News - 2024
ഇറാഖിലെ ക്രൈസ്തവ മേഖലയിൽ തുർക്കിയുടെ ആക്രമണം: എർദോഗനെതിരെ വിമര്‍ശനവുമായി കൽദായ സഭ
പ്രവാചക ശബ്ദം 23-06-2020 - Tuesday
ബാഗ്ദാദ്: ഇസ്ലാമിക തീവ്രവാദികള്‍ വിതച്ച അരക്ഷിതാവസ്ഥയില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്ന ഇറാഖിലെ ക്രൈസ്തവ മേഖലയിൽ തുർക്കിയുടെ ബോംബാക്രമണം. കൽദായ, സൈർ, അസീറിയൻ വിഭാഗങ്ങളിൽപ്പെടുന്ന ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന കുർദിസ്ഥാന്റെ ഭാഗമായ സാക്ക്ഹോയിൽ ജൂൺ 20, 21 തീയതികളിലാണ് തുർക്കി ശക്തമായ ബോംബാക്രമണം നടത്തിയത്. കുർദിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ ഇറാഖിലെ താവളങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ആക്രമണം നടത്തിയതെന്നാണ് തുർക്കി അവകാശപ്പെട്ടിരിക്കുന്നത്. എന്നാല്‍ പ്രസിഡന്റ് തയിബ് എർദോഗന്റെ തീവ്ര ഇസ്ലാമിക ചിന്താഗതിയാണ് മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ തുർക്കി നടത്തുന്ന ഇടപെടലുകൾക്ക് കാരണമായി നിരീക്ഷകർ വിലയിരുത്തുന്നത്.
എർദോഗന്‍റെ നിലപാടില്‍ വിമര്‍ശനവുമായി കൽദായ സഭയുടെ തലവനായ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ രംഗത്തെത്തിയിട്ടുണ്ട്. വളരെ സങ്കീർണമായ ഒരു സാഹചര്യത്തിലൂടെയാണ് ഇപ്പോൾ പ്രദേശത്തെ ജനങ്ങൾ കടന്നു പോകുന്നതെന്നും എർദോഗന്റെ ലക്ഷ്യം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും ഒരു യുദ്ധം ചെയ്യാൻ ഇപ്പോൾ രാജ്യം ആഗ്രഹിക്കുന്നില്ലെന്നും മറ്റനേകം സുപ്രധാന കാര്യങ്ങൾ മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു പൗരന്മാർ മരിച്ചെന്നും, നിരവധി ആളുകൾക്ക് കിടപ്പാടം നഷ്ടമായെന്നുമുളള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ലക്ഷം ആളുകൾ വസിക്കുന്ന സാക്ക്ഹോ നഗരം കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയുടെ ജന്മസ്ഥലം കൂടിയാണ്.
തന്ത്രപ്രധാന പ്രദേശമായ സാക്ക്ഹോയിൽ തൊണ്ണൂറുകളിലും അതിനുശേഷവും അമേരിക്കയും, തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ സൈനിക താവളങ്ങൾ നിർമ്മിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തിന്റെ കൈവശ ഭൂമിയിൽ തുർക്കി വ്യോമാക്രമണം നടത്തുമ്പോൾ ശക്തമായ ഭാഷയിൽ അതിനെതിരെ പ്രതികരിക്കാൻ ഇറാഖി ഭരണകൂടത്തിന് സാധിക്കാറില്ല. സാക്ക്ഹോയിൽ നടത്തിയ വ്യോമാക്രമണവും, സിറിയയിലും ലിബിയയിലും തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളും തുർക്കിയുടെ രാഷ്ട്രീയ സൈനിക ശക്തിയുടെ വളർച്ചയിലേക്കാണ് വിരൽചൂണ്ടുന്നത്. പശ്ചിമേഷ്യയെ ഒരു യുദ്ധ മേഖലയായി നിലനിർത്തുവാന്‍ തുർക്കി കാര്യമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്തുവന്നിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക