India - 2025

സംവരണ അവകാശം നേടുംവരെ സമരത്തില്‍നിന്നു പിന്നോട്ടില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

09-08-2020 - Sunday

കോതമംഗലം: സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സംവരണ അവകാശം നേടുംവരെ സമരത്തില്‍നിന്നു പിന്നോട്ടില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപത ഡയറക്ടര്‍ റവ. ഡോ. തോമസ് ചെറുപറന്പില്‍. സാമ്പത്തിക സംവരണം അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ എല്ലാ രൂപതകളിലും നടത്തുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തരമായി അനുകൂല നിലപാടുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ഫൊറോന, ഇടവക കമ്മിറ്റികള്‍ സമരം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംവരണത്തിന്റെ മാനദണ്ഡം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ചേക്കറായി കേരള സര്‍ക്കാര്‍ പുനഃസ്ഥാപിക്കണം. എല്ലാ വിദ്യാഭ്യാസ കോഴ്‌സുകള്‍ക്കും വിവിധ യോഗ്യതാ പരീക്ഷകള്‍ക്കും പത്തുശതമാനം സംവരണം ഉടന്‍ നടപ്പിലാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രൂപത പ്രസിഡന്റ് ഐപ്പച്ചന്‍ തടിക്കാട്ട്, ജനറല്‍ സെക്രട്ടറി ജോസ് പുതിയിടം, ട്രഷറര്‍ ജോണ്‍ മുന്‍കാവില്‍, വൈസ് പ്രസിഡന്റ് ജോയി പോള്‍, സെക്രട്ടറി റോജോ ജോസഫ് എന്നിവര്‍ ഉപവാസം അനുഷ്ടിച്ചു.

കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സമരത്തിന് പിന്തുണ അറിയിച്ചു. മോണ്‍. ഫ്രാന്‍സിസ് കീരംപാറ മുഖ്യ പ്രഭാഷണം നടത്തി. ഫാ.തോമസ് പറയിടം, ഗ്ലോബല്‍ സെക്രട്ടറി ഡോ.ജോസുകുട്ടി ജെ. ഒഴുകയില്‍, ഫാ.ജോസ് കിഴക്കേല്‍, ബേബിച്ചന്‍ നിധീരിക്കല്‍, മാത്യു ജോണ്‍ മലേക്കുടി, ഫാ.സ്‌കറിയ കുന്നത്ത്, ജോസ് കാപ്പന്‍, കെ.എം. മത്തച്ചന്‍, മാത്യു കുരുക്കൂര്‍, മോണ്‍സി മങ്ങാട്ട്, ജോസ് കൊട്ടുകപ്പള്ളി, കെന്നഡി പീറ്റര്‍, ജോജോ വടക്കേവീട്ടില്‍, ജോസ് മുഴുത്തേറ്റ്, ജോര്‍ജ് മങ്ങാട്ട്, ചാക്കോ വെള്ളിയേപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. രൂപത പ്രസിഡന്റ ഐപ്പച്ചന്‍ തടിക്കാട്ടിന് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം നാരങ്ങ നീരുനല്‍കി ഉപവാസം അവസാനിപ്പിച്ചു.


Related Articles »