Social Media

സാമൂഹ്യ മാധ്യമങ്ങളില്‍ പടരുന്ന 'വൈക്കോൽ മനുഷ്യ വാദ'വും അപകടങ്ങളും

ഡോ. ഡെയ്സൻ പാണേങ്ങാടൻ 26-01-2023 - Thursday

ഫേസ്ബുക്കും വാട്ട്സ് ആപ്പും ഇൻസ്റ്റഗ്രാമും ട്വിറ്ററും ടെലഗ്രാമും ഉൾപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങൾ സജീവമായതോടെ, വാളെടുത്തവനൊക്കെ വെളിച്ചപ്പാടെന്ന ചൊല്ലിനെ അന്വർത്ഥമാക്കും വിധം എഴുത്തുകാരാൽ സമ്പുഷ്ടമാണ്, സൈബർ ലോകം. നൻമയുള്ളയും ക്രിയാത്മകവുമായ കാര്യങ്ങൾ, വിരളമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും സൈബറിടങ്ങളിൽ പലപ്പോഴും പ്രാമുഖ്യം ലഭിക്കപ്പെടുന്നത് വൈരനിരാതന ബുദ്ധിയോടെയുള്ള രാഷ്ട്രീയവും വംശീയപരവുമായ ഇടപെടലുകൾക്കാണ്. ഇതിന്റെ ചുവടുപിടിച്ച്, രാഷ്ട്രീയപരമായും മതപരവും സാമുദായികപരമായും സാമൂഹ്യപരമായും ഉള്ള ധ്രുവീകരണം, വ്യക്തമായ ആസൂത്രണത്തോടെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. തെറ്റിനെയും ശരിയെയും അവനവന്റെ യുക്തിയ്ക്കനുസരിച്ച് മാത്രം വ്യാഖ്യാനിക്കുന്ന - അത് മറ്റുള്ളവരിലേയ്ക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിയ്ക്കുന്ന ഒരു തരം ആപേക്ഷികതാ സ്വേച്ഛാധിപത്യം(Dectatorship of Relativism) ചിലരെയെങ്കിലും ത്രസിച്ചിരിക്കുന്നുവെന്ന് പറയുന്നതാണ് കൂടുതൽ ശരി.

ഇതോട് ചേർന്ന്, നിയതമായ ചട്ടക്കൂടുകൾ പിന്തുടരുന്ന മത സ്ഥാപനങ്ങളേയും സന്യാസത്തേയും പൊതുയിടങ്ങളിൽ താറടിക്കുന്ന ഒരു പ്രവണത, ചെറു ന്യുനപക്ഷം സൈബറിടങ്ങളിൽ പ്രകടിപ്പിക്കുന്നുണ്ട്. മതനിരാസമോ മതങ്ങളുടെ ചട്ടക്കൂടുകൾ അവരവരിൽ തീർക്കുന്ന വീർപ്പുമുട്ടലുകളോ പൊതു-സാമൂഹ്യ യിടങ്ങളിൽ ഒരു ചെറിയ വിഭാഗത്തെയെങ്കിലും അസ്വസ്ഥരാക്കുന്നുമുണ്ട്. വ്യവസ്ഥാപിതമായ അത്തരം സംവിധാനങ്ങൾ നേരിട്ടു ചെയ്യുകയും നേതൃത്വം കൊടുക്കുകയും ചെയ്യുന്ന പുണ്യ പ്രവർത്തികളെപ്പോലും സാകൂതം വിമർശന വിധേയമാക്കി, നിർവൃതിയടയുന്ന അക്കൂട്ടരെ സത്യം ബോധ്യപ്പെടുത്തുകയെന്നത് ഭഗീരഥപ്രയത്നവും ഒപ്പം അസാധ്യവുമാണ്.

മനുഷ്യനിലും അതുമൂലം സമൂഹത്തിലും നിലനിൽക്കുന്ന നന്മയേക്കാളുപരി കുറവുകളിൽ ശ്രദ്ധ വെയ്ക്കാൻ സാധ്യതയുള്ള അവരെ ദുർവ്വിധിയുടെ പ്രവാചകന്മാരെന്നല്ലാതെ മറ്റെന്തു പേരിട്ടു വിളിയ്ക്കും? സമൂഹം തീർക്കുന്ന ശരികളെയും നന്മകളെയും അഭിനന്ദിക്കുന്നതിന് പകരം, ചെറിയ തെറ്റുകൾ പോലും പർവതീകരിക്കുന്നതിൽ അവർ മാനസികമായി കുടുങ്ങി കിടക്കുന്നു. ഒരു വ്യക്തിയോ പ്രസ്ഥാനമോ, ലാഭേച്ഛതെല്ലും കണക്കാക്കാതെ, തന്റെ സ്വന്തം കാലുകളിൽ ആത്മാർത്ഥതയോടെ നിന്ന്, നൻമയുടെ ശ്രമങ്ങൾ നടത്തുമ്പോൾ, അത്തരത്തിലുള്ള ആളുകളേയും പ്രസ്ഥാനത്തേയും പ്രോൽസാഹിപ്പിക്കുന്നതിനേക്കാളും കൂടുതലായി, അവയിലെ തെറ്റുകുറ്റങ്ങൾ കണ്ടെത്തി, പ്രായോഗികതയേക്കാൾ പുകമറ സൃഷ്ടിക്കപ്പെടുന്ന നയ്യാമിക കാര്യങ്ങളെ ബലപ്പെടുത്തി, ചെയ്തതു മൊത്തം തെറ്റാണെന്നു വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ നടത്തി, അവരുടെ ന്യായീകരണങ്ങളെ പരിരക്ഷിക്കുന്നതിൽ അവർ താത്പര്യം കാണിക്കുന്നു.

ഇത്തരത്തിലുള്ള വാദങ്ങളെയും വാദമുഖങ്ങളെയും പൊതുവിൽ വിളിയ്ക്കുക; "വൈക്കോൽ മനുഷ്യൻ വാദം" (Straw Man Arguement) എന്നാണ്. ഒരാളെയോ പ്രസ്ഥാനത്തേയോ ശത്രുപക്ഷത്തു നിർത്തി, ആക്രമണ സ്വഭാവത്തിലുള്ള ശ്രമങ്ങളിലൂടെയും നിരന്തര വിമർശനങ്ങളിലൂടെയും, സമാനമനസ്കരുടെ കൂട്ടുപിടിച്ച് അവരുടെ വാദങ്ങളാണ് ശരിയെന്നും, എതിരാളിയുടേത് ഭോഷത്തമെന്നും സ്ഥാപിച്ചെടുക്കാൻ അവർ ശ്രമിച്ചു കൊണ്ടേയിരിക്കും.

അവരുടെ ലക്ഷ്യം, യഥാർത്ഥത്തിൽ ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങൾ, മറുവാദത്തിലൂടെ എതിർത്ത് തങ്ങൾ ശരിയുടെ പക്ഷമാണെന്ന് ആവർത്തിച്ചാവർത്തിച്ച്, ശരിയെ തെറ്റാക്കിയും തെറ്റിനെ ന്യായീകരിച്ചും ആളുകളുടെ ഉപബോധമനസ്സിലേയ്ക്ക് തള്ളിവിടുകയാണ്. അങ്ങിനെ, "ശത്രു" വാദങ്ങളുടെ വിമർശനാത്മക ചിന്തയ്‌ക്കോ അവയുടെ ഗ്രാഹ്യത്തിനോ അതീതമാണെങ്കിൽ, അത്തരം യുക്തിപരമായ തെറ്റിദ്ധാരണകൾ ഉപയോഗിച്ച്, ആളുകളിൽ ആശയ കുഴപ്പമുണ്ടാക്കാൻ അവർക്ക് കഴിവുണ്ട്.

