Faith And Reason

ബോംബുകൾ എന്നെ ക്രിസ്തുവിലേക്ക് നയിച്ചു: പുലിറ്റ്സർ സമ്മാനം നേടിയ വിശ്വവിഖ്യാതമായ ചിത്രത്തിലെ പെൺകുട്ടി

പ്രവാചക ശബ്ദം 30-05-2020 - Saturday

ടോറോണ്ടോ: ക്രൈസ്തവ വിശ്വാസം തന്നെ വെറുപ്പിന്റെയും, വിജാതീയ ആരാധനയുടേയും പാതയിൽ നിന്നും സ്നേഹത്തിന്റെയും, ക്ഷമയുടെയും പാതയിലേക്ക് നയിച്ചുവെന്ന് പുലിറ്റ്സർ സമ്മാനം നേടിയ വിശ്വവിഖ്യാതമായ ചിത്രത്തിലെ പെൺകുട്ടിയായ ഫാൻ തി കിം ഫുക്കിന്റെ വെളിപ്പെടുത്തൽ. സിബിസി നിർമ്മിച്ച ഡോക്യുമെന്ററിയിലാണ് ക്രൈസ്തവ വിശ്വാസത്തിലേക്ക് തന്നെ നയിച്ച യാത്ര ഇപ്പോൾ കാനഡയിൽ കുടുംബത്തോടൊപ്പം ജീവിക്കുന്ന കിം വിവരിച്ചത്. വിയറ്റ്നാം യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത്, 1972 ജൂൺ മാസം എട്ടാം തീയതി ദക്ഷിണ വിയറ്റ്നാമിൽ ബോംബിട്ടപ്പോള്‍ പൊള്ളലേറ്റ് വസ്ത്രമില്ലാതെ നിലവിളിച്ചുകരഞ്ഞുകൊണ്ട് റോഡിലൂടെ ഇറങ്ങിയോടുന്ന ഫാൻ തി കിമിന്റെ ചിത്രം ലോകത്തിന്റെ കണ്ണീരായി മാറിയിരിന്നു.

നിക്ക് ഉറ്റ് എന്ന ഫോട്ടോഗ്രാഫറാണ് ഈ ദൃശ്യങ്ങള്‍ തന്റെ കാമറയിൽ പകർത്തിയത്. "നാപാം ഗേൾ" എന്ന പേരിൽ പ്രശസ്തമായ ചിത്രം വിയറ്റ്നാം യുദ്ധ ഭീകരതയുടെ നേർസാക്ഷ്യമായി മാറി. ലോകത്തെ കരയിപ്പിച്ച പ്രസ്തുത ചിത്രത്തിന് പിന്നീട് പുലിസ്റ്റർ സമ്മാനം ലഭിച്ചു. ചിത്രമെടുത്ത് 14 മാസങ്ങൾക്കുശേഷം വിവിധ മാധ്യമങ്ങൾ അത് പ്രസിദ്ധീകരിച്ചപ്പോൾ ഫാൻ തി, തന്റെ ചിത്രം പ്രചരിക്കുന്നതിൽ സന്തോഷവതിയായിരുന്നില്ല. ദുഃഖത്തോടെ, നഗ്നയായി താൻ ഓടുമ്പോൾ എന്തിനുവേണ്ടിയായിരുന്നു ഫോട്ടോഗ്രാഫർ തന്റെ ചിത്രമെടുത്തത് എന്ന ചോദ്യമായിരുന്നു അവളുടെ മനസ്സിലുണ്ടായിരുന്നത്.

14 മാസത്തോളം ഫാൻ തി ചികിത്സയിൽ കഴിഞ്ഞു. ഓരോ ദിവസവും, കടുത്ത മാനസിക, ശാരീരിക വേദനയെയാണ് അവൾ അതിജീവിച്ചത്. ഇതോടൊപ്പം വെറുപ്പിന്റെ വിത്തും ഫാൻ തിയുടെ ഹൃദയത്തിൽ ഉടലെടുത്തു. എന്തുകൊണ്ട് തനിക്ക് ഇങ്ങനെ വന്നു എന്ന ചിന്ത ആത്മഹത്യയുടെ വക്കിൽ പോലും അവളെ കൊണ്ടുചെന്നെത്തിച്ചു. കായോ ഡായി മത വിശ്വാസത്തിലായിരുന്നു ഫാൻ തിയെ അവളുടെ മാതാപിതാക്കൾ വളർത്തിയത്. ആ മതത്തിലെ ദേവ സങ്കല്‍പ്പത്തോട് സമാധാനത്തിനുവേണ്ടി പ്രാർത്ഥിച്ചിട്ട് ഉത്തരമൊന്നും അവൾക്ക് ലഭിച്ചില്ല. ഇതിനിടയിൽ ഒരു ഡോക്ടറായിത്തീരണമെന്ന ആഗ്രഹം ഫാൻ തിയുടെ മനസ്സിൽ പിറവിയെടുത്തു. വിദ്യാഭ്യാസത്തിലൂടെ വേദനയെ അതിജീവിക്കാൻ അവൾ തീരുമാനിച്ചു.

1982ൽ സേയ്ഗൺ നഗരത്തിൽ പഠിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിൽ ലൈബ്രറിയിൽ നിന്ന് ലഭിച്ച ബൈബിളിന്റെ പുതിയ നിയമ ഭാഗമാണ് അവളുടെ ജീവിതത്തെ തന്നെ മാറ്റിയത്. സുവിശേഷം വായിക്കാൻ ആരംഭിച്ച അവള്‍ അതേ വർഷം തന്നെ ക്രിസ്തുമസിന് ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവന്നു. മനുഷ്യർക്ക് പുതിയ ജീവിതം നൽകാൻ വേണ്ടി ക്രിസ്തു സഹിച്ച പീഡനങ്ങൾ സുവിശേഷത്തിൽ നിന്ന് വായിച്ചറിഞ്ഞതാണ് ഏറ്റവുമധികം അവളെ സ്പർശിച്ചത്. ആളുകളോടുള്ള വെറുപ്പ് ഫാൻ തിയുടെ ജീവിതത്തിൽ നിന്നും വിട്ടുമാറി. എല്ലാവരെയും സ്നേഹിക്കാനും, അവർക്ക് വേണ്ടി പ്രാർത്ഥിക്കാനും അവൾ പഠിച്ചു.

ക്രിസ്തുവിലുള്ള വിശ്വാസമാണ് ക്ഷമിക്കാൻ തനിക്ക് ശക്തി നൽകിയതെന്ന് ക്രിസ്ത്യാനിറ്റി ടുഡേ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഫാൻ തി ഏറ്റുപറഞ്ഞിരുന്നു. തനിക്ക് ചെറുപ്പത്തിലേറ്റ മാനസിക സംഘർഷങ്ങളെയും, ഒരിക്കൽ താൻ വെറുത്ത തന്റെ ചിത്രത്തെയും അവളിപ്പോൾ സ്നേഹിക്കുന്നു. അന്ന് ആ ബോംബുകൾ വീണില്ലായിരുന്നുവെങ്കിൽ തനിക്ക് ക്രിസ്തുവിനെ കണ്ടെത്താനും, ഡോക്ടറാകാനും സാധിക്കില്ലായിരുന്നുവെന്നുമാണ് ഫാൻ തി വിശ്വസിക്കുന്നത്. നിലവില്‍ കുടുംബത്തോടൊപ്പം കാനഡയിലെ ടോറോണ്ടോയിലാണ് ഫാൻ തി കഴിയുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 35