News - 2024

മാര്‍പാപ്പ കൊളംബിയ സന്ദര്‍ശിക്കും: ഭാരതം സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം വീണ്ടും പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 11-03-2017 - Saturday

വത്തിക്കാന്‍: ഇന്ത്യ സന്ദര്‍ശിക്കുവാനുള്ള തന്റെ ആഗ്രഹം വീണ്ടും പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ജര്‍മ്മന്‍ വീക്കിലിയായ ഡൈ സിറ്റിന് നല്കിയ അഭിമുഖത്തിലാണ് ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ താത്പര്യപ്പെടുന്നതായി മാര്‍പാപ്പ പറഞ്ഞത്. അതേ സമയം ഭാരതം സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്ന തീയതി സംബന്ധിച്ച് മാര്‍പാപ്പ സൂചനകള്‍ ഒന്നും നല്‍കിയിട്ടില്ല.

സൗത്ത് സുഡാനിലേക്ക് പോകാന്‍ താന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും പാപ്പ വ്യക്തമാക്കി. അതേ സമയം സെപ്റ്റംബര്‍ മാസത്തില്‍ മാര്‍പാപ്പ കൊളംബിയ സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 6 മുതല്‍ 11 വരെയാണ് മാര്‍പാപ്പ കൊളംബിയയില്‍ സന്ദര്‍ശനം നടത്തുന്നത്.

ജോര്‍ജിയയിലെ തന്റെ അപ്പസ്‌ത്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം റോമിലേക്ക് മടങ്ങുമ്പോഴും ഭാരതത്തിലേക്കും ബംഗ്ലാദേശിലേക്കും സന്ദര്‍ശനം നടത്തുവാന്‍ താത്പര്യമുണ്ടെന്നു മാര്‍പാപ്പ പറഞ്ഞിരിന്നു. അതേ സമയം മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനത്തെ പറ്റി വത്തിക്കാന്‍ ഇതുവരെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നേരത്തെ 1964–ൽ മുംബൈ ദിവ്യകാരുണ്യ കോൺഗ്രസ് വേളയിൽ പോൾ ആറാമൻ മാർപാപ്പയും 1986 ലും 1999 ലും വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇന്ത്യ സന്ദർശിച്ചിരുന്നു.


Related Articles »