Faith And Reason
“സഹനമനുഭവിക്കുന്നവരുടെ നടുവില്‍ ദൈവമുണ്ട്”: കൊറോണയെ അതിജീവിച്ച മെക്സിക്കന്‍ വൈദികന്റെ സാക്ഷ്യം
പ്രവാചക ശബ്ദം 22-05-2020 - Friday
മെക്സിക്കോ സിറ്റി: കൊറോണ ബാധിച്ച് മരണത്തിന്റെ വക്കോളമെത്തിയ ശേഷം ജീവിതത്തിലേക്ക് തിരികെ വന്ന മെക്സിക്കന്‍ കത്തോലിക്ക വൈദികന്റെ അനുഭവസാക്ഷ്യം ചര്‍ച്ചയാകുന്നു. മെക്സിക്കോയിലെ ട്ലെയ്ന്‍പാന്റ്ലാ അതിരൂപതയാണ് കൊറോണ ബാധിതനായി പിന്നീട് സൌഖ്യം പ്രാപിച്ച ഫാ. പെരെസ് ഹെര്‍ണാണ്ടസ് എന്ന വൈദികന്റെ അനുഭവ വീഡിയോ പുറത്തുവിട്ടത്. സഹനത്തിന്റെ നടുവിലും ദൈവം നമ്മോടൊപ്പമുണ്ടെന്നു അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. രോഗിയായിരുന്നിട്ടു പോലും ആശുപത്രിയില്‍ എത്തിയതു മുതല്‍ മറ്റ് രോഗികള്‍ക്ക് വേണ്ടിയുള്ള തന്റെ പൗരോഹിത്യപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ ഫാ. ഹെര്‍ണാണ്ടസ് മുടക്കമൊന്നും വരുത്തിയിരുന്നില്ല.
ആശുപത്രിയില്‍ കഴിയവേ ഒരു സമയത്ത് ദൈവത്തിന്റെ സാന്നിധ്യത്തിലേക്ക് താന്‍ വിളിക്കപ്പെട്ടതായി തനിക്ക് തോന്നി. തനിക്കൊപ്പം മുറി പങ്കിട്ട രോഗികളില്‍ പലരും മരണപ്പെട്ടു. മറ്റ് രോഗികളെ സേവിക്കുവാനുള്ള ശക്തി തരണമെന്ന് അപേക്ഷിച്ച തനിക്ക് ദൈവം പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതുപോലെ അനുഭവപ്പെട്ടെന്നും അതൊരു മനോഹരമായ അനുഭവമായിരുന്നുവെന്നും ഫാ. ഹെര്‍ണാണ്ടസ് പറയുന്നു. രോഗികളായ നാലുപേര്‍ തന്റെ കണ്‍മുന്നില്‍ മരിക്കുന്നത് കാണേണ്ടിവന്നുവെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, താന്‍ അന്ത്യകൂദാശ നല്‍കിയ ശേഷം അവര്‍ക്ക് സമാധാനവും, ആശ്വാസവും ലഭിച്ചകാര്യവും സൂചിപ്പിച്ചിട്ടുണ്ട്.
താന്‍ കഴിഞ്ഞ ആശുപത്രി മുറി ഒരു യുദ്ധഭൂമിയായിരുന്നു. നിരവധി പേര്‍ വീണുപോയി, നിരവധി പേര്‍ ഒരുപാട് സഹനമനുഭവിച്ചു. ആശുപത്രിയില്‍ കഴിയവേ കുടുംബവുമായി തങ്ങള്‍ക്ക് യാതൊരു സമ്പര്‍ക്കവും ഉണ്ടായിരുന്നില്ലെന്ന്‍ പറഞ്ഞ അദ്ദേഹം മരിച്ചവര്‍ തങ്ങളുടെ കുടുംബത്തെ കാണാതെയാണ് മരണപ്പെട്ടതെന്ന കാര്യവും സ്മരിച്ചു. അതിനാല്‍ സ്വന്തം കുടുംബത്തെ ഇക്കാലത്ത് വിലമതിക്കണമെന്ന ഉപദേശവുമായിട്ടാണ് ഫാ. ഹെര്‍ണാണ്ടസിന്റെ വീഡിയോ അവസാനിക്കുന്നത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക