Faith And Reason - 2024

കത്തോലിക്ക വിശ്വാസം പരസ്യമാക്കിയതിന് പ്രസിഡന്റിന് ശകാരം: കോടതിയ്ക്കെതിരെ കൊളംബിയന്‍ ജനത

പ്രവാചക ശബ്ദം 31-07-2020 - Friday

ബൊഗോട്ട: തന്റെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടില്‍ കത്തോലിക്ക വിശ്വാസം പരസ്യമാക്കിയതിന് കൊളംബിയന്‍ പ്രസിഡന്റ് ഐവാന്‍ ഡൂക്ക്വിന് കോടതിയുടെ ശകാരം. 'പരിശുദ്ധ കന്യകാമറിയം കൊളംബിയയുടെ സംരക്ഷക' എന്ന ഉള്ളടക്കമുള്ള സന്ദേശം പോസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ചുകൊണ്ടാണ് കോടതി രംഗത്തു വന്നിരിക്കുന്നത്. പോസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിച്ച ആളുടെ അവകാശവാദത്തിന് അനുകൂലമായി വിധി പ്രസ്താവിച്ച കൊളംബിയയിലെ കാലിയിലെ സുപ്രീം കോടതി, ട്വിറ്റര്‍ സന്ദേശം 48 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. തന്റെ സ്വകാര്യ അക്കൗണ്ടിലാണ് പ്രസിഡന്റ് അഭിപ്രായം പോസ്റ്റ്‌ ചെയ്തിരിക്കുന്നതെങ്കിലും പോസ്റ്റിന്റെ ഉള്ളടക്കം ശരിയല്ലെന്നാണ് കോടതിയുടെ വാദം. എന്നാല്‍ കോടതി നിലപാടിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

തെക്കേ അമേരിക്കന്‍ രാഷ്ട്രമായ കൊളംബിയയുടെ മാധ്യസ്ഥ വിശുദ്ധയായി പരിശുദ്ധ കന്യകാമാതാവിനെ അവരോധിച്ചതിന്റെ 101-മത് വാര്‍ഷിക ദിനമായ ജൂലൈ 9നാണ് പ്രസിഡന്റ് തന്റെ മരിയന്‍ വിശ്വാസം വെളിപ്പെടുത്തുന്ന സന്ദേശം ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തത്. "കൊളംബിയയുടെ രക്ഷാധികാരിയായി ചിക്വിൻ‌ക്വയറിൻറെ കന്യകയെ അംഗീകരിച്ച് നൂറ്റിയൊന്നാം വാര്‍ഷികം നാമിന്ന്‍ ആഘോഷിക്കുന്നു. എല്ലാ ദിവസവും ആഴത്തിലുള്ള പ്രാർത്ഥനയിൽ ഞാൻ നന്ദി പറയുകയും നമ്മുടെ രാജ്യത്തിനായി മാധ്യസ്ഥ സഹായം ആവശ്യപ്പെടുകയും ചെയ്യുന്നു" എന്നായിരിന്നു ട്വീറ്റ്. പരിശുദ്ധ കന്യകാമറിയത്തിന്റെ പുരാതന ചിത്രത്തോടൊപ്പമായിരിന്നു പ്രസിഡന്റിന്റെ ട്വീറ്റ്.

എന്നാല്‍ മതനിരപേക്ഷ രാഷ്ട്രം, ആരാധനാ സ്വാതന്ത്ര്യം, മതവും രാഷ്ട്രവും തമ്മിലുള്ള വിഭജനം എന്നിവ സംബന്ധിച്ച തന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി ഒരാള്‍ കോടതിയെ സമീപിക്കുകയായിരിന്നു. രാജ്യത്തെ പ്രഥമ പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കാത്ത കോടതി വിധി അക്ഷരാര്‍ത്ഥത്തില്‍ കൊളംബിയന്‍ ജനതയെ അമ്പരിപ്പിച്ചിരിക്കുകയാണ്. നീതിന്യായ മേഖലയില്‍ നിന്നുള്‍പ്പെടെ നിരവധി പ്രമുഖരാണ് കോടതി വിധിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

സന്ദേശം ഉത്തരവോ, നിര്‍ദ്ദേശമോ അല്ലെന്നിരിക്കേ, രാഷ്ട്രത്തിന്റെ പ്രസിഡന്റ് പോസ്റ്റ്‌ ചെയ്ത ട്വിറ്റര്‍ ചെയ്ത സന്ദേശം നിരോധിക്കുന്നത് യുക്തിരഹിതമാണെന്നും രാജ്യം ഭരിക്കുന്ന വ്യക്തിയുടെ മൗലീകാവകാശങ്ങള്‍ മജിസ്ട്രേറ്റുമാര്‍ മാനിക്കണമെന്നും മുന്‍ സെനറ്റര്‍ ജോസ് ഒബ്ദുലിയോ ഗാവിരിയ പ്രതികരിച്ചു. പോസ്റ്റ്‌ പിന്‍വലിക്കാന്‍ കോടതി 48 മണിക്കൂറാണ് നല്‍കിയിരുന്നതെങ്കിലും ഇതുവരെ പ്രസിഡന്റ് തന്റെ പോസ്റ്റ്‌ പിന്‍വലിച്ചിട്ടില്ല. തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയയുടെ 70%വും കത്തോലിക്ക വിശ്വാസം പിന്തുടരുന്നവരാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »