Arts

ആദ്യ കൊറിയന്‍ വൈദികനും രക്തസാക്ഷിയുമായ വിശുദ്ധ ആന്‍ഡ്രൂ കിമ്മിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; റിലീസ് നവംബര്‍ 30ന്

പ്രവാചകശബ്ദം 21-11-2022 - Monday

സിയോള്‍: ആദ്യ കൊറിയന്‍ വൈദികനും രക്തസാക്ഷിയുമായ വിശുദ്ധ ആന്‍ഡ്രൂ കിമ്മിന്റെ ജീവിതം സിനിമയാകുന്നു. “ബെര്‍ത്ത്” എന്ന് പേരില്‍ ഇറങ്ങുന്ന സിനിമ നവംബര്‍ 30ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. വൈദികര്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ തലവനായ കര്‍ദ്ദിനാള്‍ ലാസറസ് യു ഹെയുങ്ങ്-സിക്കിന്റെ ശ്രമഫലമായി ഈ ആഴ്ച വത്തിക്കാനില്‍ സിനിമയുടെ പ്രത്യേക പ്രിവ്യു നടന്നു. വിശുദ്ധന്റെ ജന്മദിനത്തിന്റെ ഇരുനൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയില്‍ കൊറിയന്‍ ഉപദ്വീപിലെ കത്തോലിക്ക വിശ്വാസത്തിന്റെ ഉദയത്തേക്കുറിച്ചും പറയുന്നുണ്ട്.

‘അല്‍മാ ആര്‍ട്ട് സെന്റര്‍’ നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ സഹനിര്‍മ്മാതാവും സംവിധായകനും, രചയിതാവും പാര്‍ക്ക് ഹിയുങ്ങ്-ഷികാണ്. സുപ്രസിദ്ധ കൊറിയന്‍ ടെലിവിഷന്‍ നടനായ യൂണ്‍ സി-യൂണാണ് വിശുദ്ധ കിമ്മിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. 1821-ല്‍ ‘കൊറിയയുടെ ബെത്ലഹേം’ എന്നറിയപ്പെടുന്ന സോള്‍മോയിയിലെ പരിവര്‍ത്തിത ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച ആന്‍ഡ്രൂ 1845-ല്‍ ഷാങ്ഹായില്‍വെച്ചാണ് തിരുപ്പട്ട സ്വീകരണം നടത്തുന്നത്. മക്കാവുവിലായിരുന്നു അദ്ദേഹത്തിന്റെ പഠനം. സുവിശേഷവല്‍ക്കരണത്തിനായി നടത്തിയ ശ്രമങ്ങളുടെ പേരില്‍ ജോസിയോണ്‍ സാമ്രാജ്യകാല ഘട്ടത്തില്‍ തടവിലാവുകയും ക്രൂരമായ പീഡനങ്ങള്‍ക്കിരയായി 1846-ല്‍ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ രക്തസാക്ഷിത്വം വരിക്കുകയുമായിരുന്നു.

ദൈവത്തോടും സഹജീവികളോടുമുള്ള വിശുദ്ധന്റെ അഗാധമായ സ്നേഹമാണ് ഇത്തരമൊരു സിനിമക്ക് വഴിയൊരുക്കിയതെന്നും വിശുദ്ധന്റെ അഗാധമായ സ്നേഹം തങ്ങളെ സ്വാധീനിച്ചുവെന്നും നിര്‍മ്മാതാക്കളും, യൂണ്‍ സി-യൂണും ഒരുപോലെ സാക്ഷ്യപ്പെടുത്തി. പഴയതിന് പകരം പുതിയൊരു സംസ്കാരം തുറക്കുവാന്‍ കഴിഞ്ഞവരുടെ പ്രതിനിധിയാണ് വിശുദ്ധ ആന്‍ഡ്രൂ. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തേ ഒരു നായകനായി ആദരിക്കുന്നതെന്നും യൂണ്‍ സി-യൂണ്‍ പറഞ്ഞപ്പോള്‍, കൊറിയയും ലോകവും തമ്മിലുള്ള കൂടിക്കാഴ്ചക്കായി വൈദികന്‍ നടത്തിയ ശ്രമങ്ങളെ കുറിച്ചാണ് സിനിമയുടെ സംവിധായകനായ പാര്‍ക്ക് പറഞ്ഞത്. അദ്ദേഹത്തിന് ആധുനിക യുഗത്തെ കുറിച്ച് അറിയില്ലായിരുന്നുവെങ്കിലും കൊറിയന്‍ ജനതക്കായി ആധുനികത കൊണ്ടുവരുവാന്‍ അദ്ദേഹം വലിയ ശ്രമങ്ങളാണ് നടത്തിയതെന്നും പാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ ആന്‍ഡ്രൂ കിമ്മിന്റെ പിതാവ് ഇഗ്നേഷ്യസ് കിം ജെ-ജുണ്‍, മുത്തച്ഛനായ വാഴ്ത്തപ്പെട്ട പിയൂസ് കിം ജിന്‍-ഹു, അമ്മാവനായ ആന്‍ഡ്രൂ കിം ജോംഗ്-ഹാന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ കിം കുടുംബത്തിലെ 11 പേര്‍ വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ചവരാണ്. ഒരു നൂറ്റാണ്ടിനിടയില്‍ പതിനായിരത്തോളം വിശ്വാസികല്‍ കൊറിയയില്‍ വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ചു. 1886 ആയപ്പോഴേക്കും ഫ്രാന്‍സുമായുള്ള ഉടമ്പടിയെ തുടര്‍ന്നാണ് കത്തോലിക്കര്‍ക്ക് എതിരായ മതപീഡനം അവസാനിച്ചത്. 2014-ല്‍ ഫ്രാന്‍സിസ് പാപ്പ ദക്ഷിണ കൊറിയ സന്ദര്‍ശിച്ച സമയത്ത് 125 കൊറിയന്‍ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »