Tuesday Mirror
ക്രിസ്തു വിളിച്ചപ്പോള്‍ ഗായത്രി ദേവി സിസ്റ്റര്‍ ജിസ് മേരിയായി: വ്രതവാഗ്ദാനത്തിന് മുന്‍പ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് കുടുംബവും
പ്രവാചക ശബ്ദം 14-11-2022 - Monday
'ജാതകദോഷം' എന്ന പേരില്‍ സ്വഭവനത്തില്‍ നിന്നു ഒറ്റപ്പെടല്‍ നേരിടേണ്ടി വന്ന അവസ്ഥയില്‍ നിന്നു ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്നു സന്യാസിനിയായി പുതുജീവിതം ആരംഭിച്ച അനുഭവ സാക്ഷ്യമാണ് ഗായത്രി ദേവിയെന്ന സിസ്റ്റര്‍ ജിസ് മേരിയ്ക്കു ലോകത്തോടു പറയാനുള്ളത്. അക്രൈസ്തവ സമുദായത്തില്‍ ജീവിച്ച് ആചാരങ്ങള്‍ പിന്തുടര്‍ന്ന ഗായത്രി യേശുവിനെ കണ്ടെത്തിയത് അപ്രതീക്ഷിതമായാണ്. തന്റെ ജാതക ദോഷം നിമിത്തം താന്‍ വസിക്കുന്ന വീട് ദാരിദ്ര്യത്താല്‍ തകരുമെന്ന 'പ്രവചനത്താൽ' ഏറെ വേദനകള്‍ ഏറ്റുവാങ്ങേണ്ടി വന്ന വ്യക്തിയായിരിന്നു ഇടപ്പള്ളി സ്വദേശിനിയായ ഗായത്രി.
ബന്ധുക്കളില്‍ നിന്നും വീട്ടില്‍ നിന്നുമുള്ള ഒറ്റപ്പെടുത്തലുകളും എല്ലാവരാലും അവഗണിക്കപ്പെട്ട അവസ്ഥയും ഗായത്രിയെ പ്രത്യേക മാനസിക അവസ്ഥയിലേക്ക് എത്തിച്ചു. പിന്നീട് ഇടപ്പള്ളിയില്‍ നിന്നു വീട് വിറ്റു മറ്റൊരു സ്ഥലത്തു വാടക വീട്ടില്‍ അവര്‍ താമസമാരംഭിച്ചു. പുതിയ സ്ഥലത്തു പുതുജീവിതം ആരംഭിയ്ക്കാമെന്ന പ്രതീക്ഷയിലായിരിന്നു സ്ഥലം മാറ്റം. എന്നാല്‍ അവിടെയും അസ്വസ്ഥതകള്‍ ബാക്കിയായിരിന്നു. തൊട്ടു അയല്‍പ്പക്കത്തു താമസിച്ചിരിന്ന ഒരു ലാറ്റിന്‍ കുടുംബം യേശു നാമത്തില്‍ ഉറക്കെ സ്തുതിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ ഗായത്രിയുടെ മനസില്‍ ദേഷ്യവും ദൈവ വിശ്വാസത്തോടുള്ള എതിര്‍പ്പും വര്‍ദ്ധിക്കുകയാണ് ചെയ്തത്.
"നിങ്ങളുടെ ദൈവത്തിന് ഉറക്കെ പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ വിളി കേള്‍ക്കുകയെയുള്ളൂ?" എന്ന ചോദ്യവുമായി അവള്‍ ആ കുടുംബത്തെ സമീപിച്ചു. "നിങ്ങള്‍ ഡിവൈനില്‍ പോയി ഒരാഴ്ച ധ്യാനം കൂടൂ, പ്രാര്‍ത്ഥിച്ചാല്‍ കാര്യമുണ്ടോയെന്ന് ഉത്തരം ലഭിക്കും" എന്നായിരിന്നു അവരുടെ മറുപടി. ഈ മറുപടിയാണ് പിന്നീട് വഴിത്തിരിവായി മാറിയത്. ഒരാഴ്ച കൊണ്ട് എന്തു സംഭവിക്കാന്‍ എന്ന ചോദ്യം മനസില്‍ ഉയര്‍ത്തിക്കൊണ്ട് തന്നെ ധ്യാനത്തിന് പോകാന്‍ താത്പര്യമുണ്ട് എന്ന്‍ മാതാപിതാക്കളെ അവള്‍ അറിയിച്ചു. രൂക്ഷമായ എതിര്‍പ്പായിരിന്നു അവരുടെ ആദ്യ പ്രതികരണം.
എന്നാല്‍ പതിയെ അവര്‍ അയഞ്ഞു. അങ്ങനെയെങ്കിലും കുടുംബത്തു സ്വസ്ഥത വരികയാണെങ്കില്‍ അങ്ങനെ എന്ന ചിന്തയോടെ അവളെ ഡിവൈനിലേക്ക് അയച്ചു. ആദ്യ മൂന്നു ദിവസങ്ങളില്‍ ഉറക്കവും ഭക്ഷണവുമായി കഴിച്ചുകൂട്ടിയ ഗായത്രിയുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായി മാറിയത് നാലാമത്തെ ദിവസമായിരിന്നു. ധ്യാന ശുശ്രൂഷയ്ക്കിടെ "ഗായത്രി എനിക്ക് നിന്നെ വേണം, നീ എന്‍റേതാണ്" എന്ന അശരീരി അവള്‍ കേട്ടു. ഈ സമയത്ത് അവളുടെ മനസില്‍ നിറഞ്ഞ ദൃശ്യങ്ങള്‍ യേശുവിന്റെ പീഡാസഹനങ്ങള്‍ ആയിരിന്നു. എല്ലാവരില്‍ നിന്നും ഒറ്റപ്പെടുത്തല്‍ ഏറ്റുവാങ്ങേണ്ടി വന്ന ഗായത്രിക്ക് ആ വാക്കുകള്‍ അത് നല്‍കിയ പ്രതീക്ഷ ചെറുതല്ലായിരിന്നു. ഇത് അവളെ മാറ്റിമറിക്കുകയായിരിന്നു. ധ്യാനത്തിന്റെ അവസാന രണ്ടു ദിവസങ്ങളില്‍ അവള്‍ ഈശോയേ അടുത്തറിഞ്ഞു. വചനത്തിന്റെ പൊരുള്‍ മനസിലാക്കുവാന്‍ ശ്രമം ആരംഭിച്ചു. സൌഹൃദ സംഭാഷണമായാണ് ഈശോയോട് അക്കാലം മുതല്‍ അവള്‍ സംസാരിക്കുവാന്‍ ആരംഭിച്ചത്. ഈശോയേ 'വല്യേട്ട' എന്നാണ് അവള്‍ വിളിച്ചിരിന്നത്.
വീട്ടില്‍ തിരിച്ചെത്തിയ ഗായത്രിയുടെ ജീവിതത്തില്‍ ഉണ്ടായ മാറ്റം എല്ലാവരെയും അതിശയിപ്പിച്ചു. കുത്തുവാക്കുകള്‍ക്കും മുറിപ്പെടുത്തലുകള്‍ക്കും ഇടയില്‍ പോലും അവള്‍ കാണിക്കുന്ന സംയമനവും ശാന്തതയും പ്രാര്‍ത്ഥനയും അവരെ വിസ്മയഭരിതരാക്കി. അധികം വൈകിയില്ല. ഗായത്രി തന്റെ ആവശ്യം മാതാപിതാക്കളെ അറിയിച്ചു- "തനിക്ക് മാമോദീസ സ്വീകരിക്കണം". തങ്ങള്‍ പിന്തുടര്‍ന്നു വന്ന വിശ്വാസം ഉപേക്ഷിക്കുവാനുള്ള അവളുടെ നിലപാടില്‍ ശക്തമായ എതിര്‍പ്പുമായി മാതാപിതാക്കള്‍ രംഗത്ത് വന്നെങ്കിലും മകളുടെ സ്വഭാവത്തില്‍ വന്ന മാറ്റത്തെ പ്രതി അവര്‍ വിട്ടുകൊടുത്തു. അങ്ങനെ ഇടപ്പള്ളി പോണേക്കര സെന്‍റ് സേവ്യേഴ്സ് ദേവാലയത്തില്‍വെച്ച് അവള്‍ ജ്ഞാനസ്നാനം സ്വീകരിച്ചു ജിസ് മേരിയായി.
ഈശോയേ ചേര്‍ത്തു പിടിച്ചുള്ള ജീവിതത്തില്‍ അതിയായ ആഹ്ലാദം കണ്ടെത്തിയ അവള്‍ ഫാര്‍മസിസ്റ്റായി ജോലിചെയ്തു കൊണ്ടിരുന്നപ്പോഴാണ് സന്യാസ ജീവിതത്തിലേക്ക് കടന്നുവരുവാന്‍ തീരുമാനിക്കുന്നത്. ഏത് കോണ്‍ഗ്രിഗേഷനില്‍ ചേരണമെന്ന ചിന്ത ജിസിനെ അലട്ടിയിരിന്നു. എന്നാല്‍ വിഷയം സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ ജോലിയില്‍ ഒപ്പമുണ്ടായിരിന്ന അഗതികളുടെ സന്യാസിനി സമൂഹത്തിലെ സിസ്റ്ററുമാരെ കുറിച്ചുള്ള ചിന്തയായിരിന്നു അവളുടെ മനസില്‍ നിറഞ്ഞത്. ഈ ആഗ്രഹവുമായി ക്രിസ്തുവിനായി എല്ലാം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ച് അവള്‍ തന്റെ അമ്മയെ സമീപിച്ചു.
കൈയില്‍ ഉണ്ടായിരിന്ന സ്വര്‍ണ്ണമെല്ലാം വിറ്റു ഒരു മാലയാക്കി മാറ്റി അത് അമ്മയെ ഏല്‍പ്പിച്ച ശേഷമാണ് വിഷയം അറിയിച്ചത്. തീരുമാനത്തില്‍ സ്തബ്ദയായ അമ്മയുടെ കണ്ണില്‍ നിന്നു കണ്ണുനീര്‍ ധാരയായി ഒഴുകി. അമ്മയെ ആശ്വസിപ്പിച്ച ജിസ് മേരി ഇങ്ങനെ ഒരു ചോദ്യമുയര്‍ത്തി, "അമ്മയുടെ മകള്‍ ഈശോയുടെ കൂടെ സന്തോഷമായി ജീവിക്കുന്നതാണോ നല്ലത്, അതോ ദുഃഖിതയായി കഴിയുന്നതാണോ കാണേണ്ടത്?". "എന്റെ മകള്‍ എവിടെ ആയിരിന്നാലും സന്തോഷമായിരിന്നാല്‍ മതിയെന്ന്" അമ്മ മറുപടി നല്‍കി. പിതാവ് ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് മകളെ അനുഗ്രഹിച്ചാണ് മഠത്തിലേക്ക് പറഞ്ഞയച്ചത്. ശ്രദ്ധേയമായ വസ്തുത സിസ്റ്ററുടെ പ്രഥമ വ്രതവാഗ്ദാനത്തിന് മൂന്നു മാസം മുന്‍പ് ആ മാതാപിതാക്കളും സഹോദരനും ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്നുവെന്നതാണ്. ഡിവൈനില്‍ നിന്നു ഗായത്രി കൊണ്ടുവന്ന ബൈബിളും പ്രാര്‍ത്ഥന പുസ്തകങ്ങളും മകളുടെ സ്വഭാവത്തില്‍ വന്ന മാറ്റവും അവരുടെ ജീവിതത്തെയും ഏറെ സ്വാധീനിച്ചിരിന്നു.
ഗായത്രി ദേവിയില്‍ നിന്ന് ജിസ് മേരിയിലേക്കുള്ള യാത്ര അത്ര എളുപ്പമല്ലായിരുന്നുവെന്നും ക്രിസ്തുവിന് വേണ്ടി ജീവിക്കുന്നതിനേക്കാള്‍ വലിയ സന്തോഷം തനിക്കില്ലെന്നും സിസ്റ്റര്‍ ജിസ് മേരി പറയുന്നു. മുന്നോട്ടുള്ള നാളുകളില്‍ അനേകരിലേക്ക് ക്രിസ്തുവിനെ എത്തിക്കുവാന്‍ ശ്രമത്തിലാണ് ഈ യുവ സന്യാസിനി.
#repost