Faith And Reason - 2024

സൈബര്‍ അപ്പസ്തോലന്‍ കാര്‍ളോയുടെ അവസാന ദിനങ്ങളെക്കുറിച്ചു ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍

പ്രവാചക ശബ്ദം 17-10-2020 - Saturday

അസീസ്സി: ദിവ്യകാരുണ്യ അത്ഭുത പ്രചരണത്തിനായി ജീവിതം നീക്കിവെയ്ക്കുകയും തന്റെ സഹനങ്ങളെ ഫ്രാന്‍സിസ് പാപ്പയ്ക്കും തിരുസഭയ്ക്കും സമര്‍പ്പിച്ചു കൊണ്ട് സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെടുകയും ചെയ്ത സൈബര്‍ അപ്പസ്തോലന്‍ കാര്‍ളോ അക്യൂട്ടിസിന്റെ അവസാന ദിവസങ്ങളെക്കുറിച്ചു വിവരിച്ച് ഡോക്ടര്‍മാര്‍. വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തിന് പിന്നാലെ കാര്‍ളോയെ ചികിത്സിച്ച ഡോക്ടര്‍മാരുടേയും, ആശുപത്രി ചാപ്ലൈന്റേയും വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ മാധ്യമശ്രദ്ധ നേടുന്നത്.

ആശുപത്രിയില്‍ വെച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ കാര്‍ളോക്കുണ്ടായ നിര്‍വൃതിയും, ഭക്തിയും തന്നെ അത്ഭുതപ്പെടുത്തിയെന്നു സെന്റ്‌ ജെറാള്‍ഡ് ആശുപത്രി ചാപ്ലൈനായ ഫാ. സാണ്ട്രോ വില്ല ഇക്കഴിഞ്ഞ ഒക്ടോബര്‍ 13ന് അസീസ്സിയില്‍വെച്ച് നടന്ന ഒരു പരിപാടിയില്‍ പറഞ്ഞു. വാഴ്ത്തപ്പെട്ട അക്യൂട്ടിസ് കോമായിലേക്ക് പോകുന്നതിന്റെ തൊട്ട് മുന്നിലത്തെ ദിവസം കാര്‍ളോക്ക് വിശുദ്ധ കുര്‍ബാന നല്‍കിയത് ഫാ. വില്ലയായിരുന്നു.

വിശുദ്ധ കുര്‍ബാനക്കായി കാര്‍ളോ ദാഹിച്ചിരുന്നപോലെയാണ് ദിവ്യകാരുണ്യം അവനു നല്‍കിയപ്പോള്‍ തനിക്ക് തോന്നിയതെന്നു ഫാ. വില്ല പറയുന്നു. അവന്റെ ജീവിതത്തെക്കുറിച്ച് പഠിച്ചപ്പോള്‍ വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ സജീവ സാന്നിധ്യത്തില്‍ അവന്‍ അഗാധമായി വിശ്വസിച്ചിരുന്നുവെന്ന് തനിക്ക് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെന്റ്‌ ജെറാള്‍ഡ് ആശുപത്രിയിലെ പീഡിയാട്രിക് ക്ലിനിക്കിലെ ഡോക്ടര്‍മാരായ ഡോ. ആണ്ട്രിയ ബിയൊണ്ടിയും, ഡോ. മോംസിളോ ജാന്‍കൊവിച്ചും കാര്‍ളോയേ കുറിച്ചുള്ള തങ്ങളുടെ ഓര്‍മ്മകള്‍ രേഖപ്പെടുത്തിയ പ്രസ്താവന അസീസ്സിയിലെ പരിപാടിയില്‍ വായിച്ചിരിന്നു. തങ്ങളുടെ വാര്‍ഡിലൂടെ പാഞ്ഞുപോയ ഒരുല്‍ക്കയെപ്പോലെയായിരുന്നു കാര്‍ളോ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അവന്റെ നോട്ടത്തില്‍ ധൈര്യവും, സ്നേഹവും, സഹതാപവും ഉണ്ടായിരുന്നുവെന്നും ദൈവത്തിലുള്ള തന്റെ വിശ്വാസം മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കുവാന്‍ കാര്‍ളോ ആഗ്രഹിച്ചിരുന്നുവെന്നും ഡോക്ടര്‍മാര്‍ സ്മരിച്ചു.

മാതാപിതാക്കള്‍ പള്ളിയില്‍ പോകുന്നത് നിറുത്തിയെങ്കിലും ബാലനായ കാര്‍ളോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് നിറുത്തിയിരുന്നില്ല. ആഴ്ചതോറുമുള്ള കുമ്പസാരവും കാര്‍ലോയുടെ പതിവായിരുന്നു. ദിവ്യകാരുണ്യത്തോടുള്ള ഭക്തി പ്രചരിപ്പിക്കുവാന്‍ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ വിവരിക്കുന്ന ഒരു വെബ്സൈറ്റ് തന്നെ കാര്‍ളോ നിര്‍മ്മിച്ചിരുന്നു. 2006 ഒക്ടോബര്‍ 12നു തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട കാര്‍ളോയെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. “സ്വര്‍ഗ്ഗത്തിലേക്കുള്ള എന്റെ അതിവേഗപാതയാണ് വിശുദ്ധ കുര്‍ബാന” എന്ന കാര്‍ളോയുടെ വാക്കുകള്‍ ആലേഖനം ചെയ്ത പെട്ടകത്തിലാണ് അവന്റെ ഹൃദയം തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »