Faith And Reason
ലൂർദ് ബസിലിക്കയിലേക്കുള്ള വിർച്വൽ തീർത്ഥാടനം ആരംഭിച്ചു: പതിനായിരങ്ങള്‍ ഓണ്‍ലൈനില്‍ ഒന്നിക്കുന്നു
പ്രവാചക ശബ്ദം 16-07-2020 - Thursday
ലൂര്‍ദ്: ലോക പ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ ലൂർദ് ബസിലിക്കയിലേക്ക് വിർച്വൽ തീർത്ഥാടനം ആരംഭിച്ചു. വിശുദ്ധ കുർബാന, പ്രദക്ഷിണം, ജപമാല, പ്രാർത്ഥന എന്നിവ ഉൾപ്പെടെ 15 മണിക്കൂർ നീണ്ടുനിൽക്കുന്ന തിരുക്കർമങ്ങൾ ടെലിവിഷനിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. പത്തു ഭാഷകളിലായി പ്രാർത്ഥനകൾ ക്രമീകരിച്ചിരിക്കുന്ന തീര്‍ത്ഥാടനത്തില്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിലൂടെ മഹാമാരിയുടെ കെടുതികളിൽ നിന്നും പ്രത്യാശയും സമാശ്വാസവും തേടി പതിനായിരക്കണക്കിന് വിശ്വാസികള്‍ ഓണ്‍ലൈന്‍ മുഖേനെ പങ്കുചേരും. തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ചരിത്രത്തിലാദ്യമായാണ് ബൃഹത്തായ വിർച്വൽ തീർത്ഥാടനം സംഘടിപ്പിക്കുന്നത്.
രാത്രി പത്തു വരെയാണ് വിവിധ ശുശ്രൂഷകള്‍ നടക്കുക. ഇതിനുപുറമെ വൈകിട്ട് നാലു മുതൽ ആറുവരെ ലൂർദ് മാതാവിന്റെ മാധ്യസ്ഥ്യത്തിന്റെ സാക്ഷ്യങ്ങൾ പങ്കുവെക്കുന്ന പ്രത്യേക ടെലിവിഷൻ പ്രോഗ്രാമും ക്രമീകരിച്ചിട്ടുണ്ട്. ലൂർദിൽ പരിശുദ്ധ ദൈവമാതാവ് അവസാനമായി പ്രത്യക്ഷപ്പെട്ട ദിനത്തിലാണ് ഓൺലൈൻ തീർത്ഥാടനം ക്രമീകരിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. മഹാമാരിയെ തുടർന്ന് മാർച്ച് പകുതിയോടെ തീർത്ഥാടനകേന്ദ്രം അടച്ചിടേണ്ടിവന്നെങ്കിലും മേയ് പകുതിയോടെ തുറന്നിരിന്നു. ഇക്കാലയളവില്‍ പത്തു ലക്ഷത്തിലധികം പ്രാർത്ഥനാ അപേക്ഷകളാണ് തീർത്ഥാടനകേന്ദ്രത്തിൽ എത്തിയത്. ഈ പശ്ചാത്തലത്തില്‍ ലക്ഷകണക്കിന് വിശ്വാസികള്‍ ഓണ്‍ലൈനിലൂടെ തീര്‍ത്ഥാടനത്തില്‍ പങ്കുചേരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
1858-ൽ വിശുദ്ധ ബെര്‍ണാഡെറ്റേക്കാണ് ആദ്യമായി ലൂർദിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിക്കുന്നത്. പിന്നീട് പല തവണ പരിശുദ്ധ 'അമ്മ പ്രത്യക്ഷപ്പെടുകയും പാപികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അവളോട് ആവശ്യപ്പെടുകയും ചെയ്തു. ലൂർദ് മാതാവിന്റെ മധ്യസ്ഥതയാൽ അനേകർക്ക് അത്ഭുതരോഗശാന്തി ലഭിച്ചിട്ടുണ്ടെന്ന് ഇതിനോടകം തന്നെ നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്തതാണെന്ന് എച്ച് ഐ വി അടക്കം നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ പ്രശസ്‌ത ശാസ്‌ത്രജ്ഞനും 2008ലെ നോബല്‍ സമ്മാന ജേതാവുമായ ഡോ. ലൂക്ക് മൊണ്ടഗെനര്‍ രണ്ടു വര്‍ഷം മുന്‍പ് അഭിപ്രായപ്പെട്ടിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക