Life In Christ
കുമ്പസാര രഹസ്യം വെളിപ്പെടുത്തിയില്ലെങ്കില്‍ തടവെന്ന് ഓസ്ട്രേലിയന്‍ സംസ്ഥാനം: ജയിലില്‍ പോകാന്‍ തയാറെന്ന് വൈദികര്‍
പ്രവാചക ശബ്ദം 10-09-2020 - Thursday
ക്വീൻസിലാൻഡ്: കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വൈദികരെ നിർബന്ധിരാക്കുന്ന നിയമം ഓസ്ട്രേലിയയിലെ ക്വീൻസിലാൻഡ് സംസ്ഥാനത്തിന്റെ പാർലമെന്റ് പാസാക്കി. സഭാ നേതൃത്വത്തിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് ബില്ല് പാസാക്കിയിരിക്കുന്നത്. ബാലപീഡനം തടയുക എന്ന ലക്ഷ്യമാണ് പുതിയ നിയമം നടപ്പാക്കുന്നതിന് പിന്നിലുള്ള കാരണമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ബാല ലൈംഗീക പീഡനം സംബന്ധിച്ച കുമ്പസാര രഹസ്യം റിപ്പോര്‍ട്ട് ചെയ്യാത്ത പക്ഷം മെത്രാന്‍മാരെയും വൈദികരെയും മൂന്നു വര്‍ഷം തടവിലാക്കാന്‍ ബില്ലില്‍ ശുപാര്‍ശയുണ്ട്. ബില്ലിനെ പ്രതിപക്ഷം അനുകൂലിച്ചു രംഗത്തുവന്നെങ്കിലും വൺ നേഷൻ പാർട്ടി എംപി സ്റ്റീഫൻ ആൻഡ്രൂ നിയമത്തെ ശക്തമായി അപലപിച്ചു.
പുതിയ നിയമം പൊതുജന വിശ്വാസത്തിനും, സഹവർത്തിത്വത്തിനും മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണെന്ന് സ്റ്റീഫൻ ആൻഡ്രൂ പറഞ്ഞു. ഇത് മത നേതാക്കൾക്ക് വലിയ ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യായീകരിക്കാൻ സാധിക്കാത്ത പുതിയ നിയമം അനുസരിക്കുന്നതിലും ഭേദം ജയിലിൽ പോകുന്നതാണെന്ന് നിരവധി വൈദികരും, മെത്രാന്മാരും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മെത്രാന്മാരെയടക്കം ജയിലിലടക്കുമ്പോൾ ഒരു സ്വതന്ത്ര ജനാധിപത്യ സംവിധാനത്തിന് കീഴിലാണ് തങ്ങൾ ജീവിക്കുന്നതെന്ന് പൊതുജനത്തിന് എങ്ങനെ വിശ്വസിക്കാൻ സാധിക്കുമെന്ന ചോദ്യവും സ്റ്റീഫൻ ആൻഡ്രൂ ഉയർത്തി.
കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വൈദികരെ നിർബന്ധിക്കുന്നത് ഇപ്പോൾ കുട്ടികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സുരക്ഷയുടെ കാര്യത്തിൽ യാതൊരുവിധ വ്യത്യാസവും വരുത്തില്ലെന്ന് ബ്രിസ്ബൈൻ ആർച്ച് ബിഷപ്പ് മാർക്ക് കോളറിഡ്ജ് ഈ വർഷത്തിന്റെ ആരംഭത്തില്‍ പറഞ്ഞിരുന്നു. കുമ്പസാര രഹസ്യങ്ങളെ സംബന്ധിച്ച സഭയുടെ നിയമത്തിൽ യാതൊരുവിധ മാറ്റവും വരുത്താൻ തയാറല്ലെന്ന് വത്തിക്കാനും ഓസ്ട്രേലിയൻ സർക്കാർ നേതൃത്വത്തെ അടുത്തിടെ അറിയിച്ചിരുന്നു.
അഞ്ചു വര്‍ഷത്തോളം നടത്തിയ അന്വേഷണങ്ങള്‍ക്ക് ശേഷം 2017 അവസാനം റോയല്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കുമ്പസാരത്തിലൂടെ വെളിപ്പെടുന്ന ലൈംഗീക പീഡന രഹസ്യങ്ങള്‍ വൈദികര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദ്ദേശം ആദ്യമായി പുറത്തുവന്നത്. നാനൂറോളം നിര്‍ദ്ദേശങ്ങള്‍ റോയല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതൊഴിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ സഭ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ കുമ്പസാര രഹസ്യം പുറത്തുവിടുന്നതിന് പകരം ജയിലില്‍ പോകാന്‍ തയാറാണെന്നു വൈദികര്‍ ആവര്‍ത്തിക്കുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക