Faith And Reason

തിന്മയുടെ ശക്തികള്‍ക്കെതിരെ ജപമാലയുമായി അമേരിക്കന്‍ ജനത വീണ്ടും തെരുവിലേക്ക്: ‘റോസറി കോസ്റ്റ് ടു കോസ്റ്റ്' ഒക്ടോബര്‍ 18ന്

പ്രവാചക ശബ്ദം 05-09-2020 - Saturday

വിസ്കോണ്‍സിന്‍: രാജ്യത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കു വേണ്ടി ഒരിക്കല്‍ കൂടി അമേരിക്കയിലെ വിശ്വാസി സമൂഹം ജപമാലയുമായി തെരുവുകളിലേക്ക്. തിന്മയുടെ ശക്തികള്‍ക്കെതിരെയുള്ള ആത്മീയ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി വരുന്ന ഒക്ടോബര്‍ പതിനെട്ടിനാണ് അമേരിക്കയിലുടനീളം ‘റോസറി കോസ്റ്റ് ടു കോസ്റ്റ് 2020’ ജപമാല റാലികള്‍ സംഘടിപ്പിക്കുന്നത്. അമേരിക്കയ്ക്കു മുന്‍പത്തേക്കാളുമധികം ഇപ്പോഴാണ് പ്രാര്‍ത്ഥനയുടെ കൂടുതല്‍ ആവശ്യകതയുള്ളെതെന്ന് 'ഹോളി ലീഗ് ഓഫ് നേഷന്‍സ്' പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2020-ല്‍ അമേരിക്ക ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. അക്രമാസക്തമായ പ്രതിഷേധങ്ങള്‍, പകര്‍ച്ചവ്യാധി, കൊള്ള, ദേവാലയങ്ങളുടെയും രാഷ്ട്രത്തിന്റേയും സ്വത്തുക്കളുടെ നശീകരണം, രാഷ്ട്ര പാരമ്പര്യത്തിന്റെ തിരസ്കരണം, കത്തോലിക്ക വിരുദ്ധത, നിയമ സംവിധാനത്തോടുള്ള വെറുപ്പ്, കമ്മ്യൂണിസം, അരാജകത്വം തുടങ്ങിയവയെല്ലാം ഇപ്പോള്‍ അമേരിക്കക്ക് കൂടുതല്‍ പ്രാര്‍ത്ഥനയുടെ ആവശ്യകതയുണ്ടെന്നതിന്റെ തെളിവായി സംഘടന ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭഛിദ്രത്തിന് വേണ്ടിയുള്ള പ്രചാരണം, ദൈവ സൃഷ്ടിയായ മനുഷ്യനെതിരെയുള്ള വെല്ലുവിളി, സ്ത്രീ, വിവാഹം, കുടുംബം എന്നിവയുടെ വിശുദ്ധിക്കെതിരായ വെല്ലുവിളി തുടങ്ങിയവയ്ക്കെതിരെ തങ്ങളുടെ പോരാട്ടം ശക്തമാക്കിയിട്ടുണ്ടെന്നും പ്രസ്താവനയിലുണ്ട്.

എഡി 590ല്‍ റോമില്‍ പൊട്ടിപ്പുറപ്പെട്ട പ്ലേഗിനെ ശമിപ്പിച്ച വിശുദ്ധ ഗ്രിഗറിയുടെ മാതൃകയെ പിന്തുടര്‍ന്നുകൊണ്ട് പരിശുദ്ധ കന്യകാമാതാവിനെ ഒരിക്കല്‍ കൂടി അമേരിക്കയുടെ തെരുവുകളിലേക്ക് കൊണ്ടുവരുവാന്‍ ഹോളി ലീഗിന്റെ ആഹ്വാനത്തില്‍ പറയുന്നു. 2017 ഡിസംബറില്‍ പോളണ്ടില്‍ നടന്ന ‘റോസറി അറ്റ്‌ ദി കോസ്റ്റ് ആന്‍ഡ്‌ ബോര്‍ഡേഴ്സ്’ ജപമാല റാലികളുടെ വിജയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് 2018-ലാണ് അമേരിക്കയില്‍ ‘റോസറി കോസ്റ്റ് റ്റു കോസ്റ്റ്’ ജപമാല റാലി സംഘടിപ്പിക്കുവാന്‍ തുടങ്ങിയത്. അയര്‍ലണ്ട്, ഗ്രേറ്റ് ബ്രിട്ടന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ഭാരതത്തിലും ഇതിന് സമാനമായി ജപമാല റാലികള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »