരുടേയും സ്വത്വബോധത്തെ അതേ തനിമയോടെ വിലമതിക്കുന്ന, പെസഹാ കാൽകഴുകലിലൂടെ ഈ വസ്തുത നമ്മെയോർമ്മിപ്പിച്ച വിനയത്തിന്റെയും ലാളിത്യത്തിന്റേയും കരുതൽ. സഹജീവികളോടുള്ള സ്നേഹത്തിൽ, അസാമാന്യ കവിതകൾ രചിക്കപ്പെട്ട അസാധാരണവും സർവ്വോൽകൃഷ്ടവുമായ സ്നേഹത്തിന്റെ കരുതൽ.
ആ കരുതലും സ്നേഹവും സഹനവും ലാളിത്യവും അനുസരണവും വിനയവുമൊക്കെ തന്നെയാണ്, അവനെ മറ്റുള്ളവരിൽ നിന്നും വേറിട്ടവനാക്കിയത്.ആ സവിശേഷ ഗുണങ്ങൾ തന്നെയാണ്, ദു:ഖവെള്ളിയിൽ നിന്നും ഉയിർപ്പിലേയ്ക്ക് അവനെ ബലവാനാക്കിയതും പ്രാപ്തനാക്കിയതും. അതു കൊണ്ട് തന്നെ, ഉയിർപ്പെന്നത് തിൻമയുടെ മേൽ മനുജപുത്രൻ നേടിയ നൻമയുടെ വിജയം കൂടിയാണ്. ആ നന്മയിൽ മാനവകുലം വിരാജിയ്ക്കാനുള്ള മുന്നറിയിപ്പും.
അതു കൊണ്ടു തന്നെ സംശയം വേണ്ട; സഹനമില്ലാതെ വിജയമില്ലെന്ന് നമ്മെ പഠിപ്പിച്ച, ഉത്ഥിതൻ തന്നെയാണെന്റെ ഹീറോ.
ഡോ.ഡെയ്സൻ പാണേങ്ങാടൻ, അസി. പ്രഫസർ, ഫിസിക്സ് ഡിപ്പാർട്ടുമെന്റ്, സെന്റ് തോമസ് കോളേജ്, തൃശൂർ.