News - 2024
സഭയുടെ പേരില്‍ ഭൂതോച്ചാടനം നടത്തുന്ന അത്മായര്‍ക്ക് വിയറ്റ്‌നാമിലെ മെത്രാന്റെ മുന്നറിയിപ്പ്
പ്രവാചകശബ്ദം 05-06-2022 - Sunday
ഹനോയ്: കത്തോലിക്ക സഭയുടെ പേരില്‍ സഭ അംഗീകരിക്കാത്ത രീതിയില്‍ സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അത്മായ ഭൂതോച്ചാടകര്‍ക്ക് വിയറ്റ്നാമിലെ മെത്രാന്മാരുടെ മുന്നറിയിപ്പ്. സഭയുടെ പേരില്‍ ക്ഷുദ്രോച്ചാടനം നടത്തുന്ന അത്മായര്‍ സഭയിലേക്ക് തിരികെ മടങ്ങണമെന്ന് എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് ഓഫ് വിയറ്റ്‌നാമിന്റെ വിശ്വാസ - സൈദ്ധാന്തിക കമ്മീഷന്റെ തലവനായ മോണ്‍. ജോണ്‍ ഡോ വാന്‍ ഗ്വാന്‍ ഇക്കഴിഞ്ഞ മെയ് 30-ന് പുറത്തുവിട്ട പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. 2015 മുതല്‍ വിയറ്റ്‌നാമിലെ ഡാ ലാറ്റ് രൂപതയിലെ ബാവോ ലോക്ക് ഇടവകയിലെ ഒരു സംഘം വിശ്വാസികള്‍ പിശാച് ബാധ ഒഴിവാക്കുവാന്‍ തങ്ങളെ ദൈവം ചുമതലപ്പെടുത്തിയെന്ന വിശേഷണത്തോടെ ഭൂതോച്ചാടനം നടത്തി വരുന്ന സാഹചര്യത്തിലാണ് മെത്രാന്‍മാരുടെ മുന്നറിപ്പ്. പിശാച് ബാധയുള്ള ഒരാളില്‍ ബാധ ഒഴിവാക്കുവാനുള്ള അതിമാനുഷിക ശക്തി ദൈവം തങ്ങള്‍ക്ക് നല്‍കിയെന്ന് അത്മായര്‍ കരുതുന്നത് ശരിയല്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
“പിതാവായ ദൈവം നേരിട്ട് വെളിപ്പെടുത്തി എന്ന് അവകാശപ്പെടുകയോ, പിതാവായ ദൈവത്തിന്റെ കാര്യദര്‍ശി എന്ന് സ്വയം അവകാശപ്പെടുകയോ ചെയ്യുന്നവന്‍ ക്രിസ്തുവിനെ നിഷേധിക്കുകയാണ് ചെയ്യുന്നത്, അത് കത്തോലിക്കാ വിശ്വാസത്തിനെതിരെയുള്ള ഗുരുതരമായ തെറ്റാണ്. തനിക്ക് തോന്നിയതുപോലെയുള്ള ഭൂതോച്ചാടനമോ, അന്ധവിശ്വാസമോ, മാന്ത്രിക പ്രവര്‍ത്തികളോ ചെയ്യുന്നവര്‍ കത്തോലിക്കാ സഭാ പ്രബോധനങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ്” - മോണ്‍. വാന്‍ ഗ്വാനിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇത്തരം ആളുകള്‍ക്ക് ചില വൈദീകരില്‍ സ്വാധീനം ചെലുത്തുവാനും അതുവഴി കൂടുതല്‍ വിശ്വാസികളെ ഈ തെറ്റിലേക്ക് ആകര്‍ഷിക്കുവാനും കഴിഞ്ഞിട്ടുണ്ടെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇത്തരം പ്രവണതകള്‍ മറ്റ് രൂപതകളിലേക്കും പ്രചരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് നിയമപരമല്ലാതായി പ്രവര്‍ത്തിക്കുന്ന മത സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുവാന്‍ വിയറ്റ്നാം സര്‍ക്കാര്‍ പദ്ധതി ഇട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ ദൈവത്തിന്റെ അജഗണങ്ങളുടെ ഐക്യത്തെ ഇല്ലാതാക്കുന്നതാണ്. ബാവോ ലോക്ക് സംഘത്തില്‍പ്പെട്ടവര്‍ വിശ്വാസത്തിലേക്ക് തിരികെ വരണം. നല്ല ഇടയനായ ക്രിസ്തുവിന്റെ ഐക്യത്തില്‍ ജീവിക്കണമെന്നും ദൈവം നമ്മെ സത്യത്തിലൂടെ നയിക്കുകയും വിശ്വാസത്തില്‍ ഐക്യപ്പെടുത്തുകയും ചെയ്യട്ടെ എന്നാശംസിക്കുകയും ചെയ്തുകൊണ്ടാണ് മോണ്‍. വാന്‍ ഗ്വാനിന്റെ പ്രസ്താവന അവസാനിക്കുന്നത്.