News - 2025
അലപ്പോയില്‍ കത്തോലിക്ക സ്‌കൂളിനു നേരെ മിസൈല്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍ 25-05-2016 - Wednesday
അലപ്പോ: അലപ്പോയില്‍ പ്രായം ചെന്ന അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരുന്ന സ്‌കൂള്‍ കെട്ടിടത്തിനു നേരെ മിസൈല്‍ ആക്രമണം. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കപ്പൂച്ചീന്‍ സഭാംഗങ്ങളായ വൈദികര്‍ നടത്തുന്ന ടെറാ സാന്റാ മിഡില്‍ സ്‌കൂളിനു നേരെയാണ് ആക്രമണം നടന്നത്. നഗരത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലത്തായിരുന്നു സ്‌കൂള്‍ സ്ഥിതി ചെയ്തിരുന്നത്. നഗരം പിടിക്കുവാന്‍ ഐഎസ് തീവ്രവാദികളും മറ്റ് വിമതരും നടത്തുന്ന ആക്രമണം ഉടന്‍ തന്നെ തങ്ങളിലേക്കും എത്തിച്ചേരുമോ എന്ന ഭീതിയിലാണ് ഇവിടെയുള്ള ക്രൈസ്തവരുടെ ചെറു സമൂഹം.
ഒരു വര്‍ഷം മുമ്പാണു ടെറാ സാന്റാ മിഡില്‍ സ്‌കൂളില്‍ അഭയാര്‍ത്ഥികളായ മുതിര്‍ന്നവരെ താമസിപ്പിക്കുവാന്‍ വൈദികര്‍ സ്ഥലം ഒരുക്കിയത്. സ്‌കൂളില്‍ തന്നെയുള്ള ക്ലാസ് മുറികള്‍ വൈദികര്‍ ഇതിനായി സജ്ജീകരിച്ചു. പ്രായം ചെന്ന 20-ല്‍ അധികം ആളുകള്‍ സുരക്ഷിതരായി കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെ താമസിച്ചിരുന്നു. അഭയാര്‍ത്ഥികള്‍ ഉച്ച തിരിഞ്ഞു വിശ്രമിക്കുകയായിരുന്ന മുറിയിലേക്കു മിസൈല്‍ വന്നു പതിക്കുകയായിരുന്നു. "വലിയ ശബ്ദത്തോടു കൂടിയാണു മിസൈല്‍ വന്നു പതിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാതെയിരുന്ന ആക്രമണത്തില്‍ എല്ലാവരും പകച്ചു പോയി. അലപ്പോ നഗരത്തില്‍ സുരക്ഷിതരായി ആരും തന്നെയില്ലെന്നാണ് ആക്രമണം തെളിയിക്കുന്നത്". ബ്രദര്‍ ഫിരാസ് ലുട്ഡിയുടെ വാക്കുകളാണിത്. സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ അദ്ദേഹമാണ്.
ഹോളി ലാന്റ് മൊണാസ്ട്രി സ്ഥിതി ചെയ്യുന്ന സ്ഥലം ക്രൈസ്തവരുടെ കേന്ദ്രമാണ്. പച്ചപ്പു നിറഞ്ഞ ഈ പ്രദേശത്ത് ധാരളം പേര്‍ വിശ്രമിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനുമായി എത്താറുണ്ട്. വേനല്‍ക്കാലത്തു നിരവധി ക്രൈസ്തവ ഗ്രൂപ്പുകള്‍ ചെറുപ്പക്കാര്‍ക്കായി ഇവിടെ സമ്മര്‍ ക്യാമ്പുകളും മറ്റും സംഘടിപ്പിക്കാറുണ്ട്. ആക്രണം നടന്നതോടെ എല്ലാവരും ഭീതിയിലായിരിക്കുകയാണ്. സമ്മര്‍ ക്യാമ്പുകള്‍ക്കുവേണ്ടിയുള്ള ഒരുക്കങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. കപ്പൂച്ചീന്‍ സഭയ്ക്ക് ഇവിടെ രണ്ടു ദേവാലയങ്ങളും ടെറാ സാന്റാ മിഡില്‍ സ്‌കൂളുമാണ് ഉള്ളത്. ക്രൈസ്തവരെ ലക്ഷ്യം വച്ചുള്ള ആക്രമണം സിറിയയില്‍ പതിവാണ്.
