India - 2025

കത്തോലിക്ക സഭയ്ക്കുനേരേ അപകടകരമായ ഗൂഢാലോചനകള്‍ മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ടെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

പ്രവാചകശബ്ദം 19-08-2021 - Thursday

കൊച്ചി: സമീപകാലത്ത് കത്തോലിക്ക സഭയ്ക്കുനേരേ അപകടകരമായ ഗൂഢാലോചനകള്‍ മാധ്യമങ്ങളിലൂടെ നടക്കുന്നുവെന്നും സമൂഹം ഇതില്‍ ജാഗ്രത പാലിക്കണമെന്നും തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളിലൂടെ ചില കേന്ദ്രങ്ങള്‍ തങ്ങളുടെ രഹസ്യ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്. സിനിമകളിലൂടെയും നവ സാമൂഹ്യ മാധ്യമങ്ങളിലൂടെയും ആസൂത്രിതമായി വിശ്വാസവിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നു.

ചാനല്‍ ചര്‍ച്ചകളില്‍ സഭയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടര്‍ച്ചയായി ഏകപക്ഷീയമായി അവതരിപ്പിച്ച് നിക്ഷിപ്ത താത്പര്യങ്ങള്‍ അടിച്ചേല്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. വിശ്വാസത്തെ അവഹേളിക്കുന്ന ചിത്രീകരണങ്ങള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സിനിമകളിലൂടെ അവതരിപ്പിക്കുന്നത് ഒരു സമൂഹത്തെ വ്രണപ്പെടുത്തുന്നുവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. നവ മാധ്യമങ്ങളിലൂടെ സംഘടിതമായി ചില വ്യക്തികള്‍ വ്യാജ മേല്‍വിലാസത്തില്‍ പോലും സഭയുടെ പ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്നതും ഗൂഢാലോചനകളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ അവകാശങ്ങള്‍ അര്‍ഹമായ രീതിയില്‍ ക്രൈസ്തവ സമുദായത്തിന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നു ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണത്തില്‍ ആവശ്യപ്പെട്ടു. ആരുടെയും അവകാശങ്ങള്‍ ഹനിക്കാതെ സമുദായത്തിന് അര്‍ഹമായത് ലഭ്യമാക്കണം. ഈശോ എന്ന പേരില്‍ സിനിമ നിര്‍മിച്ച് പോസ്റ്ററുകളിലൂടെ നടത്തുന്ന ചിത്രീകരണങ്ങള്‍ തെറ്റായ സന്ദേശം നല്‍കുന്നുവെന്നും ഇതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നും ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

കത്തോലിക്ക കോണ്‍ഗ്രസ് കര്‍മപദ്ധതികള്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍ അവതരിപ്പിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ട്രഷറര്‍ ഡോ. ജോബി കാക്കശേരി, ഫാ. വര്‍ഗീസ് കുത്തൂര്‍, വൈസ് പ്രസിഡന്റ് ഡോ. ജോസുകുട്ടി ഒഴുകയില്‍, അഡ്വ. പി.ടി. ചാക്കോ, ടെസി ബിജു, രാജേഷ് ജോണ്‍, സെക്രട്ടറി ബെന്നി ആന്റണി എന്നിവര്‍ ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കി.


Related Articles »