News - 2024
പത്തുലക്ഷം കുട്ടികളുടെ ജപമാല സമര്‍പ്പണം ‘വണ്‍ മില്യന്‍ ചില്‍ഡ്രന്‍ പ്രേയിംഗ് ദി റോസറി’ ഇത്തവണയും വിജയം
പ്രവാചകശബ്ദം 20-10-2023 - Friday
വത്തിക്കാന്‍ സിറ്റി: “എപ്പോള്‍ പത്തുലക്ഷം കുട്ടികള്‍ ജപമാല ചൊല്ലുന്നുവോ അപ്പോള്‍ ലോകം മാറും” എന്ന വിശുദ്ധ പാദ്രെ പിയോയുടെ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടുകൊണ്ട് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) വര്‍ഷംതോറും സംഘടിപ്പിച്ച് വരുന്ന ജപമാലയജ്ഞം ഇത്തവണയും വിജയം. ഒക്ടോബര്‍ 18ന് സംഘടിപ്പിച്ച ജപമാല സമര്‍പ്പണത്തില്‍ ലോകമെമ്പാടും 9,98,000-ത്തോളം കുട്ടികളാണ് പങ്കെടുത്തത്. വണ്‍ മില്യന്‍ ചില്‍ഡ്രന്‍ പ്രെയിംഗ് ദി റോസറി ജപമാല ക്യാമ്പയിന്റെ ഉത്ഭവസ്ഥാനമായ വിശുദ്ധ നാട്ടില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്നതായിരുന്നു ഇക്കൊല്ലത്തെ ജപമാല ക്യാമ്പയിന്റെ നിയോഗം.
ഫിലിപ്പീന്‍സില്‍ നിന്ന് മാത്രം ഏതാണ്ട് 90,000-ത്തിലധികം കുട്ടികളാണ് ജപമാല ക്യാമ്പയിനില്‍ പങ്കെടുത്തതെന്നു സംഘാടകര്‍ വ്യക്തമാക്കി. സ്ലോവാക്യയില്‍ നിന്നും 86,000 കുട്ടികളും ‘യു.കെ’യില്‍ നിന്നും 46,000 കുട്ടികളും, ഇന്ത്യയില്‍ നിന്നു 14,000 കുട്ടികളും, ഓസ്ട്രേലിയയില്‍ നിന്നും 12,000 കുട്ടികളും അര്‍ജന്റീനയില്‍ നിന്നും 8,000 കുട്ടികളും അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നു ലക്ഷങ്ങള്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ഫാത്തിമ മാതാവിന്റെ സവിധത്തില്‍ നിന്നുക്കൊണ്ട് പോര്‍ച്ചുഗലിലെ കുട്ടികള്‍ ജപമാല ചൊല്ലിയപ്പോള്‍, പോളണ്ടിലെ ഇരുന്നൂറ്റിഎഴുപതിലധികം സ്കൂളുകളില്‍ നിന്നും, കിന്റര്‍ഗാര്‍ട്ടനുകളില്‍ നിന്നുമുള്ള കുട്ടികള്‍ ജപമാല ക്യാമ്പയിനില്‍ പങ്കെടുത്തു. ബ്രസീലിലെ കത്തീഡ്രല്‍ ഓഫ് മരിങ്ങായില്‍ ഏതാണ്ട് ആയിരത്തിലധികം കുട്ടികള്‍ ഒത്തുകൂടി ജപമാല ചൊല്ലി.
പരിപാടിക്ക് 4 ദിവസം മുന്‍പ് ബ്രസീലില്‍ എ.സി.എന്നിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ അഭയഭവനില്‍ നിന്നുള്ള അന്‍പതോളം കുട്ടികള്‍ ലോക പ്രസിദ്ധമായ റിയോ ഡി ജെനീറോയിലെ ക്രൈസ്റ്റ് ദി റെഡീമര്‍ രൂപത്തിന് ചുറ്റും ‘മനുഷ്യ ജപമാല’ക്ക് രൂപം കൊടുത്തിരിന്നു. റുവാണ്ടയിലെ കിബേഹോ, ബ്രസീലിലെ സാവോപോളോ, ലെബനോനിലെ ബെയിത്-ഹബ്ബാക്ക്, പോര്‍ച്ചുഗലിലെ ഫാത്തിമ, മ്യൂണിച്ച് എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ജപമാല ചൊല്ലുന്നത് ജര്‍മ്മനിയിലെ റേഡിയോ ഹൊറേബ് തത്സമയ സംപ്രേഷണം നടത്തിയിരിന്നു. ക്രൈസ്തവര്‍ മതപീഡനത്തിനിരയായികൊണ്ടിരിക്കുന്ന നിക്കരാഗ്വേ, നൈജീരിയ, ഖത്തര്‍, ഇറാന്‍, പാകിസ്ഥാന്‍, വിയറ്റ്നാം പോലെയുള്ള രാഷ്ട്രങ്ങളില്‍ നിന്നുള്ള കുട്ടികളും ജപമാല ക്യാമ്പയിനില്‍ പങ്കെടുത്തു.