Social Media - 2024

കുപ്പത്തൊട്ടികൾ വമിപ്പിക്കുന്ന വിഴുപ്പ് മണക്കാതെ അന്തസും ആഭിജാത്യവും ഉള്ള സമർപ്പിതർ വസിക്കുന്ന മഠങ്ങളിൽ കയറി വരിക: സിസ്റ്റര്‍ നവ്യ ജോസ് എഴുതുന്നു

സിസ്റ്റര്‍ നവ്യ ജോസ് സി‌എം‌സി 14-05-2020 - Thursday

പ്രിയ ദിവ്യ നിനക്ക് ആദരാഞ്ജലികൾ..! നിന്നെ ചൊല്ലി കലഹിച്ചു അതിന്റെ പുകമറയിൽ കത്തോലിക്കാ സന്യാസത്തെയും വൈദീക ജീവിതത്തെയും താറടിക്കാൻ കുത്സിത കക്ഷികൾ കല്പിത കഥകൾ മെനയുമ്പോൾ ശബ്‌ദിക്കാതിരിക്കാൻ കഴിയുന്നില്ല. ദിവ്യയുടെ മരണം വ്യക്തിപരമായി എന്നെ ഒരുപാട് വേദനിപ്പിച്ചു, അതിലേറെ ചിന്തിപ്പിച്ചു. കാരണം കഴിഞ്ഞ ഏഴു വർഷങ്ങളായി നിരവധി സന്യാസ അർത്ഥിനികൾക്കു ഫോർമേഷൻ നൽകി കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാൻ. ഇതിനോടകം നൂറിൽ അധികം അർത്ഥിനികൾ ഈ പരിശീലന വഴിയിൽ കടന്നു പോയി. സന്യാസ ജീവിതം ആവശ്യപ്പെടുന്ന ജീവിത ശൈലിയോട് പൊരുത്തപ്പെടാൻ കഴിയാത്തവർ വീടുകളിലേക്ക് തിരിച്ചു പോകുന്നതും സാധിക്കുന്നവർ തങ്ങളുടെ ലക്ഷ്യത്തിൽ ഉറച്ചു മുന്നേറുന്നതും ഞങ്ങൾക്ക് സുപരിചിതമാണ്.

കാരണം ചിന്തിക്കാനും തീരുമാനം എടുക്കാനും ഉള്ള സ്വാതന്ത്ര്യത്തിന് ഓരോ പരിശീലന ഘട്ടത്തിലും കൂടുതൽ ഊന്നൽ കൊടുത്താണ് ഇവരെ മുമ്പോട്ടു നയിക്കുന്നത്. പൂർണമായ അറിവോടെയും സ്വതന്ത്രമായ തീരുമാനത്തോടെയും വ്രതം ചെയ്യാൻ ഇവരെ ഒരുക്കുന്ന ഞങ്ങൾക്കും അനുയോജ്യരല്ല എന്ന് തോന്നുന്ന വ്യക്തികളെ ചിലപ്പോൾ തിരികെ വിടേണ്ടതായും വരാറുണ്ട്. ഒരമ്മ തന്റെ പെൺകുട്ടികൾക്ക് കൊടുക്കുന്ന സുരക്ഷിതത്വത്തിന്റെ കൂടു നൽകാൻ ഞങ്ങൾക്ക് ഇന്ന് വരെ കഴിയുന്നു എന്നത് അവരുടെ മാതാപിതാക്കൾ കണ്ടറിയുന്ന സത്യമാണ്. ക്രിസ്തുവിനെ പ്രതി ലോകത്തിന്റെ മോഹങ്ങളെ ഉച്ചിഷ്ടം പോലെ കണ്ട് ക്രിസ്തുവിൽ കണ്ണും നട്ട് മറ്റൊരു ക്രിസ്തു സാന്നിധ്യം ആയി മാറാൻ ദിനരാത്രങ്ങൾ തപസ്സു ചെയ്യുന്ന സന്യാസ അർത്ഥിനികളുടെയും അവരുടെ മാതാപിതാക്കളുടെയും ഉദ്ദേശശുദ്ധിക്കും ജീവിത നൈർമല്യത്തിനും ഇപ്പോൾ സാക്ഷ്യം വഹിക്കുന്ന എനിക്ക്, മാധ്യമങ്ങൾ കെട്ടിച്ചമച്ചു വിടുന്ന അശ്ലീലങ്ങൾ അതിന്റ സഭ്യതയുടെ അതിരു ഭേദിക്കുന്നു എന്ന് പറയാതിരിക്കാൻ വയ്യ.

ആധുനികതയുടെ കുത്തൊഴുക്കിൽ നിമിഷ സുഖങ്ങൾക്കു പിന്നാലെ പായുന്ന ന്യൂജൻ തലമുറയിൽ വേറിട്ടു ചിന്തിക്കാൻ കഴിഞ്ഞ ഇവർ ജീവിതത്തെ കുറിച്ച് വ്യക്തമായ ധാരണയും കാഴ്ചപ്പാടും ഉള്ളവരാണ്. സന്യാസ ജീവിതം എന്ന വീരോചിതമായ തീരുമാനം എടുത്തു തങ്ങളുടെ തന്നെ ജീവിതം കൊണ്ട് അതിനെ സാധൂകരിക്കുന്ന പതിനായിരക്കണക്കിന് സമർപ്പിത സഹോദരിമാരാണ് അവരുടെ പ്രചോദനം. അല്ലാതെ തന്റെ തന്നെ പുഴുക്കുത്തുകൾ ആരുടെ ഒക്കെയോ കഥകൾ ആക്കി കെട്ടിച്ചമച്ചു വിടുന്ന ലൂസിഫർമാരല്ല. ചോദ്യം ചെയ്യാൻ ധൈര്യമുള്ളവർ കുപ്പത്തൊട്ടികൾ വമിപ്പിക്കുന്ന വിഴുപ്പ് മണക്കാതെ അന്തസും ആഭിജാത്യവും ഉള്ള സമർപ്പിതർ വസിക്കുന്ന മഠങ്ങളിൽ കയറി വരിക.

എന്തിനും ഏതിനും അശ്ലീലത മണക്കുന്ന ആരോപണ ദുരാരോപണങ്ങൾ ഉന്നയിക്കപ്പെടുന്നതിന് പിന്നിലെ ചേതോവികാരം എന്താണ്? ലൈംഗിക അരാജകത്വം നിറഞ്ഞ ലോകത്തിൽ ഞങ്ങൾ ഏറ്റെടുക്കുന്ന ബ്രഹ്മചര്യം എന്ന വ്രതം ഈ ലോകത്തെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നു എന്ന് വേണം കരുതാൻ. കാരണം കാമുകന് പിന്നാലെ പായാൻ പെറ്റ കുഞ്ഞിനെ പാറയിലടിക്കുന്ന ശിഥില മനസാക്ഷികൾ ഉറഞ്ഞു തുള്ളുന്ന കാലമാണിത്. അവിടെ ശരീര സുഖങ്ങളെ ഉന്നത നിയോഗങ്ങളെ പ്രതി ബലി കഴിക്കുന്നവരുടെ ഭാഷ ഇവർക്ക് അഗ്രാഹ്യമാണ്. എനിക്ക് സാധ്യമല്ലാത്തത് ആർക്കും സാധിക്കില്ല എന്ന് പറഞ്ഞു ഫലിപ്പിക്കുന്നതു വിഡ്ഢിത്തം അല്ലേ?

കന്യാസ്ത്രീയും കോൺവെന്റും കിണറും തമ്മിൽ 'ക' യുടെ ബന്ധം കണ്ടു പിടിച്ചു വാർത്തയാക്കുന്ന സാമൂഹിക പരിഷ്കാരികളുടെ മഞ്ഞവാർത്തകൾക്കുള്ള മറുപടി പറയാൻ തക്കവിധം അധഃപ്പതിക്കേണ്ടി വരുന്ന കേരളസാമൂഹ്യമാധ്യമ മനസാക്ഷിയുടെ മുന്നിൽ നിൽക്കുമ്പോൾ എനിക്ക് നിങ്ങളോട് ഒന്ന് മാത്രമേ പറയാനുള്ളു, 'നിങ്ങളും ഞാനും മരിക്കും; എങ്കിലും കത്തോലിക്കാ സന്യാസവും വൈദീക ജീവിതവും ദൈവം നിശ്ചയം ചെയ്തിരിക്കുന്ന കാലത്തോളം വെയിലിലും തളിർ ചൂടുന്ന വൃക്ഷം പോലെ ഈ ഭൂമിയിൽ ഉണ്ടാകും. ആരൊക്ക മറയ്ക്കാൻ ശ്രമിച്ചാലും മറയ്ക്കാൻ കഴിയാത്ത ഒരു അഗ്നിഗോപുരമായി അവർ ഈ ലോകത്തെ പ്രകാശിപ്പിച്ചു കൊണ്ടേയിരിക്കും.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 16