News - 2024
വത്തിക്കാന്റെ പൊന്തിഫിക്കൽ കൗൺസിലിലേക്ക് ബിഷപ്പ് റാഫി മഞ്ഞളിയും
പ്രവാചക ശബ്ദം 14-07-2020 - Tuesday
വത്തിക്കാൻ സിറ്റി: മതാന്തര സംവാദത്തിനുവേണ്ടിയുള്ള വത്തിക്കാന്റെ പൊന്തിഫിക്കൽ കൗൺസിലിലേക്ക് മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യൻ ബിഷപ്പുമാരെ നിയമിച്ച് ഫ്രാൻസിസ് പാപ്പ. അലഹബാദ് ബിഷപ്പും തൃശൂര്‍ സ്വദേശിയുമായ ഡോ. റാഫി മഞ്ഞളി, മഹാരാഷ്ട്രയിലെ വസായ് ആർച്ച്ബിഷപ്പ് ഫെലിക്‌സ് മച്ചാഡോ എന്നിവരാണ് ഭാരതത്തിൽ നിന്ന് കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 1964ൽ മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വം വളർത്താൻ ലക്ഷ്യമിട്ട് പോൾ ആറാമൻ പാപ്പ രൂപംകൊടുത്ത സംവിധാനമാണിത്. മൊത്തം 23 നിയമനങ്ങള്‍ കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് പാപ്പ നടത്തിയിട്ടുണ്ട്.
തൃശൂര്‍ അതിരൂപതയിലെ വെണ്ടോര്‍ ഇടവകാംഗമായ ഡോ. റാഫി മഞ്ഞളി 1958-ലാണ് ജനിച്ചത്. 1983 ല്‍ തിരുപ്പട്ടം സ്വീകരിച്ചു. പിന്നീട് റോമിലെ ആഞ്ചലിക്കും യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡോക്ടറേറ്റ് നേടി. 2007 ഫെബ്രുവരി മുതല്‍ വാരാണസി രൂപതാധ്യക്ഷനായി സേവനം ചെയ്തു കൊണ്ടിരിന്ന അദ്ദേഹം 2013-ലാണ് അലഹബാദ് ബിഷപ്പായി നിയമിക്കപ്പെടുന്നത്. സുവിശേഷവത്ക്കരണത്തിനുള്ള വത്തിക്കാന്‍ തിരുസംഘം അധ്യക്ഷൻ കർദ്ദിനാൾ ലൂയിസ് ടാഗ്ലെയും പൊന്തിഫിക്കൽ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2019 മേയ് 25 മുതൽ കർദ്ദിനാൾ മിഖുവേൽ എയ്ഞ്ചലാണ് മതാന്തര സംവാദത്തിനുവേണ്ടിയുള്ള കൗൺസിലിന്റെ അധ്യക്ഷൻ.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക