News - 2024
അര്‍ജന്‍റീനിയന്‍ വൈദികര്‍ക്ക് പ്രാര്‍ത്ഥനകള്‍ അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
12-07-2020 - Sunday
ബ്യൂണസ് അയേഴ്സ്: അര്‍ജന്‍റീനയുടെ തലസ്ഥാന നഗരിയായ ബ്യൂണസ് അയേഴ്സിൽ പാവപ്പെട്ടവർ വസിക്കുന്ന പ്രദേശങ്ങളിൽ അജപാലന ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന “കൂരാസ് വില്ലെരോസ്” എന്നറിയപ്പെടുന്ന വൈദികരുടെ സംഘത്തിന് പ്രാര്‍ത്ഥനകള്‍ അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. ചേരിപ്രദേശങ്ങളിൽ നിസ്തുല സേവനം തുടരുന്ന ഇരുപത്തിരണ്ടംഗ വൈദിക സംഘത്തിലെ മൂന്നു പേർക്ക് കോവിഡ് 19 രോഗം പിടിപെട്ട പശ്ചാത്തലത്തിലാണ് ഫ്രാൻസിസ് പാപ്പ പ്രാര്‍ത്ഥനയും സാന്ത്വനവും അറിയിച്ച് വീഡിയോ സന്ദേശം അയച്ചത്.
അവർ ഈ രോഗത്തോട് പ്രാർത്ഥനയും ഭിഷഗ്വരന്മാരുടെ സഹായവും വഴി മല്ലടിക്കുകയാണെന്ന് തനിക്കറിയാമെന്നും വൈദികര്‍ക്ക് തന്റെ സാമീപ്യവും പ്രാര്‍ത്ഥനകളും വാഗ്ദാനം ചെയ്യുന്നുവെന്നും പാപ്പ സന്ദേശത്തിൽ പറഞ്ഞു. മാര്‍ച്ച് അവസാന വാരത്തില്‍ കൊറോണ വൈറസ് സമൂഹ വ്യാപനത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി തെരുവിൽ കഴിയുന്ന ആളുകൾക്ക് ബോധവത്ക്കരണം നൽകുന്നതിനായി അർജന്റീനിയന്‍ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് വൈദികരുടെ സഹായം തേടിയിരിന്നു. പ്രസിഡന്റിന്റെ നേരിട്ടുള്ള അഭ്യര്‍ത്ഥന പ്രകാരം അര്‍ജന്റീനയിലെ തെരുവുകളിൽ കഴിയുന്നവരുടെ ഇടയിൽ ബോധവൽക്കരണം നടത്താൻ സർക്കാർ അധികൃതർക്കൊപ്പം ഈ വൈദികരും സജീവമായി പങ്കുചേര്‍ന്നിരിന്നു.