India - 2024

ദളിത് ക്രൈസ്തവര്‍ അനുഭവിക്കുന്നതു കടുത്ത അവകാശ ലംഘനം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

07-11-2020 - Saturday

തിരുവനന്തപുരം: ദളിത് ക്രൈസ്തവര്‍ അനുഭവിക്കുന്നതു കടുത്ത അവകാശ ലംഘനമാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം. ദളിത് കാത്തലിക് മഹാജന സഭ (ഡിസിഎംഎസ്) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദളിത് ക്രൈസ്തവര്‍ക്ക് നാലു ശതമാനം സംവരണത്തിന് അര്‍ഹതയുണ്ടെങ്കിലും ഒരു ശതമാനം സംവരണം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. പുനഃക്രമീകരണത്തിലൂടെ കൂടുതല്‍ സംവരണം ലഭിക്കുന്നതിനുള്ള അവസരമുണ്ടാക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

ദളിത് ക്രൈസ്തവരുടെ കാര്യത്തില്‍ കടുത്ത അനാസ്ഥയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും നീതിയും സമത്വവും നിലനിര്‍ത്തുന്നതിനു സര്‍ക്കാരിനു സാധിക്കണമെന്നും കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു.ദളിത് ക്രൈസ്തവരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ പ്രകടന പത്രികയില്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ എത്രയും വേഗം നടപ്പാക്കണമെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസ് ആവശ്യപ്പെട്ടു.

ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനു ശിപാര്‍ശ ചെയ്യുക, ഭരണഘടനയുടെ സംവരണ തത്വം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിയ ധര്‍ണയില്‍ ഡിസിഎംഎസ് ഡയറക്ടര്‍ ഫാ.ഷാജ്കുമാര്‍, പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍, ജനറല്‍സെക്രട്ടറി എന്‍.ദേവദാസ്, വൈസ് പ്രസിഡന്റ് തോമസ് രാജന്‍, ട്രഷറര്‍ ജോര്‍ജ് എസ്. പള്ളിത്തറ, സിഡിസി ചെയര്‍മാന്‍ വി.ജെ.ജോര്‍ജ്, ഡിസിഎംഎസ് മുന്‍ ഡയറക്ടര്‍മാരായ ഫാ.ജോണ്‍ അരീക്കല്‍, ഫാ. ജോസ് വടക്കേക്കൂറ്റ്, സിഎസ്‌ഐ പ്രതിനിധി ഫാ. ജോസ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ദളിത് ക്രൈസ്തവര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് ഡിസിഎംഎസ് മുഖ്യമന്ത്രിക്കു നിവേദനവും സമര്‍പ്പിച്ചു.


Related Articles »