News - 2025
"കുടുംബത്തിന്റെ സുവിശേഷം, ലോകത്തിന്റെ സന്തോഷം": 2018-ല്‍ ഡബ്ലിനില്‍ നടക്കുന്ന അന്താരാഷ്ട്ര കുടുംബ സമ്മേളനത്തിന്റെ ആപ്തവാക്യം
സ്വന്തം ലേഖകന്‍ 25-05-2016 - Wednesday
ഡബ്ലിന്‍: ഐര്‍ലെന്‍ഡിലെ ഡബ്ലിനില്‍ നടക്കുന്ന അന്താരാഷ്ട്ര കുടുംബ സമ്മേളനത്തിന്റെ തീം പ്രഖ്യാപിച്ചു. 'കുടുംബത്തിന്റെ സുവിശേഷം, ലോകത്തിന്റെ സന്തോഷം' എന്നതാണു 2018-ല്‍ നടക്കുന്ന സമ്മേളനത്തിന്റെ ആപ്തവാക്യം. ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡിയാര്‍മൂയിഡ് മാര്‍ട്ടിന്‍ വത്തിക്കാനില്‍ നടത്തിയ പത്രസമ്മേളനത്തിലാണു കുടുംബദിനത്തിന്റെ ആപ്തവാക്യം പരസ്യപ്പെടുത്തിയത്.
"വിവാഹം, കുടുംബജീവിതം എന്നിവ സംബന്ധിച്ച് സഭയുടെ പ്രബോധനങ്ങളില്‍ വരുത്തേണ്ട കാലോചിതമായ പരിഷ്‌കാരങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. അപ്പോസ്‌ത്തോലിക ഉപദേശങ്ങളുടെ വെളിച്ചത്തിലാകും ഇവ ചര്‍ച്ച ചെയ്യപ്പെടുക". ആര്‍ച്ച് ബിഷപ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഡുബ്ലിനില്‍ നടക്കുന്ന കുടുംബ സമ്മേളനത്തില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കുമെന്നാണു വത്തിക്കാനില്‍ നിന്നും അറിയിച്ചിരിക്കുന്നത്. ഐര്‍ലെന്‍ഡ് സന്ദര്‍ശനവും ഇതോടൊപ്പമാകും നടത്തുക. 1979-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഐര്‍ലെന്‍ഡില്‍ അവസാനം സന്ദര്‍ശനം നടത്തിയ മാര്‍പാപ്പ. വടക്കന്‍ രാജ്യങ്ങളിലേക്കു ചില രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മൂലം ജോണ്‍ പോള്‍ രണ്ടാമനു കടക്കുവാന്‍ കഴിഞ്ഞിരുന്നില്ല. കുടുംബ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തുന്ന ഫ്രാന്‍സിസ് പാപ്പ, ജോണ്‍ പോള്‍ രണ്ടാമനു പൂര്‍ത്തീകരിക്കുവാന്‍ കഴിയാതെ പോയ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനം നടത്തുമെന്നും കരുതപ്പെടുന്നു.
