News - 2024
വിശുദ്ധ കുര്‍ബാനക്കിടെ രക്തസാക്ഷിത്വം വരിച്ച ഫാദര്‍ ജാക്വസ് ഹാമലിന്റെ ഓര്‍മ്മയില്‍ ഫ്രാന്‍സ്
സ്വന്തം ലേഖകന്‍ 23-07-2017 - Sunday
പാരീസ്: കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ യുവാക്കളാല്‍ പൈശാചികമായി കൊലചെയ്യപ്പെട്ട ഫാദര്‍ ജാക്വസ് ഹാമലിന്റെ സ്മരണയില്‍ ഫ്രാന്‍സ്. ജൂലൈ 26-ന് ഒന്നാം ചരമവാര്‍ഷികം രാജ്യം ആചരിക്കും. നോര്‍മണ്ടിയിലെ സെയിന്റ് ഏറ്റിയന്നെ-ഡു-റൌവ്റെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ ആദേല്‍ ഖെര്‍മിച്ചെ, അബ്ദേല്‍ മാലിക് പെറ്റിറ്റ്ജീന്‍ എന്നീ യുവാക്കള്‍ കഴുത്തറുത്താണ് 85 വയസ്സുകാരനായ ഫാദര്‍ ജാക്വസ് ഹാമലിനെ കൊലപ്പെടുത്തിയത്.
മൃഗീയമായ കൊലപാതകം ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരുന്നു. വിവിധ മത,സാംസ്കാരിക, രാഷ്ട്രീയ നേതാക്കള്‍ കൊലപാതകത്തെ അപലപിച്ചിരുന്നു. ഫാദര്‍ ഹാമലിന്റെ ചരമവാര്‍ഷിക ദിനമായ അടുത്ത ബുധനാഴ്ച രാവിലെ 9 മണിക്കു നടക്കുന്ന അനുസ്മരണ ബലിക്ക് റൌവ്വനിലെ മെത്രാപ്പോലീത്തയായ ഡൊമിനിക്ക് ലെബ്രു മുഖ്യകാര്‍മ്മികത്വം വഹിക്കും. അനുസ്മരണ ബലി വിവിധ ചാനലുകള്‍ തല്‍സമയ സംപ്രേഷണം ചെയ്യും.
വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം ഫാദര്‍ ഹാമലിന്റെ സ്മരണാര്‍ത്ഥം സ്റ്റീല്‍ സ്മാരകം അനാച്ഛാദനം ചെയ്യും. 1948-ലെ ലോക മനുഷ്യാവകാശ പ്രഖ്യാപനം രേഖപ്പെടുത്തിയിട്ടുള്ള സ്മാരകം, ഫാദര്‍ ഹാമലിന്റെ കൊലപാതകം ഒരു പുരോഹിതന്റെ നേര്‍ക്കുള്ള ആക്രമണം മാത്രമല്ല, പാശ്ചാത്യ സമൂഹത്തിന്റെ അടിത്തറയായ മൂല്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണെന്ന വസ്തുതയെ അടിവരയിട്ടു കാണിക്കുന്നതാണെന്ന്‍ അധികൃതര്‍ പറഞ്ഞു.
തന്റെ 58-വര്‍ഷക്കാലത്തെ പൗരോഹിത്യജീവിതത്തില്‍ മുസ്ലീംമതവിശ്വാസികളുമായി വളരെയേറെ സഹകരിച്ചായിരുന്നു ഫാദര്‍ ഹാമല്‍ പ്രവര്‍ത്തിച്ചിരുന്നത്. 2005-ല്‍ വിശ്രമജീവിതത്തിലാവുന്നത് വരെ അദ്ദേഹം.വിവിധ പ്രേഷിതമേഖലകളില്‍ സജീവസാന്നിധ്യമായിരുന്നു. അതേ സമയം ഫാ. ഹാമല്‍ റോമിലെ രക്തസാക്ഷിപ്പട്ടികയില്‍ ഇടംപിടിച്ചുകഴിഞ്ഞു. സാധാരണയായി നാമകരണനടപടികള്‍ തുടങ്ങുവാന്‍ മരണത്തിനു ശേഷം 5 വര്‍ഷം കഴിയണമെന്ന വ്യവസ്ഥയെ ഫ്രാന്‍സിസ് പാപ്പാ ഒഴിവാക്കിക്കൊണ്ട് ഫാദര്‍ ഹാമലിനെ വാഴ്ത്തപ്പെട്ടവനാക്കുവാനുള്ള നടപടികള്‍ ആരംഭിക്കുകയായിരിന്നു.