വിയെന്നായിലെ മെത്രാപ്പോലീത്തയായിരുന്നു വിശുദ്ധ മാമ്മെര്‍ട്ടൂസ്. തന്റെ ദൈവീകതയും, അറിവും, അത്ഭുതപ്രവര്‍ത്തികളും വഴി തന്റെ സഭയില്‍ വളരെയേറെ കീര്‍ത്തികേട്ട ഒരു സഭാധ്യക്ഷനായിരുന്നു വിശുദ്ധന്‍ മാമ്മെര്‍ട്ടൂസ്. താന്‍ അദ്ധ്യക്ഷനായ രൂപതയില്‍ ഉപവാസങ്ങളും, യാചനാ പ്രാര്‍ത്ഥനകളും ആചരിക്കുന്ന പതിവ് വിശുദ്ധന്‍ നിലവില്‍ വരുത്തി. പ്രത്യേകിച്ച് പ്രകൃതിദുരന്തങ്ങളുടേയും, യുദ്ധം, മഹാമാരി തുടങ്ങിയ ദൈവീകകോപത്തിന്റേതായ അവസരങ്ങളില്‍ പ്രാര്‍ത്ഥനാന്തരീക്ഷം സൃഷ്ട്ടിക്കാന്‍ വിശുദ്ധന് സാധിച്ചു.
ഒരിക്കല്‍ വിയെന്നെ നഗരത്തില്‍ വളരെ ഭയാനകരമായൊരു അഗ്നിബാധയുണ്ടായി. നഗരവാസികള്‍ ആകെ അമ്പരപ്പിലാവുകയും അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ അത് തടസ്സപ്പെടുകയും ചെയ്തു. പക്ഷെ വിശുദ്ധ മാമ്മെര്‍ട്ടൂസിന്റെ പ്രാര്‍ത്ഥനയാല്‍ പെട്ടെന്ന്‍ തന്നെ ആ അഗ്നിബാധ അത്ഭുതകരമായി കെട്ടടങ്ങി. ഈ അത്ഭുതം ജനങ്ങളുടെ മനസ്സിനെ ഭയങ്കരമായി സ്വാധീനിച്ചു. പരിശുദ്ധനായ ഈ സഭാദ്ധ്യക്ഷന്‍ ഈ അവസരം ഉപയോഗപ്പെടുത്തികൊണ്ട് ഭക്തിപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ ആവശ്യകതയെക്കുറിച്ചും, ആത്മാര്‍ത്ഥമായ മനസ്താപത്തെക്കുറിച്ചും, ജീവിതത്തില്‍ സമൂലമായ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളെ ബോധവാന്‍മാരാക്കി.
ഒരു ഈസ്റ്റര്‍ രാത്രിയില്‍ വീണ്ടും ഒരു ഭയാനകമായ അഗ്നിബാധയുണ്ടായി, നഗരം മുന്‍പെങ്ങുമില്ലാത്ത വിധം ഭീകരമായ അവസ്ഥയിലായി. പതിവുപോലെ പരിശുദ്ധനായ ആ പിതാവ് തന്റെ ദൈവത്തില്‍ അഭയംപ്രാപിച്ചു. തീജ്വാലകള്‍ ശമിക്കുന്നത് വരെ ആ പിതാവ് കണ്ണുനീരോട് കൂടി അള്‍ത്താരക്ക് മുന്‍പില്‍ നിന്ന്‍ കൊണ്ട് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. വിശുദ്ധന്റെ പിന്‍ഗാമിയായ വിശുദ്ധ അവിറ്റൂസ്, ആ ഭയാനകമായ ആ തീജ്വാലകളുടെ കെട്ടടങ്ങലിനെ 'അത്ഭുതകര'മെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. വിനാശകരമായ ഈ രണ്ടാമത്തെ അഗ്നിബാധക്ക് ശേഷം വിശുദ്ധ മാമ്മെര്‍ട്ടൂസ് മെത്രാപ്പോലീത്ത വര്‍ഷംതോറും മൂന്ന്‍ ദിവസത്തെ ഉപവാസങ്ങളും, യാചനപ്രാര്‍ത്ഥനകളുമടങ്ങിയ ഭക്തിപൂര്‍വ്വമായ ഒരാചാരരീതി തന്റെ രൂപതയില്‍ കൊണ്ട് വന്നു.
എല്ലാ വിശ്വാസികളും ആത്മാര്‍ത്ഥമായ പശ്ചാത്താപത്തോടുകൂടിയും, കണ്ണുനീരും, പ്രാര്‍ത്ഥനയും, ഉപവാസവുമായി തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞുകൊണ്ട് ദൈവകോപത്തെ ശമിപ്പിക്കുന്നതിനായി ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന്‍ നിര്‍ബന്ധമായിരിന്നു. വിശുദ്ധന്‍ നിലവില്‍ വരുത്തിയ ഈ വിശ്വാസാചരണ രീതിയെ വിശുദ്ധ സിഡോണിയൂസ് മെത്രാനായിരുന്ന ഓവര്‍ഗനേയിലെ സഭയും മാതൃകയാക്കി. വളരെ കുറഞ്ഞ കാലം കൊണ്ട് ഇത് ലോകം മുഴുവനും ആചരിക്കുന്ന ഒരു ഭക്തിപരമായ ആചാരമായി മാറി. സങ്കീര്‍ത്തനങ്ങള്‍ ചൊല്ലേണ്ട രീതിയില്‍ ക്രമീകരിച്ചതും, മൂന്ന്‍ യാചനാപ്രാര്‍ത്ഥനാ ദിനങ്ങളുടെ ആചാരക്രമവും നിലവില്‍ വരുത്തിയതും വിശുദ്ധ മാമ്മെര്‍ട്ടൂസാണെന്ന് വിശുദ്ധ അവിറ്റൂസിന്റെ പ്രസംഗത്തില്‍ നിന്നും വ്യക്തമാണ്.
474-ല്‍ സഹോദരനായ മാമ്മെര്‍ട്ടൂസ് ക്ലോഡിയന്റെ മരണത്തിനും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 477ലാണ് വിശുദ്ധ മാമ്മെര്‍ട്ടൂസ് ഇഹലോകവാസം വെടിയുന്നത്. നമ്മുടെ കഷ്ടതകളുടെ സമയങ്ങളില്‍ ആത്മാര്‍ത്ഥമായ പശ്ചാത്താപവും, അനുതാപവും, കാരുണ്യപ്രവര്‍ത്തികളും നമ്മുടെ പ്രാര്‍ത്ഥനകളെ അകമ്പടി സേവിക്കേണ്ടതായിട്ടുള്ളതാണെന്ന് വിശുദ്ധ മാമ്മെര്‍ട്ടൂസ് നമ്മെ പഠിപ്പിക്കുന്നു.
ഇതര വിശുദ്ധര്‍
1, റോമായിലെ ഫാബിയൂസ്, മാക്സിമൂസു
2. സ്പെയിനിലെ അനസ്റ്റാസിയൂസ്
3. അനസ്റ്റാസിയൂസും കൂട്ടരും
4. റോമായിലെ അന്തിമൂസു
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക