News - 2025

അനുതാപത്തിന്റെ കൂദാശയ്ക്കു 'യൂകാറ്റ് കുമ്പസാര' സഹായി; അനുരഞ്ജന കൂദാശ സ്വീകരിച്ച് പതിനായിര കണക്കിന് യുവജനങ്ങള്‍

പ്രവാചകശബ്ദം 02-08-2025 - Saturday

റോം: വത്തിക്കാനില്‍ നടക്കുന്ന യുവജന ജൂബിലിയോടനുബന്ധിച്ച്, റോമിലെ ചിർക്കോ മാസിമോയിൽ അനുരഞ്ജന കൂദാശ സ്വീകരിച്ച് പതിനായിര കണക്കിന് യുവജനങ്ങള്‍. ഇന്നലെ ആഗസ്റ്റ് ഒന്നാം തീയതി പ്രാദേശിക സമയം രാവിലെ പത്തുമണി മുതൽ നടന്ന അനുരഞ്ജന കൂദാശ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ പതിനായിരകണക്കിന് യുവജനങ്ങളാണ് വലിയ തയാറെടുപ്പ് നടത്തി സ്വീകരിച്ചത്.

യുവജനങ്ങൾക്ക്, കുമ്പസാരത്തിനു ഒരുങ്ങുന്നതിനു യൂകാറ്റ് ഫൗണ്ടേഷന്റെയും, സുവിശേഷവത്ക്കരണ ഡിക്കാസ്റ്ററിയുടെയും സംയുക്താഭിമുഖ്യത്തിൽ 'യൂകാറ്റ് കുമ്പസാരം' എന്ന പുസ്തകത്തിന്റെ പതിനായിരത്തോളം പ്രതികളാണ് സൗജന്യമായി വിതരണം ചെയ്തത്. ഇറ്റാലിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ എന്നിങ്ങനെ വിവിധ ഭാഷകളിൽ ഈ പുസ്തകം ലഭ്യമാക്കി. ജൂബിലിക്കായി എത്തിയ യുവജനങ്ങളെ അനുരഞ്ജനത്തിന്റെ കൂദാശയിലേക്ക് അടുപ്പിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിട്ടത്.

"യേശു നിങ്ങൾക്കായി തുറന്ന കൈകളോടെ കാത്തിരിക്കുന്നു" എന്നാണ് പുസ്തകത്തിന്റെ ആമുഖത്തിൽ, സുവിശേഷവത്ക്കരണ ഡിക്കസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് ആർച്ച് ബിഷപ്പ് റിനോ ഫിസിക്കേലാ കുറിച്ചിരിക്കുന്നത്. യുവജനങ്ങൾക്ക് ദൈവത്തെ കണ്ടുമുട്ടാനുള്ള അവസരമെന്ന നിലയിൽ അനുരഞ്ജന കൂദാശയുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, ദൈവം തന്റെ അനന്തമായ സ്നേഹത്താലും കരുണയാലും നിങ്ങൾക്ക് ഉത്തരം നൽകുന്നതാണ് ഈ കൂദാശയുടെ വ്യത്യസ്തതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യുവജനങ്ങൾ പങ്കെടുക്കുന്ന യുവജന ജൂബിലി വേളയിൽ, വിവിധ സാംസ്കാരിക പരിപാടികൾ, പ്രാർത്ഥനാസമ്മേളനങ്ങൾ, കൂട്ടായ്മകൾ, വിശുദ്ധ വാതിൽ പ്രവേശനം, അനുരഞ്ജനകൂദാശ സ്വീകരണം, ജാഗരണ പ്രാർത്ഥനകൾ, ആരാധനകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നും നാളെയുമാണ് പ്രധാന ആഘോഷം. 2000-ൽ ലോക യുവജന ആഘോഷത്തിനായി ഉപയോഗിച്ചിരുന്ന വലിയ മൈതാനമായ ടോർ വെർഗറ്റയിലാണ് പ്രധാന സംഗമം നടക്കുന്നത്. ഇവിടെ നാളെ നടക്കുന്ന വിശുദ്ധ ബലിയര്‍പ്പണത്തില്‍ ലെയോ പതിനാലാമന്‍ പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »