Youth Zone - 2024
ലോക യുവജന ദിനത്തിനുള്ള ഒരുക്കങ്ങൾ പോർച്ചുഗലിൽ പുനഃരാരംഭിച്ചു
പ്രവാചക ശബ്ദം 10-09-2020 - Thursday
ലിസ്ബണ്‍: കൊറോണ മഹാമാരിയെ തുടര്‍ന്നു തടസ്സപ്പെട്ട ലോക യുവജന ദിനത്തിനുള്ള ഒരുക്കങ്ങൾ പോർച്ചുഗലിൽ പുനഃരാരംഭിച്ചു. പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ സെപ്റ്റംബര്‍ അഞ്ചിനാണ് പുനഃരാരംഭിച്ചത്. 2022 ആഗസ്റ്റിലാണ് സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും, മഹാമാരിയെ തുടര്‍ന്നു 2023 ആഗസ്റ്റിലേക്കു നീട്ടിവെക്കുന്നതായി വത്തിക്കാന്‍ നേരത്തെ വ്യക്തമാക്കിയിരിന്നു. മൂന്നു വർഷത്തിലൊരിക്കൽ നടക്കുന്നതും ദശലക്ഷക്കണക്കിന് ചെറുപ്പക്കാരെ ആകർഷിക്കുന്നതുമായ ലോക യുവജനദിനം, 1985 ൽ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയാണ് ആരംഭം കുറിച്ചത്.
2019 ജനുവരി മാസത്തില്‍ പനാമ സിറ്റിയിൽ നടന്ന അന്താരാഷ്ട്ര ലോക യുവജന സമ്മേളനത്തിൽ എഴുലക്ഷത്തോളം പേരാണ് പങ്കെടുത്തത്. ഇതിന്റെ സമാപനത്തിലാണ് അടുത്ത ലോകയുവജന സമ്മേളനത്തിന്റെ വേദിയായി ലിസ്ബണിനെ മാര്‍പാപ്പ പ്രഖ്യാപിച്ചത്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഫാത്തിമ, ലിസ്ബണിൽ നിന്ന് 75 മൈൽ മാത്രം അകലെയാണ്. ഓശാന ഞായറിനോടനുബന്ധിച്ചു സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ നടക്കേണ്ടിയിരുന്ന പരമ്പരാഗതമായ ലോക യുവജന ദിനത്തിന്റെ കുരിശും, പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം കൈമാറൽ ചടങ്ങും മഹാമാരിയെ തുടര്‍ന്നു മാറ്റിവെച്ചിരുന്നു.
ക്രിസ്തുരാജന്റെ തിരുനാളായ നവംബർ 22നു ഈ ചടങ്ങ് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം തീയതിയില്‍ മാറ്റം വന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുവജനങ്ങളുടെ ജീവിതശൈലി, സംസ്കാര രീതി, ഭാഷ എന്നിവയ്ക്ക് അനുസൃതമായുള്ള ഒരു പരിപാടിയാണ് മുന്നിൽ കാണുന്നതെന്ന് ലിസ്ബണിലെ സഹായ മെത്രാനും, വേള്‍ഡ് യൂത്ത് ഡേ ലിസ്ബൺ 2023 ഫൗണ്ടേഷന്റെ പ്രസിഡന്റുമായ ബിഷപ്പ് അമേരിക്കോ അഗ്യുവർ പറഞ്ഞു. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ പരിശുദ്ധ കന്യാമറിയം എലിസബത്തിന്റെ സന്ദർശിച്ച ഭാഗത്തെ അടിസ്ഥാനമാക്കി “മേരി തിടുക്കത്തിൽ യാത്രയായി” എന്നതാണ് അടുത്ത ലോക യുവജന ദിനത്തിന്റെ പ്രമേയം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക