Faith And Reason - 2024

കൊറോണ അമേരിക്കന്‍ ജനതയുടെ ദൈവ വിശ്വാസം വര്‍ദ്ധിപ്പിച്ചു: സര്‍വ്വേ ഫലങ്ങള്‍ പുറത്ത്

സ്വന്തം ലേഖകന്‍ 02-05-2020 - Saturday

വാഷിംഗ്ടണ്‍ ഡി‌.സി: ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുമായി പോരാടുന്നതിനിടയില്‍ അമേരിക്കക്കാരുടെ ദൈവം വിശ്വാസം വര്‍ദ്ധിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി സര്‍വ്വേ ഫലങ്ങള്‍ പുറത്ത്. അമേരിക്കന്‍ ജനതയിലെ നാലില്‍ ഒരു ഭാഗം കൊറോണ പകര്‍ച്ചവ്യാധി കാലത്ത് തങ്ങളുടെ ദൈവവിശ്വാസം വര്‍ദ്ധിച്ചുവെന്ന് സമ്മതിച്ചതായാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 30ന് പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട സര്‍വ്വേഫലത്തില്‍ പറയുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 27% കത്തോലിക്കരും തങ്ങളുടെ ദൈവവിശ്വാസം വര്‍ദ്ധിച്ചിട്ടുണ്ടെന്ന്‍ സമ്മതിച്ചു. വിശ്വാസത്തില്‍ കുറവുണ്ടായെന്ന് പറഞ്ഞവര്‍ രണ്ട് ശതമാനം മാത്രമാണ്.

63% പേരുടെ ദൈവവിശ്വാസത്തില്‍ യാതൊരു വ്യത്യാസവും സംഭവിച്ചിട്ടില്ലെന്ന്‍ സര്‍വ്വേ ഫലം പറയുന്നു. തങ്ങള്‍ യാതൊരു മതത്തിലും വിശ്വസിക്കാത്തതിനാല്‍ ഈ ചോദ്യത്തിന്റെ ആവശ്യമില്ലെന്ന് പ്രതികരിച്ചവര്‍ ഏഴു ശതമാനം മാത്രമാണ്. ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കിടയിലാണ് ദൈവവിശ്വാസത്തില്‍ കൂടുതല്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത് (41%). തൊട്ടു പിന്നില്‍ ഹിസ്പാനിക്ക്സും (40%), അതിനു താഴെ വെളുത്ത വര്‍ഗ്ഗക്കാരുമാണ് (20%). പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്കിടയിലാണ് ദൈവ വിശ്വാസത്തില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നതെന്നും സര്‍വ്വേയില്‍ നിന്നും വ്യക്തമായി.

ഏപ്രില്‍ 28നു പുറത്തുവന്ന ഫോര്‍ദാം സര്‍വ്വകലാശാല നടത്തിയ സര്‍വ്വേ ഫലത്തിലും സമാനമായ ഫലങ്ങളാണ് ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായി ദേവാലയത്തില്‍ പോകുന്നവരില്‍ 68%വും തങ്ങളുടെ ദൈവ വിശ്വാസം കൊറോണക്കാലത്ത് സഹായിച്ചിട്ടുണ്ടെന്ന് സമ്മതിച്ചുവെന്നാണ് സര്‍വ്വേഫലത്തില്‍ പറയുന്നത്. പ്യൂ റിസര്‍ച്ച് സെന്റര്‍ 10,000 പേരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഓണ്‍ലൈന്‍ സര്‍വ്വേ നടത്തിയപ്പോള്‍, 1003 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ടെലിഫോണ്‍ സര്‍വ്വേയാണ് ഫോര്‍ദാം യൂണിവേഴ്സിറ്റി നടത്തിയത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »