Social Media - 2024
ഇത്തവണത്തെ വിശുദ്ധവാരം എങ്ങനെ? വത്തിക്കാന്‍ ആരാധന തിരുസംഘം ഡിക്രി പുറപ്പെടുവിച്ചു
പ്രവാചക ശബ്ദം 27-03-2020 - Friday
റോം: ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധമൂലം അടിയന്തിരമായ സാഹചര്യങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്നു വിശുദ്ധവാര ആരാധനക്രമത്തില്‍ മാറ്റം വരുത്തുകയാണെന്ന് വത്തിക്കാന്‍ ആരാധനക്രമ കാര്യങ്ങള്‍ക്കായുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. ഇത് സംബന്ധിച്ച പ്രത്യേക ഡിക്രി തിരുസംഘം പുറത്തുവിട്ടു. കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളിലെ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളോടു പൂര്‍ണ്ണമായും സഹകരിച്ചുകൊണ്ട് എല്ലാ ആഘോഷങ്ങളും ജനരഹിതമായിരിക്കണമെന്നും നിര്‍ദ്ദേശത്തിന്റെ ആമുഖത്തില്‍ വിവരിക്കുന്നു.
ഉചിതമായ സ്ഥലങ്ങളില്‍ ജനങ്ങള്‍ ഇല്ലാതെ മെത്രാന്മാരും വൈദികരും തിരുക്കര്‍മ്മങ്ങള്‍ നടത്തിയാല്‍ മതിയാകും. സഹകാര്‍മ്മികരെ കഴിവതും ഒഴിവാക്കുകയും, സമ്പര്‍ക്കത്തിന് ഇടനല്‍കിയേക്കാവുന്ന സമാധാനാശംസയ്ക്കുള്ള ആഹ്വാനം വിട്ടുകളയേണ്ടതുമാണ്. ക്രിസ്തീയ വിശ്വാസാചരണങ്ങള്‍ പ്രത്യേകിച്ച് ദിവ്യബലിയുടെ ആഘോഷം സാമൂഹികമാണെങ്കിലും അടിയന്തര സാഹചര്യം മാനിച്ച് നാം ദൃശ്യശ്രാവ്യമാധ്യമങ്ങളുടെ സഹായത്തോടെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ ശ്രമിക്കുകയാണ്. മാധ്യമസൗകര്യങ്ങളില്‍ ഇല്ലാത്തവര്‍ക്കും ദേവാലയങ്ങളിലെ തിരുക്കര്‍മ്മങ്ങളുടെ സമയം മനസ്സിലാക്കി, അവയില്‍ ആത്മനാ പങ്കെടുത്ത് ആത്മീയനുഭവവും അനുഗ്രഹങ്ങളും സ്വായത്തമാക്കാന്‍ സാധിക്കും.
ഫ്രാന്‍സിസ് പാപ്പയുടെ അനുദിന ദിവ്യബലിയും, വിശുദ്ധവാര കര്‍മ്മങ്ങളും തത്സമയം മാധ്യമങ്ങളിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. അതുപോലെ പ്രാദേശിക സഭാസ്ഥാപനങ്ങളും മാധ്യമ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. അവയില്‍ തത്സമയം വീടുകളില്‍ ഇരുന്നു പങ്കുചേര്‍ന്ന് ആത്മീയ ഫലപ്രാപ്തി നേടാമെന്ന് അറിയിക്കുന്നു. എന്നാല്‍ റെക്കോര്‍ഡ് ചെയ്ത തിരുക്കര്‍മ്മങ്ങള്‍ കാണുന്നതില്‍ അര്‍ത്ഥമില്ല. ക്രിസ്തീയ വിശ്വാസം ആത്മീയമാണെങ്കിലും തത്സമയവുമുള്ള ബന്ധപ്പെടലാണ്. അതിനാല്‍ റെക്കോര്‍ഡ് ചെയ്ത പ്രദര്‍ശനങ്ങള്‍ക്ക് പ്രസക്തിയും അര്‍ത്ഥവുമില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു.
ഓശാന തിരുനാളിന് ദേവാലയത്തിനു പുറത്തുള്ള പ്രദിക്ഷണം ഇല്ലാതെ കുര്‍ബാന പുസ്തകത്തിലെ ഹ്രസ്വരൂപം ഉപയോഗിച്ചാല്‍ മതിയാകും. ഓരോ രാജ്യത്തെയും അവസ്ഥ മനസ്സിലാക്കിക്കൊണ്ട്, പൗരോഹിത്യ സ്ഥാപനത്തിന്റെ ഓര്‍മ്മയായി രൂപതാദ്ധ്യക്ഷനോട് ചേര്‍ന്ന് അര്‍പ്പിക്കുന്ന വൈദികരുടെ കൂട്ടായ്മയുടെ ദിവ്യബലിയും തൈലാഭിഷേക കര്‍മ്മവും സൗകര്യമുള്ള മറ്റൊരു അവസരത്തിലേയ്ക്ക് ആവശ്യമെങ്കില്‍ മാറ്റിവയ്ക്കാവുന്നതാണ്. കാലുകഴുകല്‍ ഏറെ പ്രതീകാന്മകമായ ശുശ്രൂഷയാണെങ്കിലും, നിര്‍ബന്ധമില്ലാത്ത കര്‍മ്മമാകയാല്‍ ഈ അടിയന്തിര സാഹചര്യത്തില്‍ ഒഴിവാക്കേണ്ടതാണ്. അതുപോലെ ദിവ്യബലിയുടെ അന്ത്യത്തിലുള്ള ദിവ്യകാരുണ്യപ്രദക്ഷിണവും ആരാധനയും ഒഴിവാക്കേണ്ടതാണ്.
ദുഖവെള്ളിയാഴ്ചത്തെ പീഡാനുഭവശുശ്രൂഷയിലെ വിശ്വാസികളുടെ പ്രാര്‍ത്ഥനയില്‍ കൊറോണ രോഗികള്‍ക്കും, ഈ രോഗംമൂലം ക്ലേശങ്ങള്‍ അനുഭവിക്കുന്ന സമൂഹങ്ങള്‍ക്കുംവേണ്ടിയുള്ള പ്രത്യേകം നിയോഗം ചേര്‍ക്കേണ്ടതാണ്. കുരിശുചുംബനം കാര്‍മ്മികന്‍ മാത്രം നടത്തിയാല്‍ മതിയാകും. കുരിശിന്റെ വഴി, പീഡാനുഭവ പ്രദക്ഷിണം, പാരമ്പര്യമായുള്ള നഗരികാണിക്കല്‍ എന്നിവ ഒഴിവാക്കേണ്ടതാണ്. ജ്ഞാനസ്‌നാനവ്രത നവീകരണത്തോടെ ഭദ്രാസന ദേവാലയത്തില്‍ മാത്രം നടത്തിയാല്‍ മതി. ഇടവകകളില്‍ നടത്തേണ്ടതില്ല.
പെസഹാത്രിദിനങ്ങളിലെ പാരമ്പര്യാനുഷ്ഠാനങ്ങള്‍ നിര്‍ബന്ധമുള്ളിടങ്ങളില്‍ രൂപതാദ്ധ്യക്ഷന്റെ അനുമതിയോടെ സെപ്തംബര്‍ 14 കുരിശിന്റെ മഹത്വീകരണത്തിന്റെയും സെപ്തംബര്‍ 15 വ്യാകുലമാതാവിന്റെയും തിരുനാളുകളില്‍ സൗകര്യപ്പെടുമെങ്കില്‍ നടത്താവുന്നതാണ്. ഈസ്റ്റര്‍ ദിനം ഒരിക്കലും മാറ്റിവയ്ക്കാവുന്നതല്ലെന്ന് അറിയിക്കുന്നു. കാരണം വിഭൂതിയില്‍ ചാരം പൂശിക്കൊണ്ട് തപസ്സുകാലം നാം ആരംഭിച്ചത് ജീവിതത്തിന്റെ നിസ്സാരതയെയും മരണത്തെയും കുറിച്ച് അനുസ്മരിപ്പിച്ചുകൊണ്ടാണ്. ഈ തപസ്സുകാലം ഏറെ വേദനയോടെയും ഭീതിയോടെയും അനിശ്ചിതത്വത്തോടെയുമാണ് കടന്നുപോകുന്നത്.
ദൈവം നമ്മുടെ രക്ഷകനും നമ്മെ മോചിപ്പിക്കുന്നവനുമാണ്. മരണത്തിന്റെമേലുള്ള വിജയത്തിന്റെ മഹോത്സവമാണ് ഈസ്റ്റര്‍. അത് നിത്യതയിലേയ്ക്കുള്ള നമ്മുടെ പ്രവേശനത്തിന്റെ അനുസ്മരണവുമാണ്. അതിനാല്‍ ജനരഹിതമാണെങ്കിലും ആ ദിവസത്തില്‍ മാറ്റമില്ലാതെ, അന്നാളില്‍തന്നെ ആചരിക്കേണ്ടതാണ്. ആശ്രമങ്ങളും, സെമിനാരികളും, സന്ന്യാസസമൂഹങ്ങളും ഈ കല്പനകള്‍ പാലിക്കേണ്ടതാണെന്നും ഡിക്രിയില്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ വ്യക്തമാക്കി. യേശുവിന്‍റെ മംഗലവാര്‍ത്ത തിരുനാള്‍ ദിനമായ മാര്‍ച്ച് 25നാണ് വത്തിക്കാന്‍ ഡിക്രി പുറപ്പെടുവിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക