India - 2025

പിഎസ്‌സി നിയമനങ്ങളില്‍ സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതില്‍ കാലതാമസം ഒഴിവാക്കണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

പ്രവാചക ശബ്ദം 04-10-2020 - Sunday

നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്ത് നിലവില്‍ വന്ന പത്തു ശതമാനം സാമ്പത്തിക സംവരണം (ഇഡബ്ള്യുഎസ് റിസര്‍വേഷന്‍) പിഎസ്‌സി നിയമനങ്ങളില്‍ ബാധകമാക്കികൊണ്ടുള്ള വിജ്ഞാപനം കേരള സര്‍ക്കാര്‍ അടിയന്തിരമായി പുറപ്പെടുവിക്കണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് വിശദമായ നിവേദനം നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയം തുടരുകയാണ്.

സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ 10% സംവരണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് 3-1-2020ല്‍ കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ചുവെങ്കിലും ഇതുമായി ബന്ധപ്പെട്ട കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍സില്‍ ആവശ്യമായ ഭേദഗതികള്‍ ഇതുവരെ വരുത്തിയിട്ടില്ല. ഇതിന്‍റെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ഗുരുതരമായ കാലതാമസം ഉണ്ടായിരിക്കുകയാണ്. ഇതുമൂലം അര്‍ഹരായ അനേകായിരങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുകയാണ്. ഇ ഡബ്ല്യു എസ് സംവരണത്തെ വളരെ പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന പ്രായപരിധി കഴിയാറായ ധാരളം പേരുണ്ട്.

2019ല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലും ഇതര സംസ്ഥാനങ്ങളിലുമുള്‍പ്പടെ പത്തു ശതമാനം സാമ്പത്തിക സംവരണം യാഥാര്‍ഥ്യമായിരുന്നു. എന്നാല്‍, കേരളത്തില്‍ സാമ്പത്തിക സംവരണം അട്ടിമറിക്കുന്നതിനുള്ള സംഘടിതമായ ഗൂഡശ്രമങ്ങള്‍ നടക്കുന്നതായി കമ്മീഷന്‍ വിലയിരുത്തി. സുറിയാനിക്രൈസ്തവരും വിവിധ ഹൈന്ദവ വിഭാഗങ്ങളും ജാതി-മതരഹിതരും എല്ലാം ഉള്‍പ്പെടുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എത്രയും വേഗം നീതി ലഭ്യമാക്കണമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് കേരള സര്‍ക്കാരിനോട് പത്രപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


Related Articles »