Faith And Reason
ഫാ. ഹാമലിനെ കണ്ണീരോടെ സ്മരിച്ച് ഫ്രഞ്ച് ജനത: തിരുകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന് ആഭ്യന്തര മന്ത്രിയും
പ്രവാചക ശബ്ദം 27-07-2020 - Monday
പാരീസ്: ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ ഫ്രഞ്ച് വൈദികന്‍ ഫാ. ജാക്വസ് ഹാമലിന്റെ സ്മരണാർത്ഥം ഇന്നലെ ഞായറാഴ്ച സംഘടിപ്പിച്ച ചടങ്ങുകളിൽ രാഷ്ട്രീയ നേതാക്കളും നിരവധി വിശ്വാസികളും പങ്കെടുത്തു. ഫ്രാൻസിലെ പുതിയ ആഭ്യന്തര മന്ത്രി ജെറാൾഡ് ഡർമാനിനും ചടങ്ങുകളുടെ ഭാഗമായി. ഫാ. ജാക്വസ് ഹാമലിന്റെ സഹോദരിയുമായി ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തി. ഫാ. ഹാമൽ താമസിച്ചിരുന്ന വൈദിക മന്ദിരത്തില്‍ നിന്നുമാണ് സ്മരണാ ദിനത്തിന്റെ ഭാഗമായ ശുശ്രൂഷകള്‍ ആരംഭിച്ചത്. അവിടെ നിന്നും ആളുകൾ വൈദികൻ രക്തസാക്ഷിത്വം വരിച്ച സെയിന്‍റ് ഏറ്റിയന്നെ-ഡു-റൌവ്റെ ദേവാലയത്തിലേക്ക് പ്രദക്ഷിണമായി നടന്നു നീങ്ങി.
ദേവാലയത്തിൽവെച്ച് റൌവന്‍ അതിരൂപതയുടെ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് ഡോമനിക്യൂ ലെബ്‌റണ്‍, ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും റേയിംസ് ആർച്ച് ബിഷപ്പുമായ എറിക് ഡി മൗളിന്റസിന്റെയും മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിയർപ്പണം നടന്നു. വിവിധ മത പ്രതിനിധികളും ദേവാലയത്തിൽ ഉണ്ടായിരുന്നു. വിശുദ്ധ കുർബാനയ്ക്കു ശേഷം ദേവാലയ മുറ്റത്ത് രാഷ്ട്രീയ മതനേതാക്കൾ സമാധാനത്തെ പറ്റിയും, സാഹോദര്യത്തെ പറ്റിയും പ്രസംഗിച്ചു. വൈദികനെ കൊല ചെയ്തത്, ഫ്രാൻസിന്റെ ആത്മാവിന്റെ ഒരുഭാഗത്തെ കൊന്നതിന് സമാനമാണെന്ന് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡർമാനിൻ പ്രസംഗത്തിനിടെ പറഞ്ഞു. ഫാ. ഹാമലിന്റെ മരണം ക്രൈസ്തവരെ മാത്രമല്ല, മറിച്ച് ഫ്രാൻസിന്റെ മനസ്സിനെയും, ആത്മാവിനെയും ബാധിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
നാലു വർഷങ്ങൾക്കു മുമ്പ് അൾത്താരയിൽ വൈദികൻ കൊല്ലപ്പെട്ട സംഭവം ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്‌സും ട്വിറ്റർ സന്ദേശത്തിൽ അനുസ്മരിച്ചു. ഹൃദയത്തിൽ അടിയേറ്റ ഫ്രാൻസ്, ഫാ. ജാക്വസ് ഹാമലിന്റെ മുഖവും സന്ദേശങ്ങളും കണ്ടെത്തിയെന്നും കിരാതമായ തീവ്രവാദ പ്രവർത്തനങ്ങൾക്ക് മുമ്പിൽ ഒത്തൊരുമയോടെ നിൽക്കാൻ ഹാമലിന്റെ മരണത്തിൽ നിന്നാണ് ഫ്രാൻസിന് ശക്തി ലഭിച്ചതെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 2016 ജൂലൈ 26-ന് നോര്‍മണ്ടിയിലെ സെയിന്റ് ഏറ്റിയന്നെ-ഡു-റൌവ്റെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെയാണ് ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ യുവാക്കള്‍ 85 വയസ്സുകാരനായ ഫാ. ജാക്വസ് ഹാമലിനെ കഴുത്തറത്തു കൊലപ്പെടുത്തിയത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക