1221-ല്‍ അപുലിയയിലാണ് പാപ്പായായിരുന്ന വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ ജനിച്ചത്. ആഴമായ സ്നേഹവും തങ്ങളുടെ കഴിവിന്റെ പരമാവധി പാവങ്ങളോടു കരുണ കാണിക്കുന്നവരുമായിരുന്നു വിശുദ്ധന്റെ മാതാ-പിതാക്കള്‍. വിശുദ്ധന്റെ പിതാവിന്റെ മരണത്തിനു ശേഷം തനിക്ക് മറ്റ് പതിനൊന്ന് മക്കള്‍ ഉണ്ടായിരുന്നിട്ടു പോലും വിശുദ്ധന്റെ അസാധാരണമായ ഭക്തിയും, ഇഷ്ടവും കണ്ടിട്ട് വിശുദ്ധന്റെ മാതാവ് പീറ്ററിന് നല്ല വിദ്യാഭ്യാസം നല്‍കി. തന്റെ ആഗ്രഹപ്രകാരം വിശുദ്ധന്‍ തന്റെ 20-മത്തെ വയസ്സില്‍ വിദ്യാഭ്യാസം മതിയാക്കി പര്‍വ്വതപ്രദേശത്ത് ഒരു ഭൂഗര്‍ഭ അറയിലെ ചെറിയ മുറിയില്‍ ഏകാന്ത ജീവിതമാരംഭിച്ചു.
ഏതാണ്ട് മൂന്ന് വര്‍ഷങ്ങളോളം വിശുദ്ധന്‍ ഈ ഇടുങ്ങിയ മുറിയില്‍ താമസിച്ചു. പിന്നീട് റോമില്‍ വെച്ച് വിശുദ്ധന്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. എന്നാല്‍ 1246-ല്‍ വിശുദ്ധന്‍ അബ്രൂസോയില്‍ തിരികെ വരികയും സുല്‍മോണക്ക് സമീപത്തുള്ള മൊറോണി പര്‍വതത്തിലെ ഒരു ഗുഹയില്‍ താമസമാരംഭിച്ചു, ഏതാണ്ട് 5 വര്‍ഷത്തോളം വിശുദ്ധന്‍ ഇവിടെ ചിലവഴിച്ചു. ഈ ജീവിതത്തിനിടക്ക് വിശുദ്ധന് ആന്തരികമായ നിരവധി പരീക്ഷണങ്ങളും പ്രലോഭനങ്ങളും നേരിടേണ്ടി വന്നു. ചില അവസരങ്ങളില്‍ രാത്രികാലങ്ങളില്‍ ഉറക്കത്തില്‍ വിശുദ്ധന് ചില മായാദര്‍ശനങ്ങള്‍ ഉണ്ടായി, ഇത് വിശുദ്ധനെ നിരാശയിലാഴ്ത്തുകയും, വിശുദ്ധന്‍ തന്റെ സന്യാസജീവിതം ഉപേക്ഷിക്കുവാന്‍ വരെ തീരുമാനമെടുക്കുന്ന സാഹചര്യമുണ്ടായി.
എന്നാല്‍ വിശുദ്ധന്റെ കുമ്പസാരകന്‍ അതെല്ലാം സാത്താന്റെ പരീക്ഷണങ്ങളാണെന്ന്‍ ഉപദേശിച്ചുകൊണ്ട് വിശുദ്ധന് ധൈര്യം നല്‍കി. തുടര്‍ന്ന് ഇക്കാര്യത്തില്‍ പാപ്പായുടെ ഉപദേശം ആരായുവാനായി വിശുദ്ധന്‍ റോമിലേക്ക് പോയെങ്കിലും വഴിയില്‍ വെച്ച് ഒരു ദൈവീക മനുഷ്യന്റെ ദര്‍ശനം ഉണ്ടാവുകയും ആദ്ദേഹവും വിശുദ്ധനോട് തന്റെ മുറിയിലേക്ക് മടങ്ങി പോകുവാനും നിത്യവും വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുവാനും ഉപദേശിച്ചു. വിശുദ്ധന്‍ അപ്രകാരം ചെയ്തു. 1251-ല്‍ വിശുദ്ധന്‍ തന്റെ രണ്ട് സഹചാരികള്‍ക്കൊപ്പം മഗേല്ല മലയിലേക്ക് പോവുകയും മരകൊമ്പുകളും ഇലകളും കൊണ്ട് ഒരു ചെറിയ ആശ്രമകുടീരം പണിയുകയും അവിടെ സന്തോഷപൂര്‍വ്വം തങ്ങളുടെ ആശ്രമജീവിതം തുടരുകയും ചെയ്തു. ഇടക്കൊക്കെ പിശാചിന്റെ പരീക്ഷണങ്ങള്‍ ഉണ്ടായെങ്കിലും അവര്‍ അവയെല്ലാം വിശ്വാസത്താല്‍ തരണം ചെയ്തു.
വിശുദ്ധന്റെ മാതൃകപരമായ ജീവിതം കണ്ട് നിരവധിപേര്‍ അദ്ദേഹത്തിന്റെ ശിഷ്യത്വത്തിനായി വന്നെങ്കിലും, മറ്റുള്ളവരെ നയിക്കുവാനുള്ള കഴിവ് തനിക്കില്ല എന്ന് പറഞ്ഞുകൊണ്ട് വിശുദ്ധന്‍ അവരെ മടക്കിഅയച്ചു. എന്നാല്‍ വിശുദ്ധന്റെ അപാരമായ എളിമ മൂലം വളരെ ഭക്തരായ കുറച്ച് പേരെ വിശുദ്ധന്‍ തന്റെ കൂടെ താമസിക്കുവാന്‍ അനുവദിച്ചു. തന്റെ രാത്രികാലങ്ങളുടെ ഭൂരിഭാഗം സമയവും വിശുദ്ധന്‍ പ്രാര്‍ത്ഥനക്കായിട്ടായിരുന്നു ചിലവഴിച്ചിരുന്നത്. പകല്‍ സമയങ്ങളില്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ പകര്‍ത്താന്‍ അദ്ദേഹം സമയം കണ്ടെത്തി. മാംസം അദ്ദേഹം പൂര്‍ണ്ണമായും വര്‍ജ്ജിച്ചു. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ വിശുദ്ധന്‍ ഉപവസിക്കുക പതിവായിരുന്നു.
എല്ലാ വെള്ളിയാഴ്ചകളിലും വെറും അപ്പവും വെള്ളവുമായിരുന്നു വിശുദ്ധന്റെ ഭക്ഷണം. കുതിരയുടെ രോമം കൊണ്ടുള്ള പരുക്കനായ വസ്ത്രമായിരുന്നു വിശുദ്ധ പീറ്റര്‍ ധരിച്ചിരുന്നത്. അരയില്‍ ഇരുമ്പ് കൊണ്ടുള്ള ഒരു ചങ്ങലയും. വെറും നിലമോ അല്ലെങ്കില്‍ പലകയോ ആയിരുന്നു വിശുദ്ധന്റെ കിടക്ക. താന്‍ നോമ്പ് നോക്കുന്ന അവസരങ്ങളിലും, ബുധനാഴ്ചകളും, വെള്ളിയാഴ്ചകളും ഒഴികെയുള്ള ദിവസങ്ങളില്‍ വിശുദ്ധന്‍ വിശ്വാസികള്‍ക്ക് ഉപദേശങ്ങള്‍ നല്‍കിപോന്നു. തന്നെ പിന്തുടരുന്നവരെയെല്ലാം ഒരുമിച്ചു കൂട്ടി വിശുദ്ധന്‍ ഔര്‍ സന്യാസസമൂഹത്തിനു രൂപം നല്‍കുകയും 1274-ല്‍ ഗ്രിഗറി പത്താമന്‍ പാപ്പായുടെ അംഗീകാരം തന്റെ പുതിയ സന്യാസസഭക്ക് നേടിയെടുക്കുകയും ചെയ്തു.
