Youth Zone

ഭൂമിയിലെ മാലാഖമാര്‍ക്ക് ആദരവുമായി 'ആരാധികേ' വേര്‍ഷന്‍ 2.0: പിന്നില്‍ യുവവൈദികര്‍

സ്വന്തം ലേഖകന്‍ 24-04-2020 - Friday

കോവിഡ് മഹാമാരിക്കിടെ രാവും പകലും ശുശ്രൂഷ ചെയ്യുന്ന ആതുരശുശ്രൂഷകര്‍ക്ക് ആദരവുമായി വൈദികര്‍ ഒരുക്കിയ 'ആരാധികേ' ചലച്ചിത്ര ഗാനത്തിന്റെ പുതിയ വേര്‍ഷന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ റവ. ഫാ. ജിനോ അരീക്കാട്ടിലിന്റെ പ്രചോദനത്തില്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ സംഗീതജ്ഞന്‍ ഫാ. വില്‍സണ്‍ മേച്ചേരില്‍ എം‌സി‌ബി‌എസിന്റെ കോര്‍ഡിനേഷനില്‍ പുറത്തിറങ്ങിയ മനോഹര ദൃശ്യശില്പത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന ആതുര ശുശ്രൂഷകരാണ് ഗാനത്തിലെ വരികള്‍ ആലപിച്ചിരിക്കുന്നത്.

പിയാത്ത (യേശുവിനെ മടിയിൽ കിടത്തുന്ന അമ്മയുടെ ചിത്രം) രോഗീപരിചരണത്തിന്റെ ബിബ്ലിക്കൽ വേർഷനായി കണ്ടാണ് മാനവ ചരിത്രത്തിൽ കാരുണ്യത്തിന്റെയും പരിചരണത്തിന്റെയും മാലാഖമാരായ നഴ്സുമാർക്കൊപ്പം ഈ ഗാനം ആലപിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നു ഫാ. വിൽ‌സൺ പറയുന്നു. കോവിഡ് ഭീകരത ഉടലെടുത്ത ആദ്യനാളുകളില്‍ ചൈനയിലെ ജനങ്ങള്‍ക്ക് വലിയ താങ്ങായി നിന്ന ചൈനീസ് മിഷ്ണറി വൈദികന്‍ ഫാ. ജിജോ കണ്ടംകുളത്തിലും ദേവമാതാ കോളേജ് റിസര്‍ച്ച് ഗൈഡ് ഡോ. സിസ്റ്റര്‍. ആന്‍പോള്‍ എസ്‌എച്ച്, മരണത്തിനെ മുഖാമുഖം കണ്ടു കൊണ്ടിരിക്കുന്ന നിരവധി ഡോക്ടേഴ്‌സും നഴ്‌സുമാരും ഈ ഗാനത്തില്‍ പാടി.

സിനിമയുടെ പശ്ചാത്തലം പൂര്‍ണ്ണമായും മാറ്റി പരിശുദ്ധ അമ്മയുടെ സഹനത്തെ മുന്‍നിര്‍ത്തി ആധ്യാത്മികതയുടെ പശ്ചാത്തലമാണ് ഈ ഗാനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുപോലൊരു ദുരന്ത സമയത്ത് പ്രതീക്ഷയ്ക്ക് വകയേകുന്ന ഒരാശയം മുന്നോട്ട് വെച്ചപ്പോള്‍ സംവിധായകന്‍ ജോണ്‍ പോള്‍ അതിനെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നുവെന്ന് ഫാ. ജിനോ അരീക്കാട്ട് പറഞ്ഞു. ഓരോ വരികളിലും എന്തൊക്കെ സീന്‍ ഉള്‍പ്പെടുത്തണം അതെങ്ങനെയായിരിക്കണമെന്ന് തീരുമാനിച്ചത് ഫാ. വില്‍സണായിരിന്നു. ഗാനം പാടുന്നതിനിടെ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചുവെങ്കിലും ഗാന ദൃശ്യ വിസ്മയം ഇവര്‍ പൂര്‍ത്തിയാക്കി. "#SingWithANurse" എന്ന ഹാഷ് ടാഗോടെയാണ് 'ആരാധികേ'യുടെ പുതിയ വേര്‍ഷന്‍ പുറത്തിറങ്ങിയിരിക്കുന്നത്.


Related Articles »