Faith And Reason - 2024

'രാജാധിരാജന് ആരാധന': ദിവ്യകാരുണ്യ നാഥന് മുന്നില്‍ തെരുവില്‍ മുട്ടുകുത്തി നിക്കരാഗ്വയിലെ ഡോക്ടര്‍മാര്‍

പ്രവാചക ശബ്ദം 13-06-2020 - Saturday

മനാഗ്വേ: ഈശോയുടെ തിരുശരീര രക്തങ്ങളുടെ തിരുനാള്‍ ദിനത്തില്‍ നിക്കരാഗ്വയിലെ തെരുവോരത്ത് മുട്ടിന്മേല്‍ നിന്നുകൊണ്ട് ദിവ്യകാരുണ്യ നാഥനെ വരവേല്‍ക്കുന്ന ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ദേവാലയങ്ങളില്‍ പോകുവാന്‍ കഴിയാത്തതിനാല്‍ നിക്കരാഗ്വയിലെ ചില ഇടവകകള്‍ പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനത്തില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതാണ് ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും പ്രയോജനപ്പെടുത്തിയത്.

ലിയോണിലെ ദുള്‍സ് നോംബ്രെ ഡെ ജീസസ് ഇടവക വികാരിയുടെ നേതൃത്വത്തില്‍ ദിവ്യകാരുണ്യ പ്രദക്ഷിണമായി പോകുമ്പോള്‍ ‘ഡെ ലാ അസിസ്റ്റെന്‍സിയാ മെഡിക്ക ഡെ ഓക്സിഡെന്റെ’ (എ.എം.ഒ.സി.എസ്.എ) ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി ദിവ്യകാരുണ്യ വണക്കം നടത്തുകയായിരിന്നു. “ഇന്നു കോര്‍പ്പസ് ക്രിസ്റ്റി ദിനത്തില്‍ ഡോക്ടര്‍മാര്‍ രാജാക്കന്‍മാരുടെ രാജാവിന്റെ മുന്നില്‍ മുട്ടുകുത്തി” എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങളും ദൃശ്യങ്ങളും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

“പകര്‍ച്ചവ്യാധിയില്‍ നിന്നും രക്ഷിക്കുവാന്‍ ദൈവത്തിന് മാത്രമേ കഴിയൂ എന്നതാണ് വിശ്വാസത്തിന്റേയും ആത്മവിശ്വാസത്തിന്റേയും ഈ പ്രകടനം. മുഴുവന്‍ രോഗികളേയും പരിപാലിക്കുവാനും ശുശ്രൂഷിക്കുവാനുമുള്ള വിവേകവും ശക്തിയും യേശു അവര്‍ക്ക് നല്‍കട്ടെ” എന്ന ആശംസ മറ്റൊരു പോസ്റ്റിനു ഒപ്പമുണ്ട്. ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയുടെ കണക്കനുസരിച്ച് നിക്കരാഗ്വയില്‍ ആയിരത്തിലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും 55 പേര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്.

നിക്കരാഗ്വ മെഡിക്കല്‍ യൂണിറ്റിന്റെ കണക്കനുസരിച്ച് മരിച്ചവരില്‍ നാല്‍പ്പതോളം ഡോക്ടറുമാരും ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ ആശങ്കാവഹമായ ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴാണ് ദിവ്യകാരുണ്യ നാഥനെ വണങ്ങുവാന്‍ ഡോക്ടര്‍മാര്‍ തെരുവിലേക്ക് ഇറങ്ങിയതെന്നതും ശ്രദ്ധേയമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »