Faith And Reason

‘വണ്‍ മില്യണ്‍ റോസറി മാര്‍ച്ച്’: പൈശാചിക ശക്തികൾക്കെതിരെ 10 ലക്ഷം ജപമാലയുമായി അമേരിക്കൻ ജനത

പ്രവാചക ശബ്ദം 18-08-2020 - Tuesday

വാഷിംഗ്‌ടണ്‍ ഡി.സി: പൈശാചിക ശക്തികളെ രാജ്യത്തു നിന്നും തുരത്തുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ കത്തോലിക്ക വിശ്വാസികള്‍ ‘വണ്‍ മില്യണ്‍ റോസറി മാര്‍ച്ച്’ന് ആരംഭം കുറിച്ചു. മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനമായ ഓഗസ്റ്റ് 15ന് ആരംഭിച്ച റോസറി മാര്‍ച്ച് മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ എട്ടിനാണ് അവസാനിക്കുക. പ്രാര്‍ത്ഥനയും ഉപവാസവും നിറഞ്ഞ നൂറു ദിവസങ്ങള്‍ക്കുള്ളില്‍ പത്തു ലക്ഷം ജപമാലകള്‍ ചൊല്ലുക എന്നതാണ് വണ്‍ മില്യണ്‍ റോസറി മാര്‍ച്ചിന്റെ ലക്ഷ്യം.

അമേരിക്കയില്‍ നന്മയും തിന്മയും മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള പോരാട്ടത്തിലാണെന്ന്‍ രാഷ്ട്രത്തിനു വേണ്ടി ദൈവമാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുന്ന റോസറി മാര്‍ച്ചില്‍ പങ്കെടുക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് പുറത്തുവിട്ട പ്രഖ്യാപനത്തില്‍ പറയുന്നു. ഇതുവരെ ഏതാണ്ട് അഞ്ചു ലക്ഷത്തോളം വിശ്വാസികള്‍ വണ്‍ മില്യണ്‍ റോസറി മാര്‍ച്ചില്‍ പങ്കെടുക്കുവാനുള്ള പ്രതിജ്ഞയില്‍ ഒപ്പിട്ടുണ്ട്. “താഴെ ഒപ്പിട്ടിരിക്കുന്ന കത്തോലിക്ക സ്ത്രീ പുരുഷന്‍മാരായ ഞങ്ങളേയും, നമ്മുടെ രാഷ്ട്രമായ അമേരിക്കയേയും സ്നേഹവും, സത്യവും, നന്മയുമായ യേശുവിനും മറിയം, യൗസേപ്പ് എന്നിവരുടെ ഏറ്റവും വിശുദ്ധമായ തിരുക്കുടുംബത്തിനുമായി വീണ്ടും സമര്‍പ്പിക്കുന്നു” എന്നാണ് പ്രതിജ്ഞയുടെ ഉള്ളടക്കം.

രാഷ്ട്രത്തെ ബാധിച്ചിരിക്കുന്ന പൈശാചിക ശക്തികളെ ശാസിക്കുവാനും, ബന്ധിക്കുവാനും, പുറത്താക്കുവാനുമുള്ള വാക്കുകളും കത്തോലിക്കരും അകത്തോലിക്കരുമായ അമേരിക്കൻ ജനതയുടെ മാനസാന്തരത്തിനും വേണ്ടിയുള്ള ആഹ്വാനവും പ്രതിജ്ഞയുടെ ഭാഗമാണ്. സകലരുടേയും ശത്രുവായ സാത്താന്‍ നമ്മുടെ വിശ്വാസവും, കുടുംബവും, രാഷ്ട്രവുമായി നിരന്തരം പോരാട്ടത്തിലാണെന്നും, അൽമായ വിശ്വാസികളായ തങ്ങള്‍ വെറുതെ ഇരിക്കില്ലെന്നും, ദൈവത്തേയും രാഷ്ട്രത്തേയും തിന്മയുടെ മുന്നില്‍ ഉപേക്ഷിക്കില്ലെന്നും, രാഷ്ട്രത്തിനും സഹോദരീ-സഹോദരന്‍മാര്‍ക്കും വേണ്ടി ഒരുമിച്ച് നില്‍ക്കുമെന്നും പ്രതിജ്ഞയില്‍ പറയുന്നുണ്ട്. പ്രമുഖ കത്തോലിക്കാ ദൈവശാസ്ത്രജ്ഞനായ സ്കോട്ട് ഹാന്‍ അടക്കം നിരവധി പേരാണ് ജപമാലയത്നത്തില്‍ പങ്കാളിത്തം അറിയിച്ചു മുന്‍പോട്ട് വന്നിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »