Faith And Reason - 2024

വിശുദ്ധ വാരത്തില്‍ യേശുവിന്റെ മുള്‍മുടിയില്‍ അത്ഭുതകരമായ നിറം മാറ്റം

സ്വന്തം ലേഖകന്‍ 22-04-2020 - Wednesday

ആന്‍ഡ്രിയ: ഇറ്റലിയിലെ ആന്‍ഡ്രിയ കത്തീഡ്രലില്‍ തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന പീഡാസഹന യാത്രയില്‍ യേശുവിന്റെ തലയില്‍ ധരിപ്പിച്ചിരുന്ന മുള്‍മുടിയിലെ മുള്ളിന്റെ നിറം മാറുന്നതായി റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ വിശുദ്ധ വാരം മുതലാണ് യേശുവിന്റെ തലയില്‍ അണിയിച്ച മുള്‍മുടിയില്‍ നിന്നെടുത്തതെന്ന് കാലകാലങ്ങളായി വിശ്വസിക്കുന്ന മുള്ളിന്റെ നിറം മാറി തുടങ്ങിയത്. യേശുവിന്റെ പീഡാസഹനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട തിരുശേഷിപ്പുകളില്‍ ഒന്നാണിത്. വിശുദ്ധ വാരത്തിന്റെ ആദ്യ ദിവസങ്ങള്‍ മുതല്‍ വിശുദ്ധ മുള്ളിലെ നിറം മാറ്റം തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് ആന്‍ഡ്രിയ അതിരൂപതയിലെ ബിഷപ്പ് ലൂയിജി മാന്‍സി പറഞ്ഞു.

മുന്‍കാലങ്ങളില്‍ രക്തതുള്ളികളുടെ മുള്ളിലെ പാടുകളുടെ നിറം വര്‍ദ്ധിക്കാറുണ്ടെന്നും, വെള്ളികലര്‍ന്ന വെളുപ്പ് നിറം മില്ലിമീറ്ററുകളോളം വ്യാപിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണ മൂലം ദേവാലയങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാലും, കത്തീഡ്രല്‍ ശൂന്യമായതിനാലും ബിഷപ്പ് ലൂയിജി മാന്‍സി ഈ തിരുശേഷിപ്പ് എപ്പിസ്കോപ്പേറ്റിന്റെ കീഴിലുള്ള സ്വകാര്യ ചാപ്പലിലേക്ക് മാറ്റിയിട്ടുണ്ട്. തിരുശേഷിപ്പിലെ നിറം മാറ്റം നിരീക്ഷിക്കുന്നതിനായി മെഡിക്കല്‍ സയന്റിഫിക് കമ്മീഷന്‍ അംഗങ്ങളും, വിദഗ്ദരുമായ ഡോ. അന്റോണിയോ റീസ്സോയേയും, ഡോ. സില്‍വാന കാംപാനിലെയേയും ബിഷപ്പ് വിളിച്ചുവരുത്തി.

മതിയായ നിരീക്ഷണ പരീക്ഷണങ്ങള്‍ക്ക് ശേഷം അത്ഭുതം സംബന്ധിച്ച അഞ്ചു റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി ശേഖരിച്ചിട്ടുണ്ട്. 2005ലും 2016ലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന്‍ ബിഷപ്പ് മാന്‍സി ചൂണ്ടിക്കാട്ടി. ലോകമെങ്ങുമുള്ള ജനങ്ങളുടെ വേദനകളിലൂടെ തന്റെ പീഡാസഹനം തുടരുന്നുണ്ടെന്ന് ഈ നിറംമാറ്റത്തിലൂടെ യേശു നമ്മോടു പറയുവാന്‍ ആഗ്രഹിക്കുന്നെണ്ടെന്നു ബിഷപ്പ് പ്രസ്താവിച്ചു. കൊറോണ പകര്‍ച്ചവ്യാധി ലോകമെങ്ങും പിടിമുറുക്കിയ കാലയളവില്‍ തന്നെയാണ് വിശുദ്ധ തിരുശേഷിപ്പിനുണ്ടായ നിറംമാറ്റം എന്നത് ഏറെ ശ്രദ്ധേയമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »