Faith And Reason - 2024
കൊറോണയെ വകവെക്കാതെ വിയറ്റ്‌നാമില്‍ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ സജീവം: മാമോദീസക്കായുള്ള കാത്തിരിപ്പില്‍ ആയിരങ്ങള്‍
പ്രവാചക ശബ്ദം 02-09-2020 - Wednesday
ഹോ ചി മിന്‍ സിറ്റി: മഹാമാരിയെ വകവെക്കാതെ വിയറ്റ്‌നാമിലെ മെകോങ് നദീതട ഡെല്‍റ്റാ മേഖലയിലെ നാലു കത്തോലിക്ക രൂപതകളിലെ മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ സജീവം. ലോങ് സൂയെന്‍, വിന്‍ ലോങ്, കാന്‍ തൊ, മൈ തൊ എന്നീ രൂപതകളുടെ സംയുക്ത പ്രേഷിത ശുശ്രൂഷകളെ തുടര്‍ന്നു അനേകം പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന വിവരം. വിയറ്റ്നാമീസ് എപ്പിസ്കോപ്പല്‍ കൗണ്‍സിലിന്റെ ഇവാഞ്ചലൈസേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘നദീതടമേഖലയിലെ സുവിശേഷ പ്രവര്‍ത്തനം’ എന്ന വിഷയത്തെ ആസ്പദമാക്കി കഴിഞ്ഞ ദിവസം നടത്തിയ സെമിനാറില്‍ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്.
മെകോങ് നദീതട മേഖലയില്‍ നിരവധി പേരാണ് യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാന്‍ തയ്യാറായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. പ്രാദേശിക പാര്‍ട്ടി കമ്മിറ്റി മുന്‍ സെക്രട്ടറിയായിരുന്ന ശ്രീ ചിന്‍ നേരത്തെ മാമോദീസയിലൂടെ സത്യ വിശ്വാസം പുല്‍കി. കൊറോണ പകര്‍ച്ചവ്യാധിക്ക് മുന്‍പേ തന്നെ മൈ തൊ രൂപത കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആയിരത്തിഇരുന്നൂറോളം പേര്‍ക്ക് വേണ്ടി പ്രത്യേക വിശുദ്ധ കുര്‍ബാനയും, പ്രാര്‍ത്ഥനയും സംഘടിപ്പിച്ചിരിന്നു. രൂപതകളില്‍ വൈദിക അല്‍മായ വ്യത്യാസമില്ലാത്ത പ്രേഷിത പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്.
കാന്‍ തൊ രൂപതയില്‍ വൈദികരും അല്‍മായരും ഒരുമിച്ചാണ് മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ‘കാ മാവു’വിലെ കായി റാന്‍ മിഷ്ണറി കേന്ദ്രത്തിലെ ഫാ. ങ്ങോ ഫുക് ഹൌ ഇതിനോടകം തന്നെ രണ്ടായിരം പേരെയാണ് മാമോദീസ മുക്കിയത്. ഏതാണ്ട് 4,790 കോണ്‍ക്രീറ്റ് റോഡുകളും, 20 കനാല്‍ പാലങ്ങളും, ഭവനരഹിതരായവര്‍ക്ക് വേണ്ടി ആറ് ഭവനങ്ങളും, മെഡിക്കല്‍ റൂമും, 200 കിണറുകള്‍ നിര്‍മ്മിക്കാനും അദ്ദേഹം ഇടപെടല്‍ നടത്തിയിട്ടുണ്ട്. പതിനായിരത്തോളം അമേരിക്കന്‍ ഡോളറാണ് പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അദ്ദേഹം വര്‍ഷംതോറും ചിലവഴിച്ചു കൊണ്ടിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക