News
'ഫാദര്‍ ജാക്വസ് ഹാമല്‍ രക്തസാക്ഷി': ഒന്നാം ചരമവാര്‍ഷികത്തില്‍ വികാരഭരിതനായി ഫ്രഞ്ച് പ്രസിഡന്‍റ്
സ്വന്തം ലേഖകന്‍ 27-07-2017 - Thursday
പാരീസ്: മുസ്ലീം തീവ്രവാദികളാല്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട ഫാദര്‍ ജാക്വസ് ഹാമലിന്റെ ഒന്നാം ചരമവാര്‍ഷികാനുസ്മരണത്തില്‍ വികാരഭരിതനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. ഇന്നലെ (26/07/2017) ഫാദര്‍ ജാക്വസ് ഹാമലിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഫാ. ഹാമലിനെ ‘രക്തസാക്ഷി’യെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് വിശേഷിപ്പിച്ചത്. ‘ഫാദര്‍ ജാക്വസ് ഹാമലിന്റെ പുഞ്ചിരി, മതഭ്രാന്തന്‍മാരുടെ മുഖത്തേറ്റ ഒരടിയാണെന്ന്’ നോര്‍മണ്ടിയിലെ സെന്റ് ഏറ്റിയന്നെ-ഡു-റൌറെ ദേവാലയത്തിനു പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തോട് വികാരാഭരിതനായിക്കൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.
'അള്‍ത്താരയുടെ മുന്നില്‍വെച്ച് ഫാദര്‍ ഹാമലിനെ കൊലപ്പെടുത്തുക' വഴി ഫ്രഞ്ച് കത്തോലിക്കരുടെ മനസ്സില്‍ പ്രതികാരമനോഭാവം വളര്‍ത്തുകയെന്ന ജിഹാദികളുടെ ലക്ഷ്യത്തെ ഫ്രാന്‍സിലെ കത്തോലിക്കര്‍ പരാജയപ്പെടുത്തി. വിദ്വേഷം ഒരിക്കലും വിജയിച്ചിട്ടില്ല, ഒരിക്കലും വിജയിക്കുകയുമില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഫ്രഞ്ച് പ്രസിഡന്റ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Must Read: ഫാദര്‍ ജാക്വസ് ഹാമലിന്റെ രക്തത്തിന്റെ വില: ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സൊഹ്‌റാബ് അഹ്മാരി ഇസ്ലാം മതം ഉപേക്ഷിച്ച് കത്തോലിക്ക സഭയിലേക്ക്
ചരമവാര്‍ഷികത്തോടനുബന്ധിച്ച് രാവിലെ 9 മണിക്കാരംഭിച്ച വിശുദ്ധ കുര്‍ബ്ബാനക്ക് റൌവ്വനിലെ മെത്രാപ്പോലീത്തയായ ഡൊമിനിക്ക് ലെബ്രുനായിരുന്നു നേതൃത്വം നല്‍കിയത്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ വന്നവരെക്കൊണ്ട് ദേവാലയവും പരിസരവും തിങ്ങിനിറഞിരിന്നു. ഏറ്റിയന്നെ-ഡു-റൌറെയിലെ മേയറായ ജൊവാക്കിം മോയിസെയും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്തിരുന്നു.
ചടങ്ങിനു ശേഷം ഫാദര്‍ ഹാമലിന്റെ സ്മരണാര്‍ത്ഥം മനുഷ്യാവകാശ പ്രഖ്യാപനം ആലേഖനം ചെയ്ത 2 മീറ്റര്‍ വലുപ്പമുള്ള ഒരു സ്റ്റീല്‍ സ്മാരകം അനാച്ഛാദനം ചെയ്തു. സമാധാനത്തിന്റേയും സാഹോദര്യത്തിന്റേയും പ്രതീകമാണ് സ്മാരകമെന്നു മേയര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇതേ ദേവാലയത്തില്‍ വെച്ച് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ ആദേല്‍ ഖെര്‍മിച്ചെ, അബ്ദേല്‍ മാലിക് പെറ്റിറ്റ്ജീന്‍ എന്നീ മുസ്ലീം യുവാക്കള്‍ 85 വയസ്സുകാരനായ ഫാദര്‍ ജാക്വസ് ഹാമലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ഫാ. ഹാമല്‍ റോമിലെ രക്തസാക്ഷിപ്പട്ടികയില്‍ ഇടംപിടിച്ചുകഴിഞ്ഞു. സാധാരണയായി നാമകരണനടപടികള്‍ തുടങ്ങുവാന്‍ മരണത്തിനു ശേഷം 5 വര്‍ഷം കഴിയണമെന്ന വ്യവസ്ഥയെ ഫ്രാന്‍സിസ് പാപ്പാ ഒഴിവാക്കിക്കൊണ്ട് ഫാദര്‍ ഹാമലിനെ വാഴ്ത്തപ്പെട്ടവനാക്കുവാനുള്ള നടപടികള്‍ ആരംഭിക്കുകയായിരിന്നു.