വിശുദ്ധ ബെന്നറ്റിന്റെ സഭാനിയമങ്ങളാണ് തന്റെ സഭയില്‍ അദ്ദേഹം പിന്തുടര്‍ന്നിരുന്നത്. വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്റെ സന്യാസസമൂഹം വികസിക്കുകയും വിശുദ്ധന്റെ അവസാനകാലമായപ്പോഴേക്കും ഏതാണ്ട് 36 സന്യാസ ആശ്രമങ്ങളും, 600 സന്യാസി-സന്യാസിനിമാര്‍ വിശുദ്ധന്റെ സഭക്കുണ്ടായിരുന്നു. നിക്കോളാസ് നാലാമന്റെ മരണത്തോടെ റോമിലെ പരിശുദ്ധ സിംഹാസനം ഏതാണ്ട് രണ്ട് വര്‍ഷവും മൂന്നു മാസത്തോളം കാലം ഒഴിവായി കിടന്നു. തുടര്‍ന്ന് കര്‍ദ്ദിനാള്‍മാര്‍ പെരൂജിയില്‍ സമ്മേളിക്കുകയും പീറ്റര്‍ സെലസ്റ്റിനെ നിക്കോളാസ് നാലാമന്റെ പിന്‍ഗാമിയായി ഏകാഭിപ്രായത്തോടെ തിരഞ്ഞെടുക്കുകയും ചെയ്തു.
ഈ വാര്‍ത്ത അറിഞ്ഞ പീറ്റര്‍ പരിഭ്രാന്തനാവുകയും, താന്‍ ആ പദവിക്ക് യോഗ്യനല്ലെന്ന് സമര്‍ത്ഥിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ഹംഗറിയിലേയും, നേപ്പിള്‍സിലേയും രാജാക്കന്‍മാരുടെയും, നിരവധി കര്‍ദ്ദിനാള്‍മാരുടേയും, രാജകുമാരന്‍മാരുടേയും സാന്നിദ്ധ്യത്തില്‍ അക്വിലായിലെ കത്രീഡലില്‍ വെച്ച് ഓഗസ്റ്റ് 29ന് സെലസ്റ്റീന്‍ അഞ്ചാമന്‍ എന്ന നാമം സ്വീകരിച്ചുകൊണ്ട് വിശുദ്ധന്‍ റോമിന്റെ മെത്രാനായി അഭിഷിക്തനായി.
അന്നുമുതല്‍ വിശുദ്ധന്റെ സന്യാസിമാര്‍ സെലസ്റ്റീന്‍സ് എന്ന പേരിലാണ് അറിയപ്പെടാന്‍ തുടങ്ങിയത്. നേപ്പിള്‍സിലെ രാജാവായ ചാള്‍സ് തന്റെ രാജ്യത്തെ സഭാപരമായ ചില പ്രശ്നങ്ങള്‍ പരിഹരിക്കുവാനും, ഒഴിവായി കിടക്കുന്ന ചില സഭാപദവികളിലേക്ക് നിയമനങ്ങള്‍ നടത്തുവാനുമായി വിശുദ്ധനെ തന്റെ തലസ്ഥാനത്തേക്ക് വരുവാന്‍ പ്രേരിപ്പിച്ചു. എന്നിരുന്നാലും പുതിയ പാപ്പായുടെ ചില പ്രവര്‍ത്തികള്‍ നിരവധി കര്‍ദ്ദിനാള്‍മാരുടെ അപ്രീതിക്ക് കാരണമായി. പാപ്പാ പദവിയുടെ ആഡംബരത്തിനിടക്കും വിശുദ്ധന്‍ തന്റെ ആശ്രമപരമായ ജീവിതമായിരുന്നു നയിച്ചിരുന്നത്.
ക്രിസ്തുമസിനു വേണ്ടി ആത്മീയമായി ഒരുങ്ങുവാനായി വിശുദ്ധന്‍ സഭയുടെ ചുമതല താല്‍ക്കാലികമായി മൂന്ന്‍ കര്‍ദ്ദിനാള്‍മാരെ ഏല്‍പ്പിച്ചു. ഇതും വിശുദ്ധനെതിരെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തി. തനിക്ക് നേരെയുയര്‍ന്ന വിമര്‍ശനങ്ങളും, സന്യാസജീവിതത്തോടുള്ള വിശുദ്ധന്റെ ആഗ്രഹവും തന്റെ പാപ്പാ പദവി ഉപേക്ഷിക്കുവാന്‍ വിശുദ്ധനെ പ്രേരിപ്പിച്ചു. തുടര്‍ന്ന് സഭാനിയമങ്ങളില്‍ പാണ്ഡിത്യമുള്ള കര്‍ദ്ദിനാള്‍ ആയിരുന്ന ബെനഡിക്ട് കജേതനുമായി വിശുദ്ധന്‍ ഇക്കാര്യം ആലോചിച്ചതിന്റെ അടിസ്ഥാനത്തില്‍ 1294 ഡിസംബര്‍ 13ന് നേപ്പിള്‍സിലെ കര്‍ദ്ദിനാള്‍മാരുടെ സമ്മേളനത്തില്‍ വെച്ച് നേപ്പിള്‍സിലെ രാജാവിന്റെയും മറ്റുള്ളവരുടേയും സാന്നിദ്ധ്യത്തില്‍ വെച്ച് വിശുദ്ധന്‍ തന്റെ പാപ്പാ പദവി ഉപേക്ഷിക്കുകയും, തന്റെ ഈ പ്രവര്‍ത്തിയില്‍ ദൈവ സന്നിധിയില്‍ ക്ഷമയാചിക്കുകയും ചെയ്തു.
വിശുദ്ധന്റെ പിന്‍ഗാമിയായി പാപ്പാ പദവിയിലെത്തിയത് കര്‍ദ്ദിനാള്‍ ആയിരുന്ന ബെനഡിക്ട് കജേതനായിരുന്നു. വിശുദ്ധ സെലസ്റ്റിന്റെ സ്ഥാനത്യാഗത്തെ കുറിച്ച് വിവിധ തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉണ്ടായി. ഡാന്റെയുടെ അഭിപ്രായത്തില്‍ വിശുദ്ധന്റെ പ്രവര്‍ത്തി ഒരു ഭീരുത്വപരമായ പ്രവര്‍ത്തിയായിരുന്നു. എന്നാല്‍ പെട്രാര്‍ക്ക്, ‘തന്നെതന്നെ ശൂന്യനാക്കി കൊണ്ടുള്ള ഒരു ധീരമായ പ്രവര്‍ത്തിയായിട്ടാണ്’ വിശുദ്ധന്റെ സ്ഥാനത്യാഗത്തെ വിശേഷിപ്പിച്ചത്.
വിശുദ്ധനാകട്ടെ ഒട്ടും വൈകാതെ തന്നെ മൊറോണിയിലുള്ള തന്റെ ആശ്രമത്തിലേക്ക് പിന്‍വാങ്ങി. എന്നാല്‍ പുതിയ പാപ്പായുടെ നടപടികളിലും, കാര്‍ക്കശ്യത്തിലും അസന്തുഷ്ടരായ ചിലര്‍ പാപ്പയായ ബോനിഫസ് വിശുദ്ധനില്‍ നിന്നും പാപ്പാസ്ഥാനം തട്ടിയെടുത്തതാണെന്ന് പ്രസ്താവിച്ചു. വിശുദ്ധന്റെ ദിവ്യത്വത്താല്‍ അദ്ദേഹത്തിന്റെ ആശ്രമത്തിനു ചുറ്റും തടിച്ചു കൂടുന്ന ജനസഞ്ചയത്തെ ഭയന്നും, വിശുദ്ധനെ മറ്റുള്ളവര്‍ തനിക്കെതിരെ ഉപകരണമാക്കുകയും, അത് സഭയില്‍ കുഴപ്പങ്ങള്‍ക്കിടവരുത്തുകയും ചെയ്യുമോയെന്ന് ഭയന്നും ബോനിഫസ് പാപ്പാ വിശുദ്ധനെ റോമിലേക്കയക്കുവാന്‍ നേപ്പിള്‍സിലെ രാജാവിനെ ചുമതലപ്പെടുത്തി. എന്നാല്‍ ഇത് മനസ്സിലാക്കിയ വിശുദ്ധന്‍, അഡ്രിയാറ്റിക്ക് ഉള്‍ക്കടല്‍ മറികടക്കുക എന്ന ലക്ഷ്യത്തോടു കൂടി കടല്‍മാര്‍ഗ്ഗം സഞ്ചരിച്ചു.
പക്ഷേ കാറ്റിന്റെ വിപരീത ഗതി കാരണം വിയസ്റ്റെ തുറമുഖത്തടുത്ത വിശുദ്ധനെ നേപ്പിള്‍സിലെ രാജാവ് അനാഗ്നിയില്‍ ബോനിഫസ് പാപ്പായുടെ പക്കല്‍ എത്തിച്ചു. പാപ്പാ വിശുദ്ധനെ കുറേകാലം തന്റെ കൊട്ടാരത്തില്‍ പാര്‍പ്പിച്ചു. വിശുദ്ധന്റെ എളിമ കണ്ടിട്ട് ചിലര്‍ അദ്ദേഹത്തെ സ്വതന്ത്രനാക്കുവാനും തന്റെ ആശ്രമജീവിതം തുടരുവാന്‍ അനുവദിക്കുവാനും ബോനിഫസ് പാപ്പായോടു ആവശ്യപ്പെട്ടെങ്കിലും അത് അപകടകരമാണെന്ന് കണ്ട ബോനിഫസ് വിശുദ്ധനെ ഫുമോണെ കോട്ടയില്‍ തടവില്‍ പാര്‍പ്പിച്ചു.
അവിടെ വിശുദ്ധന് നിരവധി അപമാനങ്ങളും, കഷ്ടപ്പാടുകളും ഏല്‍ക്കേണ്ടി വന്നിട്ടുപോലും യാതൊരു പരാതിപോലും വിശുദ്ധന്റെ വായില്‍ നിന്നും കേള്‍ക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവസ്തുതികളും, പ്രാര്‍ത്ഥനയുമായി വിശുദ്ധന്‍ അവിടെ കഴിഞ്ഞു. 1296-ലെ ഒരു ഞായറാഴ്ച അസാധാരണമായ ഭക്തിയോട് കൂടി വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്തതിനു ശേഷം വിശുദ്ധന്‍ തന്റെ കാവല്‍ക്കാരോട് ഈ ആഴ്ച അവസാനത്തിനു മുന്‍പായി താന്‍ മരിക്കുമെന്ന് വെളിപ്പെടുത്തിയതായി പറയപ്പെടുന്നു.
അധികം താമസിയാതെ വിശുദ്ധന് കടുത്ത പനി ബാധിച്ചു. അതേവര്‍ഷം മെയ് 19ന് ഞായറാഴ്ച തന്റെ 75-മത്തെ വയസ്സില്‍ വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. ബോനിഫസ് പാപ്പായും മറ്റ് കര്‍ദ്ദിനാള്‍മാരും വിശുദ്ധന്റെ സംസ്കാരക്രിയകളില്‍ പങ്കെടുക്കുകയും ഫെറേന്റിനോയില്‍ വിശുദ്ധനെ അടക്കം ചെയ്യുകയും ചെയ്തു. പിന്നീടു വിശുദ്ധന്റെ മൃതദേഹം അക്വിലായിലേക്ക് മാറ്റുകയും നഗരത്തിനടുത്തുള്ള സെലസ്റ്റിന്‍ ദേവാലയത്തില്‍ സൂക്ഷിക്കുകയും ചെയ്തു. ഇവിടെ നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1313-ല്‍ ക്ലമന്റ് അഞ്ചാമന്‍ പാപ്പായാണ് പീറ്റര്‍ സെലസ്റ്റിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
ഇതര വിശുദ്ധര്‍
1. കലോചെരുസും പാര്‍ത്തേനിയൂസും
2. നിക്കോഡേമിയായിലെ സിറിയക്കായും കൂട്ടരും
3. ട്രെവെസു ബിഷപ്പായ സിറില്‍
4. ഇംഗ്ലണ്ടിലെ ഡണ്‍സ്റ്റാന്‍
5. കാമ്പ്രേയി ബിഷപ്പായ ഹാഡുള്‍ഫ്
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക