Youth Zone - 2024

ലോക യുവജന കുടുംബ സംഗമങ്ങള്‍ മാറ്റിവെക്കുന്നതായി വത്തിക്കാന്‍

സ്വന്തം ലേഖകന്‍ 21-04-2020 - Tuesday

വത്തിക്കാന്‍ സിറ്റി: അടുത്ത വര്‍ഷം ജൂണില്‍ റോമില്‍ വെച്ച് നടക്കുവാനിരുന്ന ലോക കുടുംബ സംഗമവും, 2022-ല്‍ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ വെച്ച് നടക്കുവാനിരുന്ന ലോക യുവജന സംഗമവും മാറ്റിവെക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ തീരുമാനിച്ചതായി വത്തിക്കാന്‍. ലോക കുടുംബ സംഗമം 2022 ജൂണിലേക്കും ലോക യുവജന ദിനം 2023 ഓഗസ്റ്റിലേക്കുമാണ് മാറ്റിയിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയും, ലെയ്റ്റി ഫാമിലി ആന്‍ഡ്‌ ലൈഫ് ഡിക്കാസ്റ്ററിയും സംയുക്തമായാണ് ഈ തീരുമാനമെടുത്തിരിക്കുന്നതെന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടറായ മാറ്റിയോ ബ്രൂണി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

നിലവിലെ പ്രത്യേക ആരോഗ്യ സാഹചര്യങ്ങളും അവയുടെ അനന്തര ഫലങ്ങളും കുടുംബങ്ങളേയും, യുവജന സമൂഹത്തേയും ബാധിക്കുമെന്നതാണ് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഈ രണ്ട് ആഗോള കൂട്ടായ്മകളും മാറ്റിവെക്കുവാന്‍ പാപ്പ തീരുമാനിച്ചതിന്റെ പിന്നിലെ കാരണമായി പ്രസ് ഓഫീസ് ചൂണ്ടിക്കാട്ടുന്നത്. 1985-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ സ്ഥാപിച്ച ലോക യുവജന സംഗമം മൂന്നു വര്‍ഷം കൂടുമ്പോഴാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം പനാമയില്‍ നടന്ന ലോക യുവജന സംഗമത്തില്‍ ഏതാണ്ട് ഏഴു ലക്ഷത്തോളം യുവതീ-യുവാക്കള്‍ പങ്കെടുത്തതായാണ് കണക്കാക്കപ്പെടുന്നത്. “മറിയം എഴുന്നേറ്റ് തിടുക്കത്തില്‍ പോയി” എന്നതാണ് 2023-ല്‍ നടക്കുവാനിരിക്കുന്ന ലോക യുവജന സംഗമത്തിന്റെ മുഖ്യ പ്രമേയം.

1994-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ തന്നെയാണ് ലോക കുടുംബ സംഗമവും ആരംഭിച്ചത്. 2018-ല്‍ അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ വെച്ചായിരുന്നു അവസാന ലോക കുടുംബ സംഗമം നടന്നത്. “കുടുംബം സ്നേഹം : വിശുദ്ധിയിലേക്കുള്ള മാര്‍ഗ്ഗവും ദൈവവിളിയും” എന്നതാണ് 2022-ല്‍ നടക്കുവാനിരിക്കുന്ന ലോക കുടുംബ സംഗമത്തിന്റെ മുഖ്യ പ്രമേയം. ലോക യുവജന ദിനം മാറ്റിവെക്കുവാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ തീരുമാനത്തെ പോര്‍ച്ചുഗലിലെ മെത്രാന്‍ സമിതി സ്വാഗതം ചെയ്തിട്ടുണ്ട്.


Related Articles »