എത്ര ശ്രമിച്ചാലും, പലപ്പോഴുമതിനെ പ്രതിരോധിക്കാനായെന്നു വരില്ല. ഇതിനെ വൈക്കോൽ മനുഷ്യന്റെ വാദം (Strawman Argument) അല്ലെങ്കിൽ Fallacy എന്ന് നിർവ്വചിയ്ക്കാം. വെടക്കാക്കി തനിക്കാക്കുക എന്നു പറയുന്നതുപോലെ തന്റെ വാദമുഖത്തെ ബലപ്പെടുത്താൻ, എതിരാളിയെ ഏതുവിധേനെയും തേജോവധം ചെയ്യാൻ അവർക്കു മടിയുണ്ടാകില്ല. മാത്രവുമല്ല; തങ്ങളുടെ വാദമുഖത്തേക്കാൾ അവർക്കു താൽപ്പര്യം എതിരാളിയെ പൊതു സമൂഹത്തിൽ ഇകഴ്ത്തുകയെന്നതാണ്. സമൂഹത്തിലേയും സഭയിലേയും നല്ല സംരംഭങ്ങളെ വരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ തുരങ്കം വെയ്ക്കുന്ന ഇക്കൂട്ടർ, ആത്മീയ നേതൃത്വത്തേയും സഭയുടെ ചട്ടക്കൂടിനെയും എതിർക്കുകയും കാള പെറ്റെന്നു കേൾക്കുമ്പോഴേയ്ക്കും കയറെടുക്കുന്ന പഴം ചൊല്ലിനെ പ്രവൃത്തിയിലൂടെ അന്വർത്ഥമാക്കുകയും ചെയ്യും.

ഇതോടൊപ്പം തന്നെ, എതിരാളിയെന്ന് അവർ സങ്കൽപ്പിക്കുന്ന ആളുകളും പ്രസ്ഥാനങ്ങളും, അവരുന്നയിക്കുന്ന വാദത്തെയും അവർ ചെയ്യുന്ന നൻമകളേയും, അവർ ഉദ്ദേശിച്ചിട്ടില്ലാത്ത വിധം മറ്റൊരു തരത്തിൽ സങ്കീർണ്ണമാക്കി പെരുപ്പിച്ചു കാണിക്കുകയും എതിരാളി, മനസ്സിൽ പോലും ചിന്തിച്ചിട്ടില്ലാത്തതും ഉന്നയിച്ചിട്ടില്ലാത്തതുമായ വാദങ്ങളെയും വാദമുഖങ്ങളേയും സങ്കുചിത ചിന്താഗതിയോടെ പ്രതിരോധിച്ചു സംസാരിക്കുകയും വഴി, എതിരാളി അങ്ങനെ ഒരു വാദം ഉന്നയിച്ചു എന്ന ധാരണ, സാമൂഹ്യ മാധ്യമങ്ങളിലൂടെ വേറെ ചില സമാനമനസ്ക്കരുടെ കൂട്ടുപിടിച്ചു ആസൂത്രണമികവോടെ മറ്റുള്ള കാഴ്ചക്കാരിൽ ജനിപ്പിക്കുക.

ഇത്തരത്തിൽ യുക്തിസഹജമെന്ന് തോന്നിപ്പിക്കും വിധം ബലപ്പെടുത്തുന്ന അത്തരം വാദങ്ങളെ എതിർക്കാൻ നമുക്ക് സാധിക്കുകയില്ലെന്ന് മാത്രമല്ല; വാദപ്രതിവാദങ്ങൾക്കു മുമ്പ് നമ്മൾ തന്നെ ഉന്നയിച്ച വാദത്തെ എതിർക്കുന്നു എന്ന തോന്നൽ, യാദൃശ്ചികമായി ഉണ്ടാക്കിയെടുക്കുന്നതിൽ അവർ സ്വാഭാവികമായും വിജയിക്കുകയും ചെയ്യും. ചുരുങ്ങിയ പക്ഷം, നമ്മളെക്കൊണ്ട് ന്യായീകരിപ്പിച്ച്, നമ്മെ പ്രതിരോധത്തിന്റെ മുൾമുനയിൽ നിർത്തുകയും ചെയ്യും.

ആത്മീയ നേതൃത്വവും മതനേതാക്കളും കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന അവരുടെ പ്രസ്ഥാനങ്ങളും വ്യക്തിപരമായി ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവരും, ഇന്ന് അഭിമുഖീകരിക്കുന്ന ഒരു സൈബർ സങ്കീർണ്ണതയായി ഈ വൈക്കോൽ മനുഷ്യരും അവരുടെ വാദങ്ങളും മാറിക്കഴിഞ്ഞു. അസ്ഥാനത്തു പോലും, മറ്റൊരു സാഹചര്യത്തിൽ പറഞ്ഞ കാര്യങ്ങളെ അവരുടെ വാദമുഖങ്ങളെ ബലപ്പെടുത്താൻ ഉപയോഗിക്കുന്ന അവരെ ത്രസിച്ചിരിക്കുന്ന അവർക്കു വേണ്ടത്, തൊലിപ്പുറത്തെ ചികിൽസയല്ല; മറിച്ച് മാനസിക രോഗത്തിനുളള ചികിൽസ തന്നെയാണ്.

അതു കൊണ്ട്, സൈബറിടങ്ങളിലെ വൈക്കോൽ മനുഷ്യരെയറിയുകയും അനുഗുണമായ രീതിയിൽ പ്രതികരിക്കുകയും ചെയ്തില്ലെങ്കിൽ,പൊതു സമൂഹത്തിൽ നമ്മെ ഇളിഭ്യരാക്കുന്നതിൽ അവർ വിജയികളാകുമെന്നതാണ് യാഥാർത്ഥ്യം.പാത്രമറിഞ്ഞു വിളമ്പുകയും ശരിയെന്നു തോന്നുന്ന കാര്യങ്ങളിൽ, ഉറച്ച നിലപാടുകളെടുക്കുകയുമാണ് ഇക്കാര്യത്തിലെ ഏക പ്രതിവിധി. ഇവരെപ്പേടിച്ച്, മാളങ്ങളിലൊളിച്ചാൽ നൻമയുടെ വാഹകരാകാൻ സമൂഹത്തിൽ ആളുണ്ടാവില്ലെന്ന യാഥാർത്ഥ്യം, മനസ്സിലാക്കി, വർദ്ധിത വീര്യത്തോടെ പ്രവർത്തിക്കാനുള്ള സാധ്യതയാണ് അവർ തേടേണ്ടത്.

സൈബറിടങ്ങളിലെ സമാനമനസ്കരല്ലാതെ പൊതു യിടങ്ങളിൽ അവരെയാരും വിലവെയ്ക്കുന്നില്ലെന്ന യാഥാർത്ഥവും നാമറിഞ്ഞിരിക്കുന്നത് നല്ലതാണ്. വിപരീത ( നെഗറ്റീവ്) ഊർജ്ജത്തിന്റെ സംവാഹകരായ അവർക്ക് കാലം മാപ്പു കൊടുക്കട്ടെ. എല്ലാ മാനസിക രോഗികളെയും കൗൺസലിംഗിനു വിധേയമാക്കിയും ചികിൽസിച്ചും ഭേദമാക്കാനാകാത്തതുകൊണ്ട്, അവർക്കു കിട്ടുന്ന മാനസിക സംതൃപ്തിയിൽ സർവേശ്വരനു നന്ദി പറയാം. അവർ കല്ലെറിയുന്നതു തുടരട്ടെ, അവരുടെ കല്ലുകളിൽ നിന്നും കാലവും ദൈവവും നമ്മെ സംരക്ഷിച്ചു കൊള്ളും.

ഡോ. ഡെയ്സൻ പാണേങ്ങാടൻ, അസി. പ്രഫസർ, സെന്റ് തോമസ് കോളേജ്, തൃശ്ശൂർ ‍

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

#repost

More Archives >>

Page 1 of